|    Jan 17 Tue, 2017 10:51 pm
FLASH NEWS

അതിവേഗ റെയില്‍ ഇടനാഴി; പദ്ധതിരേഖ ഉടന്‍ സമര്‍പ്പിക്കും

Published : 30th November 2015 | Posted By: SMR

എം ബി ഫസറുദ്ദീന്‍

തിരുവനന്തപുരം: തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍ ഇടനാഴിയുടെ ആദ്യഘട്ട പഠനം പൂര്‍ത്തിയായെന്ന് റിപോര്‍ട്ട്. വിശദമായ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഉടന്‍ സമര്‍പ്പിക്കും. 430 കി.മീ. 145 മിനിറ്റു കൊണ്ട് എത്തുന്നവിധമാണ് അതിവേഗ തീവണ്ടിപ്പാതയുടെ രൂപരേഖ. ഡിഎംആര്‍സിയാണ് പ്രാഥമിക പഠനം നടത്തിയത്. പദ്ധതിക്കായി വന്‍തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന ആശങ്കയില്‍ ഉയര്‍ന്നിട്ടുള്ള പ്രതിഷേധം കണക്കിലെടുക്കാതെയാണ് സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിയുടെ സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇതേവരെ പഠനമൊന്നും നടത്തിയിട്ടുമില്ല.
2010ലാണ് അതിവേഗ റെയില്‍ ഇടനാഴിയുടെ സര്‍വേ കേരളത്തില്‍ ആരംഭിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിവിധ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും അതിവേഗ റെയില്‍വേ പാത ജനകീയസമിതിയും പാതയ്‌ക്കെതിരേ സമരരംഗത്തിറങ്ങിയിരുന്നു. സര്‍വേ നടപടികള്‍ ആരംഭിച്ചതോടെയാണ് വിവിധ പ്രദേശങ്ങളില്‍ പദ്ധതിക്കെതിരേ സമരം രൂപപ്പെട്ടത്. പദ്ധതി നടപ്പാക്കിയാല്‍ പതിനായിരക്കണക്കിന് ആളുകളുടെ കിടപ്പാടം നഷ്ടപ്പെടുമെന്നും വന്‍തോതില്‍ ഭൂമി നഷ്ടപ്പെടുമെന്നുമുള്ള ആശങ്കയാണ് പ്രതിഷേധത്തിനു കാരണം. വടക്കന്‍ കേരളത്തില്‍ ഏറെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയാണ് സര്‍വേ നടത്തിയത്. പലയിടത്തും നൂറു മീറ്ററിനു മുകളില്‍ വീതിയില്‍ സര്‍വേ നടത്തി അടയാളപ്പെടുത്തിയിട്ടുണ്ട്.
തെക്കന്‍ കേരളത്തില്‍ പാത കടന്നുപോവുന്ന സ്ഥലങ്ങള്‍ പലയിടത്തും അജ്ഞാതമാണ്. ജിപിഎസ് സംവിധാനം വഴി സര്‍വേ നടത്തിയ ഇടങ്ങളും ഇതിലുള്‍പ്പെടും. 65,000 കോടിയാണ് പദ്ധതിച്ചെലവു പ്രതീക്ഷിക്കുന്നതെന്ന് ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഈ കണക്കു തെറ്റാണെന്ന് അതിവേഗ റെയില്‍വേ പാത ജനകീയ സമിതി ചെയര്‍മാന്‍ ഡോ. സി ആര്‍ നീലകണ്ഠന്‍ തേജസിനോടു പറഞ്ഞു.
1,75,000 കോടിയോളം രൂപ ചെലവു വരുന്ന അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ഒന്നും പഠിക്കാതെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോവുന്നത്. ഇതിനായി 75,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. പദ്ധതി പൂര്‍ത്തിയായാല്‍ ലഭിക്കുന്ന വരുമാനം ഇതിനുവേണ്ടി മുടക്കിയ തുകയുടെ പലിശ അടയ്ക്കുന്നതിനു പോലും തികയില്ല.
പദ്ധതി പഠനത്തിനായി മാത്രം ഇതേവരെ 28 കോടി രൂപ മുടക്കിയതായാണ് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ സൂചിപ്പിക്കുതെന്നും നീലകണ്ഠന്‍ പറഞ്ഞു. പദ്ധതിരേഖ പ്രകാരം സാധാരണ റെയില്‍വേ പാളങ്ങളുടെ സ്റ്റാന്‍ഡേഡ് ഗേജ് ആയിരിക്കും അതിവേഗ റെയില്‍വേയിലും ഉപയോഗിക്കുക. ഒരു ട്രെയിനില്‍ എട്ട് കോച്ചുകളുണ്ടാവും.
3.4 മീറ്റര്‍ വീതിയുള്ള എസി കോച്ചുകളില്‍ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവ ഉണ്ടാവും. യാത്രക്കാരുടെ എണ്ണം 817. മണിക്കൂറില്‍ 350 കിമീറ്ററാണു വേഗം. തിരുവനന്തപുരത്തു നിന്ന് കൊച്ചിവരെ എത്താന്‍ 40 മിനിറ്റ് മതി. കണ്ണൂര്‍വരെയെത്താന്‍ 145 മിനിറ്റും. പാതയുടെ 190 കിലോമീറ്റര്‍ ദൂരം ഉയര്‍ന്ന തൂണുകളിലൂടെയാണു പോവുക. 110 കിലോമീറ്റര്‍ ടണലിലൂടെയാണ്. ആകെ ഒമ്പതു സ്‌റ്റേഷനുകള്‍ ഉണ്ടാവും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്‌റ്റേഷനുകള്‍. 2016ല്‍ പണി തുടങ്ങിയാല്‍ 2022ല്‍ സര്‍വീസ് തുടങ്ങാനാവുമെന്ന് പദ്ധതിരേഖയില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കൊച്ചി വരെ ആകെ 600 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം. 3800ല്‍പ്പരം കെട്ടിടങ്ങളും 36,000ലേറെ മരങ്ങളും മാറ്റേണ്ടിവരും. ഈ മരങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ വഴിതേടും. മാറ്റാനാവാത്തതിനു പകരം പുതിയതു വച്ചുപിടിപ്പിക്കുമെന്നും രേഖയിലുണ്ട്. എന്നാല്‍, ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പദ്ധതിരേഖയില്‍ വ്യക്തമായൊന്നും പറയുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക