|    Jun 24 Sun, 2018 2:35 pm
FLASH NEWS

അത്തിപ്പൊറ്റ പുതിയ പാലം നിര്‍മാണം പുരോഗമിക്കുന്നു

Published : 23rd January 2017 | Posted By: fsq

 

ആലത്തൂര്‍: ആലത്തൂര്‍  ലക്കിടി പാതയില്‍ ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള അത്തിപ്പൊറ്റ പുതിയ പാലം പണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മൂന്ന് തൂണുകളുടെ  മുകളിലേക്കുള്ള നിര്‍മാണം പൂര്‍ത്തിയായി. ഒരു സ്പാന്‍ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 80 മീറ്റര്‍ നീളവും 11.50 മീറ്റര്‍ വീതിയും പുതിയ പാലത്തിനുണ്ടാകും. ഇരുവശത്തും 1.75 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ടാകും. എട്ട് കോടി രൂപയാണ് പദ്ധതിക്കായി അടങ്കല്‍ തുക കണക്കാക്കിയത്.16 മാസമാണ് നിര്‍മാണത്തിന് അനുവദിച്ച സമയം. എന്നാല്‍ പരമാവധി ആറ് മാസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് കരാറുകാരുടെ ശ്രമം. നടുവില്‍ രണ്ടും ഇരുകരകളില്‍ രണ്ടും തൂണുകള്‍ വീതമാണ് പുതിയ പാലത്തിന്. പഴയപാലത്തേക്കാള്‍ 50 സെന്റീമീറ്റര്‍ ഉയരം തൂണുകള്‍ക്ക് ഉണ്ടാകും. അടിത്തറയ്ക്ക് മുകളിലേക്ക് പാത നിരപ്പിലേക്ക്  6.40 മീറ്ററാണ് തൂണിന്റെ ഉയരം. രണ്ടര മീറ്റര്‍ കനത്തില്‍ ബീമും സ്ലാബും ഇതിന് മുകളില്‍ വരും. പഴയ പാലം പൊളിച്ചതോടെയുണ്ടായ ഗതാഗതപ്രശ്‌നത്തിന് പരിഹാരമായി പുഴയിലൂടെ നവംബര്‍ ഒമ്പതിന് ഉച്ചയോടെ തുറന്ന താല്‍ക്കാലിക പാത പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ആശ്വാസമായിരുന്നു. ആലത്തൂരില്‍ നിന്ന് അത്തിപ്പൊറ്റ മാങ്ങോട്ടുകാവ്, തരൂര്‍, പഴമ്പാലക്കോട്,ചൂലനൂര്‍ മയില്‍ സങ്കേതം, തിരുവില്വാമല, കുത്താമ്പുള്ളി, ലക്കിടി, ഒറ്റപ്പാലം ഭാഗത്തേക്കുള്ള പ്രധാന പാത എന്നിവ കടന്നു പോകുന്നത് അത്തിപ്പൊറ്റ പാലത്തിലൂടെയാണ്. ഈ പ്രാധാന്യം കണക്കിലെടുത്താണ് 45 ഓളം സ്വാകര്യ ബസ്സുടമകളും അഞ്ചോളം ക്രഷര്‍ ഉടമകളും ചേര്‍ന്ന് താല്‍ക്കാലിക പാത ആസൂത്രണം ചെയ്തത്. പട്ടാമ്പിയിലെ ജെപി കണ്‍സ്ട്രക്ഷനാണ് പുതിയപാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss