|    Feb 23 Thu, 2017 10:23 pm

അദാലത്തില്‍ 52 കേസുകള്‍ തീര്‍പ്പായി ; കുടുംബപ്രശ്‌നങ്ങളില്‍ പരാതിക്കാര്‍ വര്‍ധിക്കുന്നു

Published : 23rd November 2016 | Posted By: SMR

കണ്ണൂര്‍: നിസ്സാര കാര്യങ്ങള്‍ക്ക് പോലും വനിതാകമ്മീഷന് മുന്നില്‍ പരാതിയുമായെത്തുന്ന പ്രവണത കൂടിവരുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്. പറഞ്ഞു തീര്‍ക്കാവുന്ന ചെറിയ കുടുംബപ്രശ്‌നങ്ങള്‍ക്ക് പോലും വിവാഹമോചനം തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കാര്യങ്ങള്‍ പുനപരിശോധിക്കാനുള്ള ശ്രമം പോലും ഉണ്ടാവുന്നില്ല. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് പരിഗണിച്ച രണ്ട് കേസുകളില്‍ ഒന്നില്‍ പിരിയാന്‍ തീരുമാനിച്ചെത്തിയ കുടുംബത്തെ വീണ്ടും ഒന്നിപ്പിച്ച് തിരിച്ചയയ്ക്കാന്‍ കഴിഞ്ഞതായും മറ്റൊന്നില്‍ വാങ്ങിയ സ്വര്‍ണം ഉള്‍പ്പെടെ തിരിച്ചുനല്‍കി ബന്ധം വേര്‍പെടുത്താന്‍ തീരുമാനമായതായും കണ്ണൂരില്‍ നടന്ന സിറ്റിങില്‍ കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു.സ്‌കൂളുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പ് പോലുമില്ലാതെ പിരിച്ചുവിട്ടതായി കാണിച്ച് ഡോക്ടര്‍മാരുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്്. പോലിസിനെതിരായ പരാതികളും വര്‍ധിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനെന്ന പേരില്‍ പോലിസ് ബുദ്ധിമുട്ടിക്കുന്നതായാണ് പരാതിയില്‍ അധികവും. എന്നാല്‍ പരാതിക്കാര്‍ സിറ്റിങി ല്‍ ഹാജരാവാത്തതിനാല്‍ കേസുകള്‍ പരിഗണിക്കാനായില്ലെന്നും കമ്മീഷന്‍ അംഗം അറിയിച്ചു.എരുവേശ്ശി പഞ്ചായത്തില്‍ പൊതു ശുചിമുറി ഇല്ലെന്നും എത്രയും പെട്ടെന്ന് ശുചിമുറി സ്ഥാപിക്കണമെന്നും കാണിച്ച് യുവതി നല്‍കിയ പരാതി പഞ്ചായത്ത് പ്രതിനിധികള്‍ എത്താത്തതിനെ തുടര്‍ന്ന് മാറ്റിവച്ചു. തൊഴിലിടങ്ങളിലെ മാനസിക പീഡനം, വസ്തുതര്‍ക്കം, അയല്‍പ്പക്ക പ്രശ്‌നം തുടങ്ങിയവയാണ് പരിഗണിച്ച കേസുകള്‍ ഏറെയും. കണ്ണൂര്‍ കലക്്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 75 കേസുകള്‍ പരിഗണിച്ചതില്‍ 52 എണ്ണം തീര്‍പ്പാക്കി. 8 കേസുകളില്‍ പോലിസിന്റെ റിപോര്‍ട്ട് തേടി. 11 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. 4 കേസുകള്‍ ഫുള്‍ ബഞ്ച് കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക