|    Apr 21 Sat, 2018 7:43 am
FLASH NEWS

അതിവേഗ റെയില്‍ പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാക്കും

Published : 3rd February 2016 | Posted By: SMR

വടകര: താലൂക്കിലെ ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന അതിവേഗ റെയില്‍വേ പദ്ധതിക്കെതിരേ€ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ സര്‍വകക്ഷി നേതാക്കള്‍, ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുക്കും.
വടകര എംഎല്‍എ സി കെ നാണു ചെയര്‍മാനായും കെ കെ ലതിക എംഎല്‍എ കണ്‍വീനറുമായ പ്രതിരോധ സമിതിയാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്ന നിര്‍ദിഷ്ട് പദ്ധതി ഉപേക്ഷിക്കുക, നിലവിലുള്ള റെയില്‍വേ പാതയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക, പദ്ധതി പോകുന്ന മേഖലയില്‍ സ്ഥലം കൈമാറ്റം ചെയ്യുന്നതിന് അധികാരികള്‍ നടപ്പിലാക്കിയ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിരോധ സമിതി മുന്നോട്ട് വച്ചിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിരോധ സമിതി തീരുമാനിച്ചത്. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടക്കുന്ന ജനകീയ പ്രതിരോധ കണ്‍വന്‍ഷനെന്ന് സംഘാടക സമിതി അറിയിച്ചു.
പാത കടന്നുപോവുന്ന വടകരയ്ക്കും മാഹിക്കും ഇടയില്‍ 1200 ഓളം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് കണക്ക്. സംസ്ഥാനത്താകെ ഇത് 78,000 വരും. വീടുകള്‍ക്കു പുറമെ ആരാധനാലയങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍, ഇതര കെട്ടിടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കുന്നുകള്‍ തുടങ്ങി വന്‍ നഷ്ടത്തിന്റെ കണക്കുകളാണ് ഉണ്ടാവുക. വടകര താലൂക്കില്‍ അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട്, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളിലൂടെയാണ് 110 മീറ്റര്‍ വീതിയില്‍ പാത കടന്നുപോവുന്നത്. ഇതിനായി സ്ഥലമേറ്റെടുക്കുന്നതുകൂടാതെ ഇരു വശങ്ങളിലും നിശ്ചിത പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുമുണ്ടാകുമെന്നാണറിയുന്നത്.
ഇതനുസരിച്ച് ചോറോട് ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ മാത്രം 250ലധികം വീടുകളാണ് നഷ്ടപ്പെടുക. ഇതില്‍ പലതും പുതുതായി നിര്‍മിച്ചവയാണ്.
വള്ളിക്കാട്, കോമുള്ളിക്കുന്ന്, കാളംകുളംതാഴ, കോയിക്കല്‍താഴ നെല്‍വയലുകള്‍, കോയിക്കല്‍ ക്ഷേത്രം, ചോറോട് രാമത്ത് പുതിയകാവ്, ശ്രീമുച്ചിലോട്ട് ഭഗവതി ക്ഷേത്രക്കുളം, ചോറോട് എച്ച്എസ്എസ് റോഡ്, കുരിക്കിലാട്, വൈക്കിലശ്ശേരി റോഡ്, മലോല്‍മുക്ക് റോഡ്, വള്ളിക്കാട്-വൈക്കിലശ്ശേരി റോഡ്, വള്ളിക്കാട് ലോഹ്യാ മന്ദിരം തുടങ്ങിയവ തകര്‍ത്തുകൊണ്ടാണ് പാത കടന്നുപോവുന്നത്.
പാതക്കു വേണ്ട സര്‍വേ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണ്. ഇതിന്റെ രണ്ടാഘട്ടമെന്ന നിലയില്‍ ടെന്‍ഡര്‍ നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നതായാണ് വിവരം. എതിര്‍പ് ഉയരുന്ന പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ സ്വകാര്യമായി നീങ്ങുന്നുവെന്ന ആക്ഷേപവുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss