|    Oct 24 Tue, 2017 1:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അതിര്‍ത്തി കടന്ന് മുമ്പും ഇന്ത്യ മിന്നലാക്രമണം നടത്തി

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെയും അവകാശവാദങ്ങള്‍ പൊളിച്ചടുക്കി കേന്ദ്ര വിദേശകാര്യ സെക്രട്ടറി. പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം മുമ്പും ആക്രമണം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വ്യക്തമാക്കി. എന്നാല്‍, ഇത്തരം ആക്രമണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തുറന്നുപറയുന്നത് ഇതാദ്യമാണെന്നും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിക്കു മുമ്പില്‍ ജയശങ്കര്‍ പറഞ്ഞു.
കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇതുസംബന്ധിച്ച് നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് വിദേശകാര്യ സെക്രട്ടറി വെളിപ്പെടുത്തിയത്. മുതിര്‍ന്ന നയതന്ത്രജ്ഞന്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിലൂടെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും നടത്തിയ അവകാശവാദങ്ങളാണ് പൊളിഞ്ഞത്. ഉറി ആക്രമണത്തെ തുടര്‍ന്നാണ് ആദ്യമായി ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്തിയതെന്നായിരുന്നു പരീക്കറിന്റെ വാദം.
പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ഇസ്രായേലിന്റെ സൈനിക നടപടികളോട് ഉപമിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇത്തരം ആക്രമണങ്ങള്‍ നടന്നിരുന്നുവെന്ന കോണ്‍ഗ്രസ്സിന്റെ അവകാശവാദം പ്രതിരോധമന്ത്രി കഴിഞ്ഞ ആഴ്ച നിഷേധിച്ചിരുന്നു.  കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ചെയര്‍മാനായ സമിതിക്കു മുന്നിലാണ് മിന്നലാക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ജയശങ്കര്‍ മറുപടി നല്‍കിയത്. ഇന്ത്യ ആദ്യമായിട്ടാണോ മിന്നലാക്രമണം നടത്തുന്നതെന്നു കോണ്‍ഗ്രസ് എംപി സത്യവ്രത് ചതുര്‍വേദിയാണ് ചോദിച്ചത്. ഇതിനു മറുപടിയായിട്ടാണ് മുമ്പും ഇത്തരം ആക്രമണം നടത്തിയിട്ടുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞത്. എന്നാല്‍, മിന്നലാക്രമണം എന്ന പദമല്ല ഇതേക്കുറിച്ച് വിശദീകരിക്കാന്‍ അദ്ദേഹം ഉപയോഗിച്ചത്. പ്രത്യേക ലക്ഷ്യമിട്ട് നിയന്ത്രിതമായ ഭീകരവിരുദ്ധ ആക്രമണങ്ങള്‍ ഇതിനു മുമ്പും നടത്തിയിട്ടുണ്ടെന്നും ഈ വിവരം ഒരിക്കലും പുറത്തു വിട്ടിട്ടില്ലെന്നുമാണ് സമിതിക്കു മുമ്പാകെ ജയശങ്കര്‍ അറിയിച്ചത്.
ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് തെളിവുണ്ടോയെന്നു സമിതിയിലെ ഒരംഗം ചോദിച്ചു. പ്രത്യേക സുരക്ഷാ സേന നിയന്ത്രണരേഖ മറികടന്നത് ആക്രമണം നടത്താനാണെന്നും തെളിവുകള്‍ ശേഖരിക്കാനല്ലെന്നുമായിരുന്നു ജയശങ്കറിന്റെ മറുപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക