|    Jun 18 Mon, 2018 1:10 pm
FLASH NEWS

അത്തിപ്പൊറ്റ പാലം ഇന്നുമുതല്‍ പൊളിച്ചുതുടങ്ങും

Published : 14th October 2016 | Posted By: Abbasali tf

ആലത്തൂര്‍: അറുപത് കൊല്ലം പഴക്കമുള്ള ഗായത്രിപ്പുഴയ്ക്കു കുറുകെയുള്ള അത്തിപ്പൊറ്റ പാലം ഇന്ന് മുതല്‍ പൊളിച്ചു തുടങ്ങും. പുതിയ പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പാലം പൊളിച്ചു നീക്കുന്നത്. എന്നാല്‍ ഇത് പ്രദേശത്തെ ജനത്തെ ദുരിതത്തിലാക്കുമെന്നാണ് നാട്ടുകാരുടെ പരാതി.  പാലം പൊളിച്ചു പണിയുന്നതിനാല്‍ സര്‍വീസ് ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പത്തനാപുരം തോണിപ്പാടം വഴി തിരിച്ചുവിടും. ഇതു വഴിയുള്ള വാഹന ഗതാഗതം കാവശ്ശേരി പരയ്ക്കാട്ടുകാവിന് സമീപം വടക്കേനടയില്‍  നിന്ന് പത്തനാപുരം പാലം, തോണിപ്പാടം വഴി അത്തിപ്പൊറ്റ പാലത്തിന് അപ്പുറത്ത് എത്താം. 1957ല്‍ നിര്‍മിച്ചതാണ് അത്തിപ്പൊറ്റ പാലം. രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോവാന്‍ പറ്റാത്തതിനാലാണ് വീതി കുറഞ്ഞ പാലം പൊളിച്ചുപണിയുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് അത്തിപ്പൊറ്റ പാലം പുനര്‍നിര്‍മിക്കുന്നതിനു എട്ട് കോടി വകയിരുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞ് നിര്‍മാണോദ്ഘാടനവും നടത്തിയിരുന്നു. 75 മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ വീതം ഇരുവശവും നടപ്പാതയും ഉള്‍പ്പടെ 10 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിക്കുക. വിവിധ ആവശ്യങ്ങള്‍ക്ക് കഴനി ചുങ്കത്ത് എത്തേണ്ട യാത്രക്കാര്‍ക്ക് രണ്ടു ബസില്‍ കയറി യാത്ര ചെയ്യേണ്ടി വരുമെന്നതാണ് നാട്ടുകാരുടെ ദുരിതത്തിന് പ്രധാന കാരണം. പാലം നിര്‍മാണത്തിനായി പുഴയിലൂടെ നിര്‍മിക്കുന്ന താല്‍ക്കാലിക റോഡ് വഴി ചെറിയ വാഹനങ്ങളെ കടന്നു പോവാന്‍ അനുവദിച്ചാല്‍ ഇവരുടെ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്ന അഭിപ്രായമുണ്ട്. പഴമ്പാലക്കോട്, തരൂര്‍, കുട്ടന്‍ കോട്, നെച്ചൂര്‍, ചിറക്കോട്, അത്തിപ്പൊറ്റ, തോണിപ്പാടം പ്രദേശങ്ങളിലുള്ളവര്‍ക്ക് വൈദ്യുതി ബില്ലടയ്ക്കാന്‍ കഴനി ചുങ്കത്തെ പാടൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെത്തണമെന്നതാണ് നാട്ടുകാരെ കുഴക്കുന്ന മറ്റൊരു പ്രശ്‌നം. കൂടാതെ ഗ്രാമീണ മേഖലയായതു കൊണ്ട് ബാങ്കിങ് സൗകര്യം ഉള്ളതും കഴനി ചുങ്കത്താണ്. രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് എത്തേണ്ട ദൂരം ഇതു മൂലം നാട്ടുകാര്‍ പത്തു കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ടി വരും.അതേ സമയം അത്തിപ്പൊറ്റ പാലം പൊളിച്ചു നീക്കുമ്പോള്‍ ഗതാഗതം തിരിച്ചുവിടുന്നത് മൂലം പത്തനാപുരം പാലത്തിന്റെ ബലക്ഷയവും രൂക്ഷമാവും.   മണല്‍വാരലും ക്വാറികളില്‍ നിന്നുള്ള ഭാരവാഹനങ്ങളുടെ ഓട്ടവും മൂലം ബലക്ഷയം സംഭവിച്ച പത്തനാപുരം പാലത്തിലൂടെയാണ് ഗതാഗതം പൂര്‍ണമായും തിരിച്ചുവിടുന്നത്. പാലത്തിന്റെ അടിത്തറയിലെ കോണ്‍ക്രീറ്റിങ് തകര്‍ന്നതിനാല്‍ പ്രദേശവാസികള്‍ നേരത്തേ ഇതു വഴിയുള്ള ഭാരവാഹനങ്ങള്‍ തടഞ്ഞിരുന്നു. പാലത്തിന് ബലക്ഷയം ഉണ്ടെന്നും പുതിയത് പണിയാന്‍ പഠനം നടത്തി രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. തല്‍ക്കാലം പാലം സുരക്ഷിതമാണെന്നും അവര്‍ വ്യക്തമാക്കി. പത്തനാപുരം പാലം പുനര്‍നിര്‍മിക്കാന്‍ 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അത്തിപ്പൊറ്റ പാലം വഴി സര്‍വീസ് നടത്തുന്ന 40 ഓളം ബസ്സുകളാണ് പത്തനാപുരം പാലം വഴി തിരിച്ചു വിടുന്നത്. ഇതു വഴി നിലവില്‍ 12 ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 42 ബസ്സുകള്‍ കുറഞ്ഞത് നാല് ചാലെങ്കിലും ഓടുന്നതോടെ വീതി കുറഞ്ഞതും വളവുള്ളതുമായ പാതയില്‍ ഗതാഗതം ദുഷ്‌കരമാകും.  രണ്ട് ബസ്സുകള്‍ക്ക് ഒരുമിച്ച് കടന്നു പോവാന്‍ സ്ഥലമില്ലാത്ത നിരവധി സ്ഥലങ്ങളാണ് ഈ റോഡിലുള്ളത്. വഴി തിരിച്ചു വിടുന്നതോടെ കഴനി ചുങ്കത്തുള്ളവര്‍ക്ക് ബസ് ഗതാഗതം പൂര്‍ണമായും അടയും. ഇവര്‍ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരും. വടക്കേനട മുതല്‍ കഴനി ചുങ്കം വരെ പഴയന്നൂര്‍ റൂട്ടിലുള്ള ബസ്സുകള്‍ മാത്രം ആകുകയും ചെയ്യും. തോണിപ്പാടം വഴി എല്ലാ ബസ്സുകളുകളും തിരിച്ചുവിടുന്നതിനെതിരെ സ്വകാര്യ ബസ്സുടമകള്‍ രംഗത്ത് വന്നിട്ടുണ്ട്. തരൂര്‍ പള്ളിയില്‍ നിന്ന് പാടൂര്‍ തോണിക്കടവ് വഴി കഴനി ചുങ്കത്തേക്ക് ഏതാനും ബസ്സുകള്‍ തിരിച്ചുവിടണമെന്നാണ് ബദല്‍ നിര്‍ദ്ദേശം. തോണിപ്പാടം വഴി ബസ്സുകള്‍ പോവുമ്പോള്‍ കഴനി ചുങ്കത്തിനും വടക്കേ നടയ്ക്കും ഇടയില്‍ ബസ്സുകളുടെ എണ്ണത്തില്‍ വരുന്ന കുറവ് നികത്താനും ഇതുവഴി കഴിയുമെന്ന് കെബിടിഎ ഭാരവാഹികളായ കെ മാത്യുവും എ.ഷിയാസും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss