|    Jan 23 Mon, 2017 7:56 am
FLASH NEWS

അതിര്‍ത്തി കടന്നുള്ള സൈനികാക്രമണം; മിന്നലാക്രമണ ദൃശ്യങ്ങള്‍ സേന സര്‍ക്കാരിനു കൈമാറി

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍സേന നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി സൈന്യം സര്‍ക്കാരിനു കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ അറിയിച്ചതാണ് ഇക്കാര്യം. മിന്നലാക്രമണത്തിന്റെ തെളിവു വേണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സൈനിക നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതിന് സൈന്യത്തിനും സര്‍ക്കാരിനും ചില നടപടിക്രമങ്ങളുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയ ഡയറക്ടര്‍ ജനറലാണ് വിവരം പുറത്തുവിടേണ്ടത്. അത് പ്രധാനമന്ത്രിയുടെ യോ പ്രതിരോധമന്ത്രിയുടെയോ ആഭ്യന്തരമന്ത്രിയുടെയോ ചുമതലയല്ല. ഈ കൃത്യം സൈന്യം ശരിയായ രീതിയില്‍ നിര്‍വഹിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു. സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കണമെന്നും കാര്യങ്ങള്‍ സൈന്യത്തിന്റെ തീരുമാനത്തിനു വിടണമെന്നും മറ്റൊരു ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും പറഞ്ഞു.
മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സജ്ഞയ് നിരുപമിന്റെ, മിന്നലാക്രമണം വ്യാജമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നുമുള്ള പ്രസ്താവന ബിജെപിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ്സും നിരുപമിന്റെ പ്രസ്താവനയോട് യോജിച്ചിരുന്നില്ല.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മിന്നലാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിനെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്. വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെടുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ബിജെപി ആഞ്ഞടിച്ചു. അവരുടെ വ്യാജപ്രചാരണം പാകിസ്താനെ സഹായിക്കുമെന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍, രാജ്യസഭാംഗം സുബ്രഹ്മണ്യ സ്വാമി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാണ് അഭിപ്രായപ്പെട്ടത്.
സൈനിക വിന്യാസത്തിന്റെ നടപടികളുടെ ദൃശ്യങ്ങള്‍ ഒഴിവാക്കി സ്‌ഫോടനത്തിന്റെയും മൃതശരീരങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാണ് തന്റെ അഭിപ്രായമെന്ന് സ്വാമി വ്യക്തമാക്കി. എന്നാല്‍, സേനയുടെ അവകാശവാദങ്ങള്‍ ചോദ്യംചെയ്യുന്നത് മണ്ടത്തരമാണെന്നും റഷ്യ ഉള്‍െപ്പടെയുള്ള നിരവധി രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ സൈനികനീക്കത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കരസേനാ മേധാവി ജനറല്‍ വി പി മാലിക് ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിന് എതിരാണ്. ചില വിഡ്ഢികള്‍ ആവശ്യപ്പെട്ടെന്ന് കരുതി ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടരുത്. സേനയോട് തെളിവുകള്‍ ആവശ്യപ്പെടുന്നതു തന്നെ ആശ്ചര്യപ്പെടുത്തി. ദൃശ്യങ്ങള്‍ പുറത്തുവിടണമോയെന്ന് തീരുമാനിക്കേണ്ടത് സൈന്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കരസേനാമേധാവി ജനറല്‍ ജെ ജെ സിങും മാലിക്കിനോട് യോജിച്ചു. ഇന്ത്യന്‍സേനയുടെ ദൗത്യത്തില്‍ അഭിമാനിക്കുകയാണ.് അവരോട് തെളിവ് ആവശ്യപ്പെടുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ കരേസനാ മേധാവി ശങ്കര്‍ റോയി ചൗധരിയും ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്നാണ് അഭിപ്രായപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക