|    Jan 21 Sat, 2017 2:01 pm
FLASH NEWS

അതിര്‍ത്തിയിലെ സംഘര്‍ഷം: വെറ്റില കര്‍ഷകര്‍ ആശങ്കയില്‍

Published : 10th October 2016 | Posted By: SMR

തിരൂര്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ത്തില്‍ വെറ്റില കര്‍ഷകര്‍ ആശങ്കയില്‍. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നത് വെറ്റിലയുടെ കയറ്റുമതിയെ ബാധിച്ചതാണ് കര്‍ഷകരേയും തൊഴിലാളികളേയും ആശങ്കയിലാക്കിയിരിക്കുന്നത്. വെറ്റിലയുടെ പ്രധാന വിപണി പാകിസ്താനാണ്.
അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം ഇന്ത്യയില്‍ നിന്നും നേരിട്ട് പാകിസ്താനിലേക്കുള്ള കയറ്റുമതിക്ക് തടസ്സം നേരിട്ടിട്ടുണ്ട്. അതിനാല്‍ ശ്രീലങ്ക വഴിയും അറബ് രാജ്യങ്ങള്‍ വഴിയും ഇപ്പോള്‍ പാകിസ്താനിലേക്ക് വെറ്റില നാമമാത്രമായി കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഈ നീക്കത്തിനും തടസ്സം നേരിടുന്നുണ്ട്.
മലപ്പുറത്തെ തിരൂരില്‍ നിന്നാണ് പ്രധാനമായും പാകിസ്താനിലേക്ക് വെറ്റില കയറ്റുമതി ചെയ്യുന്നത്. നേരിട്ടുള്ള കയറ്റുമതിക്ക് തടസ്സം നേരിട്ടതോടെ ശ്രീലങ്ക വഴി കൊണ്ടുപോവാന്‍ അധിക ചെലവ് വരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
തിരൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗമായിരുന്നു ആദ്യം വെറ്റില കയറ്റി അയച്ചിരുന്നത്. 10 മിനിറ്റ് നേരം തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചിരുന്ന ട്രെയിന്‍ ഇപ്പോള്‍ രണ്ടു മിനിറ്റ് നേരം മാത്രമാണ് തിരൂരില്‍ നിര്‍ത്തുന്നത്. ഈ സമയം ലോഡിങിന് തികയാത്തത് വെറ്റില വിമാനമാര്‍ഗം അയക്കുന്നതിന് കാരണമായിട്ടുണ്ട്. ഈ അധിക ചെലവുകള്‍ കര്‍ഷകരെയാണ് ബാധിക്കുന്നത്. ഉല്‍പന്നത്തിന് ഡിമാന്‍ഡ് ഇല്ലാത്തതിനാല്‍ ആവശ്യത്തിലേറെ മാര്‍ക്കറ്റിലെത്തുന്നതും വെറ്റിലയുടെ വിലയിടിവിന് കാരണമാണ്. കയറ്റുമതി നിലച്ചതോടെ പ്രാദേശിക വിപണിയും കൂപ്പുകുത്തി.
വെറ്റിലയ്ക്ക് ആവശ്യക്കാരില്ലാതെ കര്‍ഷകര്‍ വലയുകയാണ്. കയറ്റുമതി നിലച്ചതോടെ വെറ്റിലയ്ക്ക് വിലയിടിഞ്ഞു. നേരത്തേ 80ന് മുകളില്‍ വിലയുണ്ടായിരുന്ന മുന്തിയ ഇനം വെറ്റിലയ്ക്ക് ഇപ്പോള്‍ 25 രൂപയ്ക്ക് താഴെയാണ് വില. അതിനും ആവശ്യക്കാരില്ല. കയറ്റുമതി നിലച്ചതോടെ പ്രാദേശിക വിപണികളിലും ആവശ്യക്കാരില്ലാതെയായി.
ദിവസേനയെന്നോണം നനച്ചു വളര്‍ത്തേണ്ട കൃഷിയിനമാണ് വെറ്റില. മഴയുടെ കുറവും ജൈവവളങ്ങളുടെ വില വര്‍ധനവും വര്‍ധിച്ച കൂലിച്ചെലവും മൂലം പ്രയാസപ്പെടുമ്പോഴാണ് വിപണിയിലെ തകര്‍ച്ചയും ഈ കൃഷിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. തിരൂര്‍ താലൂക്കിലെ പ്രധാന കൃഷിയിനമാണ് വെറ്റില.
നിരവധി കുടുംബങ്ങളുടെ പ്രധാന വരുമാന മാര്‍ഗവും വെറ്റില കൃഷിയും അനുബന്ധതൊഴിലുമാണ്. ആവശ്യക്കാരില്ലാതെ വന്നതോടെ വെറ്റില പറിച്ചെടുക്കാതെ നശിക്കുകയാണ്. അതുമൂലം ജോലിയില്ലാതെ ഈ മേഖലയിലെ തൊഴിലാളികള്‍ കടക്കെണിയിലാണ്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്താണ് പല കര്‍ഷകരും കൃഷി നടത്തുന്നത്. കൃഷി നഷ്ടത്തിലായതോടെ വായ്പ തിരിച്ചടയ്ക്കാനാവാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.
ഏലം, കുരുമുളക്, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് വിലയിടിയുമ്പോള്‍ അവരുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന സര്‍ക്കാരുകള്‍ വെറ്റില കര്‍ഷകരുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കുകയാണ്. വിദേശനാണ്യം നേടിക്കൊടുക്കുന്ന മേഖലയാണെങ്കിലും അസംഘടിതരായതിനാല്‍ സര്‍ക്കാരുകള്‍ വെറ്റില കര്‍ഷകരെ അവഗണിക്കുകയാണ്.
സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യം ഒന്നും  ഇവര്‍ക്കില്ല. അതിനാല്‍ അതിര്‍ത്തിയിലെ ഓരോ വെടിയൊച്ചയിലും ഹൃദയ മിടിപ്പ് വര്‍ധിച്ച് കഴിയുകയാണ് വെറ്റില കര്‍ഷകരും തൊഴിലാളികളും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക