|    Jul 20 Fri, 2018 5:54 pm
FLASH NEWS

അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത ചെങ്കല്ല് കടത്ത്‌

Published : 28th September 2017 | Posted By: fsq

 

പെര്‍ള: കര്‍ണാടകയില്‍ ചെങ്കല്ല് ക്ഷാമം രൂക്ഷമായതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി  കല്ല് കടത്തുന്നു. കര്‍ണാടകയിലെ കുടിയേറ്റ മേഖലയായ കക്കിഞ്ച, വിട്ടഌ പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അതിര്‍ത്തിയിലെ പെര്‍ള, വാണിനഗര്‍, ബെള്ളൂര്‍, ഗാളിമുഖ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ടിപ്പര്‍ ലോറികളിലും ടോറസ് വാഹനങ്ങളിലും കല്ല് കടത്തുന്നത്. ചെങ്കല്ല് വെട്ടിയെടുക്കുവാന്‍ സ്ഥല ഉടമയുടെ സമ്മത പത്രവും സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെ നല്‍കി ജിയോളജി വകുപ്പിന്റെ അനുവാദത്തോടെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കേണ്ട്ത. എന്നാല്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് അതിര്‍ത്തി മേഖലകളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ജിയോളജി വകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ അപേക്ഷകന് പെര്‍മിറ്റും കല്ല് കടത്തികൊണ്ടുപോകുന്നതിനുള്ള രേഖയും ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പെര്‍മിറ്റില്‍ ജില്ലക്കകത്ത് മാത്രമേ കല്ല് കടത്താന്‍ പാടുള്ളുവെന്നാണ് നിയമം. എന്നാല്‍ ടിപ്പര്‍ ലോറികളില്‍ ചെങ്കല്ല് കടത്താന്‍ നിയമം അനുവദിക്കുന്നില്ല. കര്‍ണാടകയിലെ ചെങ്കല്ല് ക്ഷാമം മുതലെടുത്ത് അനധികൃത ക്വാറികളും ഏജന്‍സികളും ധാരാളമായി അതിര്‍ത്തി മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ കല്ല് ഒന്നിന് 12 രൂപ മുതല്‍ 15 വരെയാണെങ്കില്‍ കര്‍ണാടകയിലെ ലക്ഷ്യ സ്ഥാനത്ത് എത്തിയാല്‍ 30 മുതല്‍ 40 രൂപ വരെയാണ് വില ലഭിക്കുന്നത്. കര്‍ണാടകയിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ചെങ്കല്ല് ലഭിക്കുന്നുണ്ടെങ്കിലും ഗുണ നിലവാരമില്ലാത്തതിനാലാണ് പലരും അതിര്‍ത്തി പ്രദേശങ്ങളെ ആശ്രയിക്കുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളെ വെട്ടിച്ച് ഊടു വഴികളിലൂടെയും മറ്റുമായാണ് കര്‍ണാടകയിലേക്ക് ചെങ്കല്ല് കടത്തുന്നത്. പോലിസ് പിടികൂടി വാഹനം കസ്റ്റഡിയിലെടുത്ത് ജിയോളജി വകുപ്പിന് കൈമാറുകയാണ് പതിവ്. അത്തരത്തില്‍ കൈമാറുന്ന വാഹനം ഉടമയോ ഡ്രൈവറോ ബന്ധപ്പെട്ട അധികൃതര്‍ നിശ്ചയിക്കുന്ന പിഴ അടച്ചാല്‍ വിട്ടയക്കുകയും ചെയ്യും. ഇതോടെ സംഘം വീണ്ടും കടത്തിലേര്‍പ്പെടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss