|    May 1 Mon, 2017 7:52 am

അതിരപ്പിള്ളി; വൈദ്യുതിമന്ത്രിയുടെ നീക്കം ദുരൂഹം: എഐവൈഎഫ്

Published : 21st October 2016 | Posted By: SMR

കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എഐവൈഎഫ് സംസ്ഥാനകമ്മിറ്റി. പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിയമസഭയിലെ പ്രഖ്യാപനം പ്രതിഷേധാര്‍ഹമാണ്. പദ്ധതിയെക്കുറിച്ച് പതിറ്റാണ്ടുകളായി പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നുണ്ട്.
പദ്ധതി കനത്ത പരിസ്ഥിതിനാശത്തിനു കാരണമാവുമെന്നാണു പുറത്തുവന്ന പഠന റിപോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോവാനുള്ള മന്ത്രിയുടെ നീക്കം ദുരൂഹമാണ്. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും പദ്ധതിക്കെതിരായ സമരത്തിന്റെ മുന്‍പന്തിയില്‍ എഐവൈഎഫ് ഉണ്ടാവുമെന്നു സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്  പറഞ്ഞു.
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പോലും പദ്ധതിയെക്കുറിച്ചു പരാമര്‍ശിക്കാതിരുന്നത് പൊതുസമൂഹത്തിന്റെ താല്‍പര്യം പരിഗണിച്ചാണ്. ഇപ്പോള്‍ ഇതൊരു അടിയന്തര ആവശ്യമായി വരുന്നത് അംഗീകരിക്കാനാവില്ല.
പരിസ്ഥിത സൗഹൃദ വികസനമെന്ന എല്‍ഡിഎഫ് പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണു മന്ത്രിയുടെ പ്രസ്താവന. ഊര്‍ജോല്‍പാദനത്തിനു നിരവധി ബദല്‍ മാതൃകകള്‍ ഉണ്ടെന്നിരിക്കെ അതിരപ്പിള്ളി മാത്രമാണു പോംവഴിയെന്ന വാദം തീര്‍ത്തും ബാലിശമാണെന്നും മഹേഷ് പറഞ്ഞു.
തൊഴില്‍, വിദ്യാഭ്യാസം, തിരഞ്ഞെടുപ്പ് പരിഷ്‌കരണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എഐവൈഎഫ്, എഐഎസ്എഫ് നേതൃത്വത്തില്‍ നവംബര്‍ 22ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ്, ജില്ലാ പ്രസിഡന്റ് എന്‍ എം ബിജു പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day