|    Jul 16 Mon, 2018 2:14 pm
FLASH NEWS

അദാലത്തിലെത്തിയ പരാതികളിലേറെയും ചുവപ്പുനാടയില്‍ കുരുങ്ങി

Published : 10th August 2017 | Posted By: fsq

 

തിരുവല്ല: റേഷന്‍ കാര്‍ഡ്്, റോഡ്, കൂര അദാലത്തിലെത്തിയ പരാതികളിലേറെയും ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് സംഭവിച്ചത്. 62 കാരിയും വിധവയുമായ തുകലശേരി കൊച്ചുത്തേക്ക് പറമ്പില്‍ ആനന്ദവല്ലി തനിച്ചാണ് താമസിക്കുന്നത്. അയലത്തെ വീടുകളില്‍ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. പക്ഷേ  ഇവരുടെ റേഷന്‍കാര്‍ഡ്  പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ്.  ഇതൊന്ന് മുന്‍ഗണനാ വിഭാഗത്തില്‍ ആക്കാനായി കയറിയിറങ്ങാത്ത വാതിലുകളില്ല. തിരുവല്ലയില്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അദാലത്ത് നടത്തുന്നതറിഞ്ഞ് തന്റെ സങ്കടങ്ങളുമായി ആനന്ദവല്ലി നേരിട്ടെത്തി കലക്ടറെ കണ്ട് പരാതി നല്‍കി. ആനന്ദവല്ലിയുടെ കാര്‍ഡ് എത്രയും വേഗം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. 20 കൊല്ലം മുമ്പ്് ശരീരം മുഴുവന്‍ പൊള്ളിയ കഥകളും അവര്‍ പങ്കുവച്ചു. തുടര്‍ ചികില്‍സയ്ക്കായി മുഖ്യമന്ത്രിയുടെ ധനസഹായത്തിന് അപേക്ഷിക്കണമെന്നും കലക്ടര്‍ ആനന്ദവല്ലിയോട് ഉപദേശിച്ചു. ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കാന്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. ഇന്നേവരെ ഇത്തരത്തില്‍  പരാതികേള്‍ക്കാന്‍പോലും ആരും കൂട്ടാക്കിയിട്ടില്ലെന്നും ജില്ലയുടെ ഭരണസാരഥി തന്റെ ആവലാതികള്‍ മുഴുവന്‍ ശ്രദ്ധയോടെ കേട്ടതുതന്നെ വലിയകാര്യമാണെന്നും ആനന്ദവല്ലി നിറകണ്ണുകളോടെ പറഞ്ഞു. ക്രച്ചസിന്റെ സഹായമില്ലാതെ ഒരടി നടക്കാന്‍ സാധിക്കാത്ത കടപ്ര പുളിമൂട്ടില്‍ പടിയില്‍ മുഹമ്മദ് നിസാറിന്  തന്റെ വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കണം എന്നതായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് നിസാര്‍ പരിഭവപ്പെട്ടു. ഭാര്യയും വൃദ്ധയായ മാതാവും മാത്രമാണ് വീട്ടിലുള്ളത്. മഴക്കാലത്ത് വെള്ളക്കെട്ടാണ്, നാട്ടുകാര്‍ എടുത്താണ് തന്നെ റോഡിലെത്തിക്കുന്നതെന്നും നിസാര്‍ പരാതിപ്പെട്ടു. നിരണം പഞ്ചായത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിസാറിന്റെ വീടിന് മുന്നില്‍ സഞ്ചാരയോഗ്യമായ വഴിയൊരുക്കുന്നകാര്യം പരിഗണിക്കുന്നതിനുള്ള ശുപാര്‍ശ നിരണം പഞ്ചായത്ത് സമിതിക്ക് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. റോഡ് പുറമ്പോക്കില്‍ കഴിയുന്ന പട്ടണത്ത് പുത്തന്‍പുരയ്ക്കല്‍ പി ജെ ജോര്‍ജിന് സ്വന്തമായി ഒരു വീടുവേണം. നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരമായില്ലെന്ന് ജോര്‍ജ് പറഞ്ഞു. സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം ജോര്‍ജിന് വീട് ലഭ്യമാക്കുന്നതിന് അര്‍ഹത പരിശോധിച്ച് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss