|    Jan 23 Mon, 2017 5:59 am
FLASH NEWS

അതിര്‍ത്തി അടയ്ക്കും; 2018 അവസാനം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. 2300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ഉറി ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് നടപടി. 2018 ഡിസംബറോടെ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പറഞ്ഞു. അതിര്‍ത്തി സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച, അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
അതിര്‍ത്തിയില്‍ എല്ലായിടത്തും സുരക്ഷാ കമ്പിവേലികള്‍ സ്ഥാപിക്കുകയെന്ന പുതിയ ആശയം രൂപപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷം ഇതു നടപ്പാക്കും. ഇസ്രായേല്‍ മാതൃകയില്‍ മതില്‍ കെട്ടി അതിര്‍ത്തി അടയ്ക്കാന്‍ കഴിയുമോ എന്നതിന്റെ സാധ്യതകളാണ് പരിശോധിക്കുന്നത്. എന്നാല്‍ പഞ്ചാബ്, ജമ്മു-കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇതു നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട്.
പദ്ധതി പ്രാവര്‍ത്തികമായാല്‍ നുഴഞ്ഞുകയറ്റം വലിയ രീതിയില്‍ തടയാനാവുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ജനങ്ങള്‍ സുരക്ഷാസേനയെ വിശ്വസിക്കുകയും അവര്‍ക്കൊപ്പം നിലകൊള്ളുകയും വേണം. പാകിസ്താന്‍ രാജ്യാന്തര അതിര്‍ത്തിയിലെ സുരക്ഷ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങളുടെ സജീവ സഹകരണവും മന്ത്രി ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ അടിസ്ഥാന വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും. കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണവും രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റവും വിവിധ ഏജന്‍സികളുടെ സഹകരണവും സാധ്യമാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് സ്ഥാപിക്കാനും തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
പോലിസ് സേനയുടെ ആധുനികവല്‍ക്കരണം സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മുന്നാബാവോവില്‍ ഒരു സംയോജിത ചെക്‌പോസ്റ്റ് സ്ഥാപിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. അതിര്‍ത്തിക്കപ്പുറം സ്ഥലങ്ങളുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ അവതരിപ്പിച്ചു. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ റോഡ് നിര്‍മാണം മെച്ചപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പ്രദീപ്‌സിങ് ബി ജഡേജ പറഞ്ഞു. അതിര്‍ത്തി സുരക്ഷ സംബന്ധിച്ച അഭിപ്രായങ്ങള്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പങ്കുവച്ചു.
രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ജയ്‌സാല്‍മീറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ സന്ദര്‍ശിച്ച മന്ത്രി രാജ്‌നാഥ് സിങ് സൈനികരുമായി സംസാരിച്ചു.
കേരള തീരത്ത് സുരക്ഷ ശക്തമാക്കി
മട്ടാഞ്ചേരി: സുരക്ഷാ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലിസ് എന്നിവയുടെ സംയുക്ത പട്രോളിങ് ശക്തമാക്കി. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷമുള്ള ജാഗ്രതയുടെ ഭാഗമായി നാവികസേന  പുറംകടലില്‍ പ്രത്യേക നിരീക്ഷണം നടത്തുകയാണ്. ബോട്ടുകളെ  നിരീക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും രംഗത്തുണ്ട്.
മല്‍സ്യതൊഴിലാളികള്‍, തീരദേശ ജാഗ്രതാ സമിതികള്‍ എന്നിവയ്ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയതായി കോസ്റ്റല്‍ പോലിസ് ഐജി എസ് സുരേന്ദ്രന്‍ പറഞ്ഞു. സംശയകരമായ സാഹചര്യങ്ങളില്‍ കാണുന്ന വ്യക്തികളെയും യാനങ്ങളെയും കസ്റ്റഡിയിലെടുക്കും. കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ തീരദേശ പോലിസ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ക്രോഡീകരണവും നടക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക