|    Sep 21 Thu, 2017 7:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അതിര്‍ത്തികളില്‍ സംഘര്‍ഷം : സൈന്യത്തിന് പ്രത്യേക സാമ്പത്തിക അധികാരം നല്‍കിയതായി റിപോര്‍ട്ട്‌

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ചൈനയുടെയും പാകിസ്താന്റെയും അതിര്‍ത്തികളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് പ്രത്യേക സാമ്പത്തിക അധികാരം നല്‍കിയതായി റിപോര്‍ട്ട്. ആയുധങ്ങളുടെ കുറവുകള്‍ നികത്താനും ചെറുതും വേഗതയാര്‍ന്നതുമായ യുദ്ധം അനിവാര്യമാവുകയാണെങ്കില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ക്കുമായാണ് സൈന്യത്തിന് പ്രത്യേക സാമ്പത്തികാധികാരം നല്‍കിയിരിക്കുന്നത്. കരസേനാ ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക അധികാരം കൈമാറിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ചിട്ടുണ്ടെന്നു കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആയുധങ്ങളുടെ അപര്യാപ്തത പരിഹരിക്കാനായി 46തരം വെടിക്കോപ്പുകള്‍, ആയുധങ്ങളുടെ 10 തരം യന്ത്രഭാഗങ്ങള്‍ എന്നിവ വാങ്ങുന്നതിനു കേന്ദ്രം അനുമതിനല്‍കിയിട്ടുണ്ട്. റവന്യൂ വരുമാനത്തില്‍ നിന്നും 40,000 കോടി സൈനിക കരാറിനായി മാറ്റിവയ്ക്കാനാണു തീരുമാനം. എന്നാല്‍, ഇതിന് പര്യാപ്തമായ ഫണ്ട് മുഴുവന്‍ ഈ സാമ്പത്തിക വര്‍ഷംതന്നെ നല്‍കില്ലെന്നാണ് റിപോര്‍ട്ട്. നിലവിലുള്ള ഉപയോഗക്ഷമമായ ഉപകരണങ്ങള്‍ക്കും ആയുധതാവളങ്ങള്‍ക്കും മാത്രമേ ഈ ഫണ്ട് ഉപയോഗിക്കുകയുള്ളൂ. പുതിയ ആയുധങ്ങള്‍ വാങ്ങാനും സൈനിക താവളങ്ങള്‍ക്കും പ്രതിരോധ ബജറ്റിന്റെ കാതലായ ഭാഗമാണ് മാറ്റിവയ്ക്കുക.22 തരത്തിലുള്ള ആയുധങ്ങളും ആറുതരം മൈനുകളും വാങ്ങാനുള്ള സാമ്പത്തികാധികാരമാണു കരസേനാ ഉപമേധാവിക്ക് കൈമാറിയ നിര്‍ദേശത്തിലുള്ളത്. ഇത് ഉടന്‍ തന്നെ അംഗീകരിക്കപ്പെടുമെന്നാണു കരുതുന്നത്. 40 ദിവസത്തെ യുദ്ധത്തിനുള്ള യുദ്ധകോപ്പുകള്‍ സംഭരിക്കാനാണു കേന്ദ്രം സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമ പ്രതിരോധത്തിനു വേണ്ട പല നിര്‍ണായകമായ ആയുധങ്ങളും കരയുദ്ധത്തിനു വേണ്ട വലിയ തോക്കുകളും 10 ദിവസം വരെ നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന് തികയില്ലെന്നാണ് സിഎജി വ്യക്തമാക്കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക