|    Nov 16 Fri, 2018 4:24 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം : തിരിച്ചടിച്ച് ഇന്ത്യ ; അഞ്ച് പാകിസ്താന്‍ സൈനികരെ വധിച്ചു

Published : 2nd June 2017 | Posted By: fsq

 

ന്യൂഡല്‍ഹി/ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടരുന്ന വെടിനിര്‍ത്തല്‍കരാര്‍ ലംഘനത്തിനെതിരേ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പ്രത്യാക്രമണം. കശ്മീരിലെ രജൗറി, പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ചു പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറു പാക് സൈനികര്‍ക്കു പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ ഭീംബര്‍, ബാറ്റല്‍ മേഖലയിലും പാക് സൈനിക പോസ്റ്റുകള്‍ക്കു നേരെ സൈന്യം ആക്രമണം നടത്തിയിരുന്നു. അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്‍ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ വിദേശകാര്യ ഓഫിസ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങിനെ വിളിപ്പിച്ചു. പ്രകോപനങ്ങളില്ലാതെ ഇന്ത്യന്‍ സേന അന്താരാഷ്ട്ര നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നുവെന്നും പാക് വിദേശകാര്യ ഓഫിസ് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബാറ്റല്‍, ജന്‍ഡോര്‍ട്ട് കോട്ടലി, ഷഹദാത്ത് മേഖലകളില്‍ നടന്ന ഇന്ത്യന്‍ ആക്രമണങ്ങളില്‍ ഒരു സ്ത്രീയടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സൗത്ത് ഏഷ്യന്‍ & സാര്‍ക് ഡോ. മുഹമ്മദ് ഫൈസല്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു. അതിനിടെ, അതിര്‍ത്തിയില്‍ പാകിസ്താന്‍ സേന നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പിലും ജനറല്‍ എന്‍ജിനീയറിങ് റിസര്‍വ് ഫോഴ്‌സി(ജിആര്‍ഇഎഫ്)ലെ തൊഴിലാളി മരിച്ചു. ബിഎസ്എഫ് ജവാനടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പൂഞ്ച് ജില്ലയിലെ നൗഷേര മേഖലയിലാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ കാവല്‍പ്പുരകള്‍ക്കു നേരെ തുടര്‍ച്ചയായി വെടിവയ്പുണ്ടായി. ഇന്ത്യന്‍ സേന തിരിച്ചടിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ അപകടനില തരണംചെയ്തിട്ടുണ്ടെന്ന് പ്രതിരോധ വക്താവ് ലഫ്. കേണല്‍ മനീഷ് മേത്ത പറഞ്ഞു. കൃഷ്ണഗട്ടി മേഖലയിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ബല്‍നോയി, മാന്‍കോട്ട് മേഖലകളിലും വെടിവയ്പ് നടക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. അതേസമയം, ബാരാമുല്ല ജില്ലയില്‍ ഒരു വീട്ടില്‍ ഒളിച്ചിരുന്ന സായുധര്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചു. തിരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിനു നേരെ വെടിവയ്പുണ്ടാവുകയായിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും കഴിഞ്ഞ ദിവസം സോപുര്‍ ടൗണില്‍ പോലിസിനെ ആക്രമിച്ചതിനു പിന്നില്‍ ഇവരാണെന്നും ഡിജിപി എസ് പി വെയ്ദ് പറഞ്ഞു. നേരത്തേ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടവരുടെ പങ്കാളിത്തം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീര്‍ സന്ദര്‍ശിച്ചു. സുരക്ഷാ ക്രമീകരണങ്ങളും സൈന്യത്തിന്റെ മുന്നൊരുക്കങ്ങളും പരിശോധിക്കുന്നതിനായാണ് ജനറല്‍ റാവത്തും  മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും  ബദമിബാഗ് കന്റോണ്‍മെന്റ് മേഖലയിലെത്തിയത്.  അതേസമയം, ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ വധത്തെ തുടര്‍ന്ന് തിങ്കളാഴ്ച ചില സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാലാം ദിവസവും അടഞ്ഞുകിടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss