|    Jan 22 Sun, 2017 7:56 pm
FLASH NEWS

അതിര്‍ത്തിയില്‍ വീണ്ടും പാക് മോര്‍ട്ടാര്‍ ആക്രമണം: കരസേനാ മേധാവി കശ്മീരില്‍

Published : 2nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യന്‍ ആക്രമണത്തിനു പിന്നാലെ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും സംഘര്‍ഷാവസ്ഥ തുടരവെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് കശ്മീരില്‍. ഉദ്ദംപൂരിലെ നോര്‍ത്തേണ്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിയ അദ്ദേഹം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
അതിര്‍ത്തിയിലെയും നിയന്ത്രണരേഖയിലെയും സാഹചര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അതിര്‍ത്തി കടന്നു തിരിച്ചടി നല്‍കിയ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങളുമായും കരസേനാ മേധാവി കൂടിക്കാഴ്ച നടത്തി. പാക് അധീന കശ്മീരിലെ അക്രമികളുടെ ഏഴു താവളങ്ങള്‍ തകര്‍ത്ത സൈനികരെ അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം, ഇന്നലെ പുലര്‍ച്ചെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണം നടത്തി. ജൗറിയാന്‍, അഗ്‌നൂര്‍ എന്നിവിടങ്ങളിലാണ് സംഭവം. എന്നാല്‍, നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. പാകിസ്താന്‍ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യ അടിയന്തര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ മേഖലയില്‍ സാധാരണക്കാരെ ഒഴിപ്പിക്കുന്ന നടപടി ഇന്നലെയും തുടര്‍ന്നു. ഇവര്‍ക്ക് താമസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സൗകര്യമൊരുക്കി. കശ്മീരിനു പുറമേ പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തികളിലും അതീവ ജാഗ്രത തുടരുകയാണ്. ഇവിടേക്ക് സാധാരണക്കാര്‍ പ്രവേശിക്കുന്നതിന് ബിഎസ്എഫ് വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ സൈന്യത്തെ എത്തിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
അതിനിടെ, ആക്രമണമുണ്ടായ കശ്മീരിലെ ഉറി കരസേനാ താവളത്തിലെ ബ്രിഗേഡ് കമാന്‍ഡര്‍ കെ സോമശങ്കറിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. സേനയുടെ 28 മൗണ്ടന്‍ ഡിവിഷനിലെ ഓഫിസര്‍ പുതിയ ഉറി ബ്രിഗേഡ് കമാന്‍ഡറായി ചുമതലയേല്‍ക്കും.
സാര്‍കില്‍ നിന്ന് മാലദ്വീപും പിന്മാറി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു പിന്തുണ പ്രഖ്യാപിച്ച് മാലദ്വീപും സാര്‍ക് ഉച്ചകോടിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ഇതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു. ഇന്ത്യക്കു പിന്നാലെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങള്‍ സാര്‍കില്‍ നിന്നു പിന്‍മാറിയിരുന്നു.
ഇതോടെ സമ്മേളനം മാറ്റിവയ്ക്കാന്‍ ആതിഥേയ രാഷ്ട്രമായ പാകിസ്താന്‍ നിര്‍ബന്ധിതമായി. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. ഉച്ചകോടിയില്‍ നിന്നു പിന്‍മാറാത്തതായി പാകിസ്താനു പുറമേ അധ്യക്ഷരാജ്യമായ നേപ്പാള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. നവംബര്‍ 9, 10 തിയ്യതികളില്‍ ഇസ്‌ലാമാബാദിലാണ് സാര്‍ക് ഉച്ചകോടി നടക്കാനിരുന്നത്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. 1985ലാണ് ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ അംഗങ്ങളായി സാര്‍ക് രൂപീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക