|    Sep 20 Wed, 2017 4:09 am
FLASH NEWS

അത്യാധുനിക മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങണമെന്ന്

Published : 11th July 2016 | Posted By: SMR

കോട്ടയം: കാലവര്‍ഷം ശക്തിപ്പെട്ടതോടെ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ ജനങ്ങള്‍ രോഗഭീതിയില്‍.ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിലും മാലിനജലം ശേഖരിക്കുന്നതിലും സംഭവച്ചിട്ടുള്ള അപകാതകളാണ് രോഗഭീതിക്ക് ഇടയാക്കിരിക്കുന്നത്.ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മലിന്യങ്ങള്‍ പരിസരത്ത് കുന്നുകൂടുകയാണ്. എന്നാല്‍ ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മലിന ജലം പ്രദേശത്തെ തോടുകളിലും പാടശേഖരങ്ങളിലും ഒഴുകിയെത്തുന്നത് പ്രദേശവാസികളുടെ കുടിവെള്ള സ്രോതസുകള്‍ മലിനപ്പെടുന്നതിന് കാരണമായിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള അത്യാധുനിക മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണം നടത്തിയെങ്കിലും ഇതുവരെ പൂര്‍ത്തീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ആശുപത്രിയില്‍ നിന്നും ദിനംപ്രതി എട്ട് ദശലക്ഷം ലിറ്റര്‍ മലിനജലം പുറന്തുള്ളുന്നതായാണ് കണക്ക്. ഇങ്ങനെ പുറന്തള്ളുന്ന മലിനജലം ശുദ്ധികരിച്ച് തിരികെ ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രി കോമ്പൗണ്ടിലെ കപ്പ അടക്കമുള്ള കൃഷിക്കും ഉപയോഗിക്കുന്ന തരത്തിലുള്ള അത്യാധുനിക മലിനജല ശുദ്ധികരണ പ്ലാന്റ് ഏര്‍പ്പെടുത്തുകയെന്നതാണ് പദ്ധതി.
എന്നാല്‍ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ മുടിയൂര്‍ക്കര ഭാഗത്ത് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച എട്ട് കോടി മുടക്കി പ്ലാന്റിന്റെ നിര്‍മാണം നടത്തിയിട്ടുണ്ടെങ്കിലും മലിനജലം ശുദ്ധീകരിച്ചതിനുശേഷം തിരികെ ശുദ്ധീകരിക്കപ്പട്ട വെള്ളം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇതുവരെ ഏര്‍പ്പെടുത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്നും പുറന്തള്ളുന്ന മലിന ജലം പ്ലാന്റിലെത്തിച്ച ശേഷം സമീപത്തെ തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിടുകയാണ്.
ഈ മലിനജലം ഒഴുകി സമീപത്തെ കുടിവെള്ള സ്രോതസുകളിലും പെണ്ണാര്‍തോട്ടിലും തരിശ് പാടശേഖരത്തിലും പതിക്കുന്നതിനാല്‍ സമീപവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്. തുറസായ സ്ഥലത്തേക്ക് പ്ലാന്റില്‍ നിന്നുള്ള ജലം പുറത്തേക്ക് ഒഴുക്കുന്നതിനെതിരെ സമീപവാസി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു.
പ്ലാന്റില്‍ നിന്നും ജലം തുറസായ സ്ഥലത്തുകൂടി ഒഴുക്കാതെ പൈപ്പുവഴി ഒഴുക്കണമെന്നായിരുന്നു അയല്‍വാസിയുടെ ആവശ്യം.
എന്നാല്‍ പൈപ്പു ഉപയോഗിക്കാതെ ഇപ്പോഴും പ്ലാന്റില്‍ നിന്നും തുറസായ സ്ഥലത്തേക്ക് പഴയപടി തന്നെയാണ് ജലം ഒഴുക്കുന്നത്. ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മലിനജലം പൈപ്പുവഴി മുടിയൂര്‍ക്കരിയിലെ പ്ലാന്റിനോട് ചേര്‍ന്നുള്ള വലിയ കുളത്തില്‍ ശേഖരിക്കും. ഈ മലിനജലം ശുദ്ധികരിക്കുന്നതിന് വിവിധ സംവിധാനങ്ങള്‍ തയാറാക്കിട്ടുള്ള എട്ട് ചെറിയ പ്ലാന്റ് വഴി കടത്തി വിട്ട് ശുദ്ധീകരിക്കുന്നതിനാണ് പദ്ധതി.
നിലവില്‍ വലിയ കുളത്തില്‍ ശേഖരിച്ച് പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന ജലം വേണ്ടത്ര ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനമില്ല. പ്ലാന്റിനോട് ചേര്‍ന്ന് ലാബോറട്ടറിക്കായ് മുറി പണിത് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും ലാബിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പ്ലാന്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള ഓഫിസ് സംവിധാനങ്ങളും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പ്ലാന്റിന്റെ ഉദ്ഘാടനവും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പുതിയ സുപ്രണ്ട് ചാര്‍ജെടുത്തത്തോടെ മാലിന്യ പ്രശ്‌നങ്ങള്‍ സൂപ്രണ്ടിന് മുന്നില്‍ അവതരിപ്പിക്കാനാണ് ജനങ്ങളുടെ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക