|    Oct 23 Tue, 2018 1:33 pm
FLASH NEWS

അതിര്‍ത്തി ഗ്രാമത്തോട് അധികൃതരുടെ അവഗണന : 300ഓളം കുടുംബങ്ങള്‍ക്ക് മറുകരഎത്താന്‍ പുഴ നീന്തിക്കടക്കണം

Published : 14th September 2017 | Posted By: fsq

 

പെര്‍ള: തൂക്കുപാലമില്ലാത്തതിനാല്‍ ഒരു പ്രദേശത്തെ 300ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍. കേരള-കര്‍ണാടക അതിര്‍ത്തിയിലെ എന്‍മകജെ പഞ്ചായത്തിലെ മുന്നാം വാര്‍ഡില്‍പ്പെടുന്ന നെറോളു, മഞ്ചുളഗിരി പ്രദേശവാസികളാണ് മരുകരയെത്താന്‍ പ്രയാസപ്പെടുന്നത്. പെര്‍ള ടൗണിനേയാണ് കര്‍ഷകര്‍ അടക്കമുള്ള ഇവിടത്തെ ജനങ്ങള്‍ ആശ്രയിക്കുന്നത്. ഇവര്‍ക്ക് അഡ്ക്കസ്ഥല ഷിറിയ പുഴ കടക്കണമെങ്കില്‍ പാലമില്ല. ടൗണിലെത്തണമെങ്കില്‍ 12 കിലോ മീറ്റര്‍ സേരാജെയിലുടെ കര്‍ണാടകയിലെ അഡ്യനഡുക്ക, അഡ്ക്കസ്ഥല വഴി ചുറ്റി സഞ്ചരിക്കണം. കുത്തിയൊലിക്കുന്ന പുഴയിലൂടെ രോഗിയേയും ചുമന്ന് മറുകരയിലെത്തണം. പൊട്ടി പൊളിഞ്ഞ് താറുമാറായി കിടക്കുന്ന സേരാജെയില്‍ നിന്നും അഡ്യനഡുക്കയിലേക്ക്  ഓട്ടോ റിക്ഷപോലും സര്‍വീസ് നടത്താന്‍ മടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സേരാജെയിലെ നാരായണ മൂല്യയുടെ തോണിയായിരുന്നു മറുകരയെത്താന്‍ സഹായിച്ചിരുന്നത്. എന്നാല്‍ ഇയാളുടെ മരണത്തോടെ അതും നിലച്ചു. പിന്നിടങ്ങോട്ട് കാലവര്‍ഷം തുടങ്ങിയാല്‍ കുടുംബത്തിലെ പലരും ആറ് മാസത്തിന് ശേഷമേ മറു കരയിലെത്താറുള്ളു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി തൂക്കുപാലം പണിയുന്നതിന് മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുര്‍ റസാഖിന്റെ സഹകരണത്തോടെ രു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിലേക്ക് പദ്ധതി സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിച്ചതിനെ  തുടര്‍ന്ന് തുക്ക് പാലത്തിന്റെ ഡിസൈന്‍ ജോലികള്‍ നടന്ന് വരുന്നതിനിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പദ്ധതി പ്രവര്‍ത്തനം പകുതി വഴിയില്‍ നിലയ്ക്കുകയായിരുന്നു. അര നൂറ്റാണ്ടു കാലത്തോളമായി ദ്വീപ് സമുഹമായി കഴിഞ്ഞിരുന്ന ഒരു പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് തുരങ്കംവെക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയെന്ന് മുന്‍ പ്രസിഡന്റ് ജെ എസ് സോമശേഖര കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss