|    Apr 21 Sat, 2018 9:29 am
FLASH NEWS

അദാലത്തില്‍ പരാതി പ്രവാഹം; 151 എണ്ണത്തില്‍ തീര്‍പ്പ്‌

Published : 13th July 2017 | Posted By: fsq

 

വടകര: നഞ്ചഭൂമിയില്‍ കെട്ടിടം പണിയുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ പരാതികളുടെ പ്രവാഹം. വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ചൊവ്വാഴ്ച നടന്ന അദാലത്തില്‍ വടകര മുനിസിപ്പാലിറ്റിയിലെയും തൂണേരി, വടകര, കുന്നുമ്മല്‍, തോടന്നൂര്‍ ബ്ലോക്കുകളിലെ 23 പഞ്ചായത്തുകളുടെയും കീഴിലുള്ള പരാതികളാണ് സ്വീകരിച്ചത്. പല പരാതികളും കലക്ടര്‍ ഇടപെട്ട് പഞ്ചായത്തിലേക്ക് തന്നെ തിരിച്ചയച്ചു. നഞ്ചഭൂമി സംബന്ധിച്ച് തീര്‍പ്പ് കല്‍പ്പിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവരടങ്ങിയ കമ്മിറ്റി നിലവിലുണ്ട്. എന്നാല്‍ ഭൂരിഭാഗം പഞ്ചായത്തിലും ഇതിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ജില്ലാ ഭരണ കൂടത്തിന് മുന്നില്‍ പരാതികള്‍ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. ഈ കമ്മിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് അദാലത്തിന് നേതൃത്വം വഹിച്ച ജില്ലാ കലക്ടര്‍ യുവി ജോസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരെ വെറുതെ അദാലത്തിലേക്ക് വരാനിടയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി ഇത്തരം യോഗങ്ങള്‍ ചേരണമെന്ന് ഉദ്യോസ്ഥര്‍ക്ക് കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. നഞ്ചഭൂമിയെ ചൊല്ലി വീടെടുക്കാന്‍ ആളുകള്‍ പ്രയാസപ്പെടുകയാണ്. ഇതിന് അദാലത്തില്‍ പരിഹാരമുണ്ടാകുമെന്ന് കരുതിയവര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം. ഇന്നലെ നടന്ന അദാലത്തില്‍ 453 അപേക്ഷകരുടെ പരാതിയിലാണ് നടപടി സ്വകരിച്ചത്. ഇതില്‍ 151 പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച് അനുമതി നല്‍കിയിട്ടുണ്ട്. 213 എണ്ണത്തിന്റ കാര്യത്തില്‍ പുനപരിശോധനക്ക് വേണ്ടി മാറ്റിവെച്ചു. 89 അപേക്ഷകള്‍ തള്ളുകയും ചെയ്തു. സംശയം പ്രകടിപ്പിച്ച് മാറ്റിവച്ചിട്ടുള്ള 2009ന് മുമ്പുള്ള പരാതികളില്‍ ഉടന്‍ തീര്‍പ്പ് ഉണ്ടാക്കണമെന്നും ഇത്തരം തടസങ്ങള്‍ നിലനില്‍ക്കുന്ന തൂണേരി, ഏറാമല, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലെ പരാതിക്കാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ജൂലായ് 25ന് കലക്ടറുടെ ഓഫിസില്‍ വിളിച്ചുചേര്‍ക്കും. അകാരണമായി പരാതിയിന്‍മേല്‍ നടപടി എടുക്കാതെ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അദാലത്ത് പരിപാടിക്കിടെ കലക്ടറുടെ ഫോണിലൂടെ വകുപ്പ് പ്രിന്‍സിപ്പല്‍ സിക്രട്ടറി പരസ്യമായി സദസ്സിനെ അറിയിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഡിഎം ടി ജനില്‍ കുമാര്‍, ആര്‍ഡിഒ ഷാമില്‍ സെബാസ്റ്റ്യന്‍, എല്‍ആര്‍ കൃഷ്ണന്‍ കുട്ടി, ടൗണ്‍ പ്ലാനര്‍ മാലിക്, എടി ശ്രീധരന്‍, ബേബിബാലബ്രത്ത്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സിക്രട്ടറി, കൃഷി ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss