|    Oct 23 Mon, 2017 10:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം;എട്ടു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

Published : 2nd November 2016 | Posted By: mi.ptk

pak

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്ലാക്രമണത്തില്‍ എട്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 12 സിവിലിയന്‍മാരടക്കം 22 പേര്‍ക്കു പരിക്കേറ്റു. സാംബ, പൂഞ്ച്, ജമ്മു, രജൗറി എന്നിവിടങ്ങളിലുണ്ടായ വെടിവയ്പിലാണ് സാധാരണക്കാര്‍ മരിച്ചത്. മരിച്ചവരില്‍ രണ്ടു സ്ത്രീകളും അഞ്ചുവയസ്സുള്ള അബിയും ഏഴുവയസ്സുകാരനായ റിസ്ഹബും കൗമാരക്കാരനായ രവീന്ദ്ര കൗറും ഉള്‍പ്പെടും. സാംബയിലെ രാംഗഡിലാണ് ആറുപേര്‍ മരിച്ചത്. അഞ്ചുപേര്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിലും ഷെല്‍വര്‍ഷത്തിനിടെ ഉണ്ടായ ആഘാതത്തില്‍ ഒരാളും മരിച്ചു. ഇവിടെ ഒമ്പതു പേര്‍ക്കു പരിക്കേറ്റു. മുറിവേറ്റവരെ ജമ്മുവിലെ ജിഎംസി, രാംഗഡ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍ എം വോറ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ഗവര്‍ണര്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.രജൗറി, ജമ്മു, പൂഞ്ച് ജില്ലകളില്‍ 120 എംഎം മോര്‍ട്ടാര്‍ ബോംബുകള്‍ ഉപയോഗിച്ചു പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ മരിക്കുകയും 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സൈനികകേന്ദ്രത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെയാണ് പാക് ഷെല്ലാക്രമണം തുടങ്ങിയത്. ലെപിന്ദി ഗ്രാമത്തില്‍ രാവിലെ ഏഴുമണിക്ക് മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് അവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 6.30ഓടെ സാംബയില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം തുടങ്ങിയ പാക് സൈന്യം പിന്നീട് മോര്‍ട്ടാറുകള്‍ പ്രയോഗിച്ചു. ഇതേത്തുടര്‍ന്ന് ഇവിടെ ബിഎസ്എഫ് ഭടന്‍മാര്‍ കനത്തതോതില്‍ പ്രത്യാക്രമണവും നടത്തി. പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം മൂലം ജമ്മു ജില്ലയില്‍ മാത്രം 180 സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. അതേസമയം, രജൗറി ജില്ലയിലെ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു പാക് പട്ടാളക്കാര്‍ മരിച്ചു. അവരുടെ 14 കാവല്‍പ്പുരകളും സൈന്യം തകര്‍ത്തതായി ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.  രാംഗഡ്, നൗഷേര, രജൗറി മേഖലകളില്‍ നിയന്ത്രണരേഖയ്ക്കു സമീപം ആക്രമണം തുടരുകയാണ്. 19 മുതലുണ്ടായ പാക് വെടിനിര്‍ത്തല്‍ കരാര്‍ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കുന്നുണ്ട്.  35,000 വെടിയുണ്ടകളും 5000ത്തോളം ഷെല്ലുകളും ഉപയോഗിച്ചതായും ഇക്കാലയളവില്‍ ഇരുപതോളം പാക് സൈനികരെ വധിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക