|    Sep 19 Tue, 2017 5:13 pm
FLASH NEWS

അതിവേഗ റെയില്‍പ്പാത: കാസര്‍കോടിനെ ഉള്‍പ്പെടുത്തണം- ജില്ലാവികസന സമിതി

Published : 1st August 2016 | Posted By: SMR

കാസര്‍കോട്: അതിവേഗ റെയില്‍പാത നെറ്റ്‌വര്‍ക്കില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷതവഹിച്ചു.
ഡിഎംആര്‍സി ശുപാര്‍ശ ചെയ്യുന്നത് ആദ്യഘട്ടത്തില്‍ അതിവേഗ റെയില്‍ കണ്ണൂര്‍വരെ മതിയെന്നാണ്. ഈ ശുപാര്‍ശ അംഗീകരിക്കരുതെന്നും അതിവേഗ റെയില്‍ പാത കാസര്‍കോട് വരെ നീട്ടണമെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എം രാജഗോപാലന്‍ എംഎല്‍എ അനുവാദകനായിരുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍മാരുടെ തസ്തികകള്‍ ഉടന്‍ നികത്തണമെന്നും പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ രക്തഘടക വിഭജന യൂനിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാലവര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കണം. ഡെങ്കിപ്പനി മരണങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
ജില്ലയിലെ പൊതുമരാമത്ത് പാലങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സമഗ്ര സര്‍വെ നടത്തണമെന്ന് എം രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ട് താലൂക്കില്‍ മാലോത്ത് വില്ലേജില്‍ ചാമക്കളം പ്രദേശത്ത് ഭൂപ്രശ്‌നം പരിഹരിക്കുന്നതിന് റീസര്‍വേ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അനുവാദകനായിരുന്നു.
ഉദുമ എംഎല്‍എ ഫണ്ടില്‍ അനുവദിച്ച മുളിയാര്‍ ആശുപത്രികെട്ടിടത്തിന്റേയും ഇരിയണ്ണി ഹയര്‍സെക്കന്‍ഡറിസ്‌ക്കൂള്‍ കെട്ടിടത്തിന്റേയും നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തില്‍ എംഎല്‍എയുടെ പ്രത്യേക ആസ്തി വികസന ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക