|    Dec 10 Mon, 2018 9:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അതിജീവിച്ച് ഇന്ത്യ -250/9

Published : 7th December 2018 | Posted By: kasim kzm

അഡ്‌ലെയ്ഡ്: ആസ്‌ത്രേലിയയുമായുള്ള ടെസ്റ്റില്‍ കൂട്ടത്തകര്‍ച്ചയെ അതിജീവിച്ച് ഇന്ത്യ. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 51/4 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്ന ഇന്ത്യ ഒന്നാംദിവസം അവസാനിക്കുമ്പോള്‍ 250/9 എന്ന നിലയിലാണ്. പൊരുതി നേടിയ ശതകവുമായി ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയുടെ അതിജീവനത്തിന്റെ മുഖമുദ്രയായത്. മറ്റു മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പുജാര 246 പന്തില്‍ നിന്ന് 123 റണ്‍സുമായി പുറത്താവാതെ നിന്നു.
രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്റെ കൈകളിലെത്തിച്ചാണ് പുറത്താക്കിയത്. സഹ ഓപ്പണര്‍ വിജയി 11 റണ്‍സെടുക്കുന്നതിനിടെ ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങുകയായിരുന്നു. നാലാമനായെത്തിയ നായകന്‍ വിരാട് കോഹ്‌ലിക്കും ഇന്ത്യന്‍ പ്രതീക്ഷ കാക്കാനായില്ല. നിലയുറപ്പിക്കും മുമ്പ് മൂന്ന് റണ്‍സില്‍ നില്‍ക്കേ കോഹ്‌ലിയെ കമ്മിണ്‍സാണ് പുറത്താക്കിയത്. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഖ്വാജയുടെ പറക്കും ക്യാച്ചിലാണ് കമ്മിണ്‍സ് കോഹ്‌ലിയെ പറഞ്ഞയച്ചത്.
മധ്യ നിരയില്‍ രോഹിത് ശര്‍മ്മ(37), ഋഷഭ് പന്ത്(25), രവിചന്ദ്രന്‍ അശ്വിന്‍(25) എന്നിവര്‍ക്കൊപ്പം നിര്‍ണായക കൂട്ടുകെട്ടുകള്‍ നേടിയ പുജാര വാലറ്റത്തിനെ കൂട്ടുപിടിച്ച തന്റെ സെഞ്ച്വറി നേടുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനെതിരേ രണ്ട് റണ്‍സ് ഓടി പൂര്‍ത്തിയാക്കിയാണ് പുജാര തന്റെ 100 തികച്ചത്. അശ്വിനുമായി ചേര്‍ന്ന് ഏറെ നിര്‍ണായകമായ 62 റണ്‍സ് നേടാനായതും ഒന്നാം ദിവസം ഓള്‍ഔട്ട് ആവാതെ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചു. രോഹിത്തിനൊപ്പം 45 റണ്‍സും പന്തിനൊപ്പം 41 റണ്‍സുമാണ് പുജാര നേടിയത്. ഇന്ത്യ ഒന്നാംദിവസം രണ്ട് വിക്കറ്റ് അവശേഷിക്കെ അതിജീവിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് തിരിച്ചടിയായി പുജാരയുടെ റണ്ണൗട്ട്. പാറ്റ് കമ്മിന്‍സിന്റെ മികച്ച ഫീല്‍ഡിങാണ് പുജാരയുടെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ചത്. പുജാരയുടെ വിക്കറ്റ് വീണതോടെ ഒന്നാം ദിവസത്തെ കളി അവസാനിച്ചു.ആസ്‌ത്രേലിയയ്ക്കായി പ്രധാന ബൗളര്‍മാരായ സ്റ്റാര്‍ക്ക്, ഹാസല്‍വുഡ്, കമ്മിന്‍സ്, ലയണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss