|    Dec 10 Mon, 2018 5:22 pm
FLASH NEWS
Home   >  Editpage  >  Editorial  >  

അത്യന്തം ഹീനമായ കൊലപാതകം

Published : 7th September 2017 | Posted By: fsq

 

ബംഗളൂരുവിലെ പ്രഗല്ഭ മാധ്യമ-പൗരാവകാശ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ വധം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. രാത്രി കാറില്‍ നിന്ന് ഇറങ്ങി വീട്ടിലേക്കു പോവുന്നതിനിടെ പിന്തുടര്‍ന്നുവന്ന അജ്ഞാത തോക്കുധാരികള്‍ അവരെ കൃത്യമായി വെടിവച്ചു വീഴ്ത്തുകയായിരുന്നു. പ്രശസ്ത എഴുത്തുകാരനായ എം എം കല്‍ബുര്‍ഗിയെ രണ്ടു വര്‍ഷം മുമ്പ് വെടിവച്ചുകൊന്ന അതേ രീതിയിലാണ് നല്ല പരിശീലനം ലഭിച്ച കൊലപാതകികള്‍ ലങ്കേഷിനു നേരെ നിറയൊഴിച്ചത്. കന്നഡ കവിയും നാടകകൃത്തുമായിരുന്ന പി ലങ്കേഷിന്റെ പുത്രി, പിതാവ് തുടങ്ങിവച്ച ലങ്കേഷ് പത്രികയുടെ അതേ പാരമ്പര്യം തുടര്‍ന്നുകൊണ്ടാണ് ഗൗരി ലങ്കേഷ് പത്രിക പ്രസിദ്ധീകരിച്ചിരുന്നത്. ജാതിബോധത്തിനും മതവര്‍ഗീയതയ്ക്കുമെതിരേ ശക്തമായി പടപൊരുതിയ വാരികയെന്ന നിലയില്‍ അതു ഹിന്ദുത്വ ഫാഷിസത്തെ പൊളിച്ചെഴുതി. ദലിതുകളുടെ മുന്നേറ്റത്തെ ശക്തമായി പിന്തുണയ്ക്കുകയും സംഘപരിവാരത്തിന്റെ കാപട്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്തതിനാല്‍ സമീപകാലത്തായി അവര്‍ സമൂഹത്തെ ഭയപ്പെടുത്തിനിര്‍ത്തുന്ന ദുശ്ശക്തികളെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു എന്നു കാണാം. മുസ്‌ലിം നവസാമൂഹിക പ്രസ്ഥാനങ്ങളും നേതാക്കളുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുംവിധം കൃത്യവും സുതാര്യവുമായിരുന്നു അവരുടെ രാഷ്ട്രീയം. ദേശീയതലത്തിലും അല്ലാതെയും പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായും കൈകോര്‍ക്കുന്നതിന് അവര്‍ തയ്യാറായി. ആള്‍ക്കൂട്ട കൊല, കലാപം, വംശഹത്യ തുടങ്ങിയ അക്രമങ്ങളിലൂടെ രാഷ്ട്രീയാധികാരം കൈക്കലാക്കുന്നതാണ് ശരിയെന്നു കരുതുന്ന സംഘങ്ങള്‍ക്ക് ഇത്തരം വിമര്‍ശകരുമായി സംവാദം നടത്തുന്നതില്‍ താല്‍പര്യം കാണുമെന്നു പ്രതീക്ഷിച്ചുകൂടാ. അതുകൊണ്ടാണ് ധബോല്‍ക്കറെയും പന്‍സാരയെയും നിശ്ശബ്ദരാക്കിയ രീതിയില്‍ ചൊവ്വാഴ്ച ഘാതകര്‍ ഗൗരി ലങ്കേഷിനു നേരെ കാഞ്ചി വലിച്ചത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം വിനീതവിധേയരായ മാധ്യമപ്രവര്‍ത്തകരെ ഉപയോഗിക്കുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വളരെയേറെ വര്‍ധിച്ചു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണിയുണ്ട്.ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രത്യേകിച്ചൊരു നടുക്കവും പ്രകടിപ്പിക്കാത്ത സംഘപരിവാരത്തിന്റെ സൈബര്‍ പോരാളികള്‍, ഈ വധം അവര്‍ അര്‍ഹിക്കുന്നുവെന്ന രീതിയിലാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പെന്ന രീതിയിലും പ്രതികരണങ്ങളുണ്ടാവുന്നുണ്ട്. ഇതില്‍നിന്നെല്ലാം ഭരണകക്ഷിയുടെ മനസ്സിലിരിപ്പ് എന്താണെന്നു വ്യക്തമാവും. എന്നാല്‍, രക്തസാക്ഷികള്‍ മരിക്കുന്നില്ലെന്നും അവര്‍ ചരിത്രത്തിന്റെ ഗതി നിര്‍ണയിക്കുമെന്നും ഈ വിഡ്ഢികള്‍ക്ക് അറിയുമെന്നു പ്രതീക്ഷിച്ചുകൂടാ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss