|    Jan 24 Tue, 2017 12:26 am

അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്നവര്‍ക്ക് അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം

Published : 11th July 2016 | Posted By: SMR

ന്യൂഡല്‍ഹി: അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഉണ്ടാവുന്ന വെടിവയ്പില്‍ കൊല്ലപ്പെടുന്ന നാട്ടുകാരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന സാധാരണക്കാര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഭീകരാക്രമണം, മാവോവാദി ആക്രമണം എന്നിവമൂലം കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരം മൂന്നുലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ആക്രമണത്തില്‍പ്പെട്ട് 50 ശതമാനം വൈകല്യം ബാധിച്ചവര്‍ക്കും അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കും.
എന്നാല്‍, കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ടെങ്കില്‍ ഈ സഹായധനം ലഭിക്കുകയില്ല. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക വിജ്ഞാപനം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീരിലെ ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ വര്‍ഷംപ്രതി 50ല്‍പരം സാധാരണക്കാരാണ് വെടിവയ്പിലും ഷെല്ലാക്രമണത്തിലും കൊല്ലപ്പെടുന്നത്. 2015ല്‍ ഭീകരാക്രമണത്തില്‍ ഏഴുപേര്‍ രാജ്യത്ത് കൊല്ലപ്പെട്ടു. എന്നാല്‍, ജമ്മു കശ്മീരില്‍ ഇതേവര്‍ഷം 17 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
മാവോവാദി ആക്രമണത്തില്‍ 168 പേര്‍ കൊല്ലപ്പെട്ടിരുന്നു. വര്‍ഗീയ കലാപത്തിലും മറ്റു ആക്രമണങ്ങളിലും കൊല്ലപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്ന പദ്ധതി 2008ലാണ് ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക