|    Nov 20 Tue, 2018 2:03 am
FLASH NEWS

അദാലത്തില്‍ 78 കേസുകള്‍പരിഗണിച്ചു; 23 എണ്ണം തീര്‍പ്പാക്കി

Published : 21st December 2017 | Posted By: kasim kzm

കോട്ടയം: വൃദ്ധരായ അമ്മമാരുടെ പരാതികള്‍ കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര. സ്വത്തിനു വേണ്ടി അമ്മമാരെ മാനസികമായും ശാരീരികമായും സമ്മര്‍ദ്ദത്തിലാക്കുന്ന മക്കളുടെയും മരുമക്കളുടെയും കേസുകള്‍ വര്‍ധിച്ചു വരുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 78 കേസുകള്‍ പരിഗണിച്ചു. 23 എണ്ണം തീര്‍പ്പാക്കി. 21 പരാതികളില്‍ പോലിസ് റിപോര്‍ട്ട് തേടി. 34 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് മാറ്റിവച്ചു. കുടുംബ പ്രശ്‌നങ്ങളാണ് അദാലത്തില്‍ കൂടുതലായെത്തിയത്. പെണ്‍മക്കള്‍ പോലും അമ്മമാരോട് ക്രൂരമായി ഇടപെടുന്ന സാഹചര്യമുണ്ട്. വില്‍പ്പത്ര പ്രകാരം ഭര്‍ത്താവ് മക്കള്‍ക്ക് വീതം നല്‍കുകയും അദ്ദേഹത്തിന്റെ മരണശേഷം അമ്മയുടെ പേരിലുളള വിഹിതം എഴുതി വാങ്ങാന്‍ ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോള്‍ അമ്മയെ അപായപ്പെടുത്താന്‍ തുനിയുകയും ചെയ്തുവെന്ന പരാതി കമ്മീഷന്‍ പരിഗണിച്ചു. തൃക്കൊടിത്താനം സ്വദേശിയായ ഈ അമ്മക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് മെയിന്റന്‍സ് ട്രിബ്യൂനലില്‍ നിന്നുള്ള വിധിയുണ്ടായിട്ടും അതു നടപ്പാക്കാന്‍ തയ്യാറാവാതിരുന്ന തൃക്കൊടിത്താനം എസ്എച്ച്ഒയോട് ഇതു സംബന്ധിച്ച വിശദീകരണം തേടി. 49 വര്‍ഷം ഒന്നിച്ചു ജീവിക്കുകയും വാര്‍ധക്യത്തില്‍ അര്‍ഹമായ പരിഗണനയും സുരക്ഷയും ലഭിക്കാതെ പുറന്തളളപ്പെടുന്നുവെന്ന തോന്നലില്‍ സ്വത്തില്‍ അര്‍ഹമായത് ലഭിക്കാന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയ വൃദ്ധയുടെ പരാതിയും അദാലത്തില്‍ പരിഗണിച്ചു.ഇതു തുടര്‍ നടപടികള്‍ക്ക് അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. കാന്‍സര്‍ രോഗിയായിരുന്ന മകളെ മതിയായ പരിചരണം നല്‍കാതെ മരണത്തിലേക്കു തള്ളിവിട്ട മരുമകന്‍ സ്വത്തും തട്ടിയെടുക്കുന്നു എന്ന പരാതിയുമായാണു മറ്റൊരു അമ്മയെത്തിയത്. കോഴി ഫാമും പന്നി ഫാമും നടത്തി പരിസര മലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതിയുമായി എത്തിയ മാലം സ്വദേശികളായ വീട്ടമ്മമാരുടെ പരാതിയില്‍ ഫാം ഉടമയ്ക്ക് മതിയായ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും നടപടി സ്വീകരിക്കാതിരുന്നത് സംബന്ധിച്ച് മണര്‍കാട് പഞ്ചായത്തിനോട് കമ്മീഷന്‍ റിപോര്‍ട്ട് തേടി. അടുത്ത അദാലത്ത് ഈ മാസം 29ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ മീരാ രാധകൃഷ്ണന്‍, ഷൈനി ഗോപി, സി എ ജോസ്, കെ സുരേന്ദ്രന്‍ എന്നിവര്‍ പരാതികള്‍ പരിഗണിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss