|    Oct 20 Sat, 2018 3:41 am
FLASH NEWS

അതിര്‍ത്തി ഗ്രാമങ്ങള്‍ കഞ്ചാവ് മൊത്തക്കച്ചവടക്കാരുടെ പിടിയില്‍

Published : 21st January 2017 | Posted By: fsq

 

നെടുങ്കണ്ടം: ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളും ടൗണുകളും കഞ്ചാവ് മൊത്തക്കച്ചവടക്കാരുടെ പിടിയില്‍ അമര്‍ന്നതോടെ കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് വന്‍തോതില്‍ വര്‍ധിച്ചു. തമിഴ്‌നാട്ടിലെ കമ്പം ടൗണും സമീപഗ്രാമങ്ങളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്. കുമളി ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്താന്‍ ബുദ്ധിമുട്ടായതോടെ കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴിയാണ് ലഹരിയൊഴുക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. കഞ്ചാവിനൊപ്പം ഹാന്‍സ് പോലുള്ള ലഹരി ഉല്‍പ്പന്നങ്ങളും വന്‍തോതില്‍ കടത്തുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരുമാസത്തിനിടെ നാലുതവണ കഞ്ചാവുമായി കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ നിന്ന് കഞ്ചാവ് കച്ചവടക്കാര്‍ പിടിയിലായത് ഇതിന്റെ തെളിവാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ പിടിയിലായവരില്‍ അധികം പേരും വര്‍ഷങ്ങളായി കഞ്ചാവ് കടത്തുന്നവരും കഞ്ചാവ് കച്ചവടക്കാരുമാണ്. കോട്ടയം, എറണാകുളം സ്വദേശികളും പിടിയിലായവരില്‍ ഉള്‍പ്പെടും. തമിഴ്‌നാട്ടിലെ വിവിധ മേഖലകളില്‍ നിന്ന് പ്രധാനമായും കമ്പത്തു നിന്നുമാണ് ഇവര്‍ കഞ്ചാവ് വാങ്ങുന്നത്. ജില്ലയില്‍ കമ്പക്കല്ല് അടക്കമുള്ള വനമേഖലയില്‍ നിന്ന് കഞ്ചാവ് വന്‍തോതില്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും ഹെറോയിന്‍ ആയും മറ്റും കടത്തുമ്പോഴും അധികൃതര്‍ കാര്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കേയാണ് ജില്ലയുടെ അതിര്‍ത്തി ചെക്‌പോസ്റ്റ് വഴി കഞ്ചാവ് കൂടുതലായി സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കു കൊണ്ടുപോവുന്നത്. കമ്പംമെട്ടില്‍ പോലിസ്, എക്‌സൈസ് വിഭാഗങ്ങള്‍ സംയുക്തമായി പരിശോധനകള്‍ ശക്തമാക്കിയെങ്കിലും കഞ്ചാവ് കടത്തിനു കുറവുണ്ടായിട്ടില്ല. കേരളം-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയിലെ സമാന്തര പാതകളും ഇവര്‍ ലഹരി കടത്തിനായി ഉപയോഗിക്കുന്നതായും വിവരമുണ്ട്. ശബരിമല സീസണു മുമ്പുവരെ കുമളി ചെക്‌പോസ്റ്റില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെയാണ് കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്ത് വര്‍ധിച്ചത്. മണ്ഡലകാലമായതോടെ കുമളി ചെക്‌പോസ്റ്റ് കേന്ദ്രീകരിച്ച് അധികൃതര്‍ കൂടുതല്‍ ജോലിയുള്ളതിനാല്‍ ശക്തമായ പരിശോധന നടക്കാത്ത സാഹചര്യവുമുണ്ടായി. ഈ തിരക്ക് മുതലാക്കി തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും വന്‍തോതില്‍ കള്ളക്കടത്ത് നടത്തിയിട്ടുമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നെടുങ്കണ്ടം എക്‌സൈസ് സര്‍ക്കിള്‍ പരിധിയില്‍ കരിങ്കാടുകളിലും ആള്‍പ്പാര്‍പ്പില്ലാത്ത ഏലത്തോട്ടങ്ങളിലും കഞ്ചാവ് കൃഷി നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന്, ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഒരേക്കര്‍ വിസ്തൃതിയുള്ള ഏലക്കാടിനു നടുവില്‍ കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം കണ്ടെടുത്തിരുന്നു. കഴിഞ്ഞദിവസം, കഞ്ചാവുമായി കമ്പംമെട്ട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.വൈക്കം സ്വദേശികളായ കാട്ടിത്തറ വീട്ടില്‍ സുനില്‍ (39), തെക്കേമച്ചിങ്കല്‍ വീട്ടില്‍ സരീഷ് (34) എന്നിവരില്‍ നിന്ന് ഒരു കിലോ നൂറ് ഗ്രാം കഞ്ചാവും കണ്ടെടുത്തു. തമിഴ്‌നാട് ഗൂഢലൂരില്‍ നിന്ന് 15000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് വൈക്കത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് എത്തിച്ചതെന്ന് ഇവര്‍ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയിരുന്നു. കഞ്ചാവ് നല്‍കിയ ആളെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ബാറുകള്‍ പൂട്ടിയതോടെ അതിര്‍ത്തി മേഖലകളില്‍ വ്യാജവാറ്റും വര്‍ധിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss