|    Mar 24 Fri, 2017 7:29 am
FLASH NEWS

അത്തിയടുക്കത്ത് കാട്ടാനശല്യം രൂക്ഷം; ജനം ഭീതിയില്‍

Published : 17th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: അതിര്‍ത്തി ഗ്രാമമായ ബളാല്‍ പഞ്ചായത്തിലെ അത്തിയടുക്കത്ത് കാട്ടാനകൂട്ടത്തിന്റെ ആക്രമണം ശക്തമായതോടെ ജനങ്ങള്‍ ഭീതിയില്‍. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ഏഴ് തവണയാണ് കാട്ടാനകൂട്ടം ഇറങ്ങി കൃഷിനശിപ്പിച്ചത്. രാത്രികാലങ്ങളില്‍ കാടിറങ്ങുന്ന ആനകൂട്ടം കൂട്ടമായെത്തി ജനങ്ങളില്‍ ഭീതിവിതയ്ക്കുകയാണ്. അതുകൊണ്ട് തന്നെ കോളനിവാസികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. അത്തിയടുക്കത്തെ 53ഓളം ആദിവാസി കുടുംബങ്ങളില്‍ പത്ത് കുടുംബങ്ങള്‍ വനാതിര്‍ത്തിയോട് ചേര്‍ന്നാണ് താമസിക്കുന്നത്. നാല് വര്‍ഷം മുമ്പ് നിര്‍മിച്ച വനാതിര്‍ത്തിയിലെ സോളാര്‍ വേലികള്‍ കാട്ടാനകൂട്ടം നശിപ്പിച്ചിരുന്നു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കുതിരുമ്മല്‍ മോഹനന്റെ കൃഷിയിടം പൂര്‍ണ്ണമായും കാട്ടാനകൂട്ടം നശിപ്പിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പോലും ഒറ്റയാന്റെ അക്രമം ഈ പ്രദേശങ്ങളില്‍ പതിവാണ്. ഏതാനും ദിവസം മുമ്പ് ഒറ്റയാന്റെ അക്രമത്തില്‍ നിന്നും ഒരു യുവതി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാട്ടാനകളെ പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചുമാണ് നാട്ടുകാര്‍ വനത്തിലേക്ക് തിരിച്ചയക്കുന്നത്. കാട്ടാനകളുടെ ശല്യംനിമിത്തം രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും കോളനിവാസികള്‍ ഭയക്കുകയാണ്. കൂട്ടമായെത്തുന്ന കാട്ടാനകള്‍ മണിക്കൂറുകളോളം നാശംവിതച്ച് പുലര്‍ച്ചെയാണ് തിരിച്ചുപോകുന്നത്. ജില്ലയിലെ ഓടക്കൊല്ലി, ദേലമ്പാടി മേഖലകളിലും കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. കര്‍ണാടക വനത്തില്‍ നിന്നും കാട്ടുപോത്ത് കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനിയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. പട്ടയങ്ങാനം, ബേളൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെ കാട്ടുപോത്ത് കടന്നുപോയതായി നാട്ടുകാര്‍ പറയുന്നു. അതിര്‍ത്തി മേഖലയില്‍ കുരങ്ങും കാട്ടുപന്നിയും കൃഷിനശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈസ്റ്റ് എളേരി, ബളാല്‍, ദേലമ്പാടി, പനത്തടി തുടങ്ങിയ പഞ്ചായത്തുകളില്‍ കാട്ടാനകള്‍ കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് വരുത്തിയത്. കാട്ടുപന്നിയുടെ കുത്തേറ്റ് നിരവധി ആളുകള്‍ ചികില്‍സ തേടിയിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ സേ ാളാര്‍ വേലി നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും സൗരോര്‍ജവേലി യാഥാര്‍ത്ഥ്യമായില്ല. കാട്ടുമൃഗങ്ങളുടെ ശല്യം നിമിത്തം അതിര്‍ത്തി മേഖലയിലെ കര്‍ഷകര്‍ കൃഷിയിറക്കാന്‍ പോലും മടിക്കുകയാണ്. പ്രകൃതി ക്ഷോഭത്തില്‍ കൃഷിനാശം വന്നാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാറുണ്ടെങ്കിലും കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷിനശിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാറില്ല.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക