|    Mar 26 Sun, 2017 12:58 pm
FLASH NEWS

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷാന്തരീക്ഷം

Published : 20th September 2016 | Posted By: SMR

കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ പാക് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഉറി പ്രദേശത്തെ സൈനിക ക്യാംപില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണം അതിര്‍ത്തിസുരക്ഷയെ സംബന്ധിച്ച ഭീതികളും ഉല്‍ക്കണ്ഠകളും വീണ്ടും ഉണര്‍ത്തുന്നതാണ്. കുറച്ചു കാലമായി വഷളായിവരുന്ന ഇന്ത്യ-പാക് ബന്ധങ്ങളെ കൂടുതല്‍ മോശമാക്കാനും ദക്ഷിണേഷ്യയില്‍ വീണ്ടും യുദ്ധസമാനമായ ഒരു സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞ ദിവസത്തെ ആക്രമണം ഇടയാക്കുമെന്നു തീര്‍ച്ചയാണ്.
കടന്നാക്രമണത്തിന്റെ പിന്നിലെ ശക്തി ആരാണെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പാക് പിന്തുണയുള്ള ജയ്‌ശെ മുഹമ്മദ് എന്ന തീവ്രവാദ പ്രസ്ഥാനമാണ് അത് സംഘടിപ്പിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ജനുവരിയില്‍ പഞ്ചാബ് അതിര്‍ത്തിയിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനകത്ത് കടന്നുകയറി ഇത്തരമൊരു ആക്രമണം നടന്നതാണ്. ആള്‍നാശത്തിന്റെ കാര്യത്തില്‍ ഉറി സംഭവം സമീപകാലത്തെ ഏറ്റവും കടുത്ത പ്രത്യാഘാതമാണ് ഇന്ത്യക്കു വരുത്തിവച്ചിരിക്കുന്നത്. ഇതിനു മുമ്പ് 2002ല്‍ കാലാച്ചുക്കില്‍ നടന്ന ആക്രമണത്തിലാണ് ഇതിലേറെ ആള്‍നാശം ഇന്ത്യന്‍ സൈന്യത്തിന് ഉണ്ടായത്.
നിലവിലുള്ള അന്തരീക്ഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിന് വഴിതെളിയിക്കും എന്നു തീര്‍ച്ചയാണ്. അത് എങ്ങനെ ദീര്‍ഘമായ ഒരു സംഘര്‍ഷത്തിലേക്ക് വഴുതിമാറുന്നത് ഒഴിവാക്കാം എന്നതിനെ സംബന്ധിച്ച വിവേകപൂര്‍ണമായ ആലോചനകള്‍ അനിവാര്യമാണ്. കടന്നാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കുക എന്നത് പ്രധാനമാണ്. അതേസമയം, അത് വീണ്ടുമൊരു യുദ്ധത്തിലേക്കു നയിക്കുകയെന്ന കാര്യം അചിന്ത്യമാണ്. കാരണം, സംഘര്‍ഷത്തിന്റെ രണ്ടു ഭാഗത്തും അണിനിരക്കുന്നത് അണ്വായുധശേഷിയുള്ള രണ്ട് അയല്‍രാജ്യങ്ങളാണ്. അതിനാല്‍ ഐക്യരാഷ്ട്രസഭ അടക്കമുള്ള ലോകനേതൃത്വം പ്രദേശത്ത് സംഘര്‍ഷം വര്‍ധിക്കുന്നത് ഒഴിവാക്കാനുള്ള സത്വര നീക്കങ്ങള്‍ക്ക് തയ്യാറാവും എന്നു പ്രതീക്ഷിക്കുകയാണ് ഉചിതം.
എന്നാല്‍, എന്തുകൊണ്ട് കശ്മീര്‍ താഴ്‌വരയില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നു എന്ന് ഇന്ത്യന്‍ നേതൃത്വം വിലയിരുത്തേണ്ടതാണ്. ജൂലൈ എട്ടിനു ശേഷം താഴ്‌വര നിരന്തരമായ പ്രക്ഷോഭങ്ങളാല്‍ സംഘര്‍ഷഭരിതമാണ്. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനായി ആയിരക്കണക്കിനു സൈനികരെയാണ് താഴ്‌വരയില്‍ എമ്പാടും വിന്യസിച്ചിരിക്കുന്നത്. അതിന്റെ സ്വാഭാവികമായ ഒരു ഫലം, അതിര്‍ത്തിയിലെ കടന്നാക്രമണം തടയാനുള്ള ശേഷിയും തയ്യാറെടുപ്പും കുറഞ്ഞുവരുകയായിരുന്നു എന്നതുതന്നെയാണ്. സമീപകാലത്ത് പ്രദേശമപ്പാടെ കര്‍ഫ്യൂവില്‍ അമര്‍ന്നതിനാല്‍ സൈനിക നീക്കങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതുപോലും അസാധ്യമായിത്തീര്‍ന്നിരിക്കുന്നു എന്നാണു വാര്‍ത്തകള്‍.
അതിനാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് കശ്മീരില്‍ സമാധാനസ്ഥാപനം അനിവാര്യമാണ്. സംഘര്‍ഷം ശമിപ്പിക്കാന്‍ കൂടുതല്‍ സൈനികരെ അയക്കുകയല്ല, രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമം നടത്തുകയാണു വേണ്ടത്. ഇനിയെങ്കിലും അത്തരം വിവേകപൂര്‍ണമായ ചുവടുവയ്പുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുക.

(Visited 163 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക