|    Nov 18 Sun, 2018 4:55 am
FLASH NEWS

അതിര്‍ത്തി ഗ്രാമങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍

Published : 22nd April 2018 | Posted By: kasim kzm

കൊഴിഞ്ഞാമ്പാറ: സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളേക്കാള്‍ താപനില ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജില്ലിിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ മഴയുടെ ദൗര്‍ലഭ്യം മൂലം വരള്‍ച്ചയിലേക്ക് നീങ്ങുന്നു. വരള്‍ച്ച രൂക്ഷമായതോടെ കുടിവെള്ളം പോലും കാശുകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തെ ജനങ്ങള്‍. കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പുള്ളി എന്നീ കിഴക്കന്‍ മേഖലകളില്‍ വേനല്‍ കടുത്തതോടെ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.
കൊഴിഞ്ഞാമ്പാറ ഫര്‍ക്ക എന്നറിയപ്പെടുന്ന ഇവിടങ്ങളിലെല്ലാം കുടിവെള്ളത്തിനിപ്പോള്‍ ടാങ്കര്‍ ലോറി സംവിധാനമാണ് ഏക ആശ്രയം. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ കേരളത്തില്‍ ശരാശരി മഴ ലഭിച്ചിട്ടും അതിര്‍ത്തി ഗ്രാമങ്ങള്‍ വരണ്ടുണങ്ങിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കൊഴുകുന്ന രണ്ടു പുഴകളായ വരട്ടയാറും കോരയാറും വരണ്ടുണങ്ങിയിട്ട് കാലങ്ങളായി.
കിഴക്കനതിര്‍ത്തി മേഖലകളില്‍ നൂറുക്കണക്കിനു കുഴല്‍ക്കിണറുകളുണ്ടെങ്കിലും തൊണ്ട നനയ്ക്കാനുള്ള വെള്ളം പോലും ഇവയില്‍ നിന്നു ലഭിക്കുന്നില്ല. മാത്രമല്ല, ലക്ഷങ്ങള്‍ ചെലവഴിച്ച കുഴല്‍ക്കിണറുകള്‍ മിക്കതും ഉപയോഗശൂന്യമായിരിക്കുകയാണ്.
കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ പഞ്ചായത്തുകളിലെ 30,000 ഹെക്ടര്‍ ഭൂമിക്ക് ജലസേചനം നടത്താനായി മൂലലത്തറ വലതുകനാലിലൂടെ വെള്ളം തിരിച്ചുവിട്ട് 15.957 കിലോമീറ്റര്‍ ദുരമുള്ള കനാലിലൂടെ തടയണകള്‍ നിറയ്ക്കാന്‍ കഴിയുമെന്നിരിക്കെ കനാലിന്റെ നിര്‍മാണം കഴിഞ്ഞ സര്‍ക്കാറിന്റെ ഭരണകാലത്ത് മുടക്കിയിരുന്നു.
പറമ്പിക്കുളം ആളിയാര്‍ അന്തര്‍സംസ്ഥാന നദീജലക്കരാറനുസരിച്ച് കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി വെള്ളത്തില്‍ നിന്നുള്ള ഒരു വിഹിതവും മഴക്കാലത്തുപോലും ചിറ്റൂര്‍പ്പുഴയുടെ ഒഴുകിവരുന്ന വെള്ളവും വേലന്താവളം വരെയെത്തിക്കാന്‍ കഴിയാത്തതാണ് കിഴക്കന്‍ മേഖലയെ പ്രതിവര്‍ഷം വരള്‍ച്ചയിലേക്ക് തള്ളിവിടുന്നത്.
വരട്ടയാറിലും കോരയാറിലുമായി നുറോളം തടയണകളുണ്ടെങ്കിലും ഇവയെല്ലാം നാമാവശേഷമായ നിലയിലാണ്. വരള്‍ച്ച രൂക്ഷമായതും ജലദൗര്‍ലഭ്യവും മൂലം അതിര്‍ത്തി ഗ്രാമങ്ങളില്‍ വിളഞ്ഞിരുന്ന നെല്ല്, പരുത്തി, കരിമ്പ്, പച്ചക്കറി, എന്നിവയെല്ലാം ഇല്ലാതായി. അനുദിനം കുഴല്‍ക്കിണര്‍ കുഴിക്കുന്നതുമൂലം പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലത്തിന്റെയളവും ഗുണവും ഗുരുതരാവസ്ഥയിലാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ചിറ്റൂര്‍ താലുക്കാവട്ടെ വരള്‍ച്ചമൂലം മഴനിഴല്‍ പ്രദേശമായിരിക്കുകയാണിപ്പോള്‍. കിഴക്കന്‍ മേഖലയുടെ ആരംഭത്തില്‍ തന്നെ ആനമലയില്‍ നിന്നുമാരംഭിച്ച് പൊള്ളാച്ചിയിലൂടെ ഒഴുകിവരുന്ന ചിറ്റൂര്‍പ്പുഴ കരകവിഞ്ഞൊഴുകുന്നതും പതിവാണെന്നിരിക്കെ കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ പുഴയും ഒഴുക്ക് നിലച്ച മട്ടാണ്.
ഇതോടെ കാര്‍ഷിക മേഖലയും തകര്‍ന്നു. ഇതോടെ കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണ്. ഒരു ടാങ്കര്‍ ലോറി വെള്ളത്തിന് 1500 രൂപ കൊടുത്ത് വാങ്ങി ദൈനം ദിനം കാര്യങ്ങള്‍ തള്ളിനീക്കണമെന്നിരിക്കെ ഇനിയുള്ള കാലമെങ്ങിനെ ജീവിക്കുമെന്ന ആശങ്കയിലാണ് കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss