|    Dec 13 Thu, 2018 3:06 am
FLASH NEWS
Home   >  Editpage  >  Lead Article  >  

അതിജീവനത്തെ വെറുക്കുന്നവര്‍

Published : 27th July 2018 | Posted By: kasim kzm

എ എം  നജീബ്
മാരകായുധങ്ങള്‍ പരീക്ഷിക്കുക, പൊതുമുതല്‍ നശിപ്പിക്കുക, അപരരെ ആക്രമിക്കുക എന്നതൊക്കെ കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയ സമരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട കാര്യങ്ങളാണ്. കോളജ് വിദ്യാര്‍ഥിയായിരിക്കെ അതിന്റെ ലോകത്തേക്കു കടന്നുവന്നതിന്റെ ഓര്‍മകള്‍ പലരും പങ്കുവച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം നടന്നവരില്‍ ആര് ഓര്‍മക്കുറിപ്പുകള്‍ എഴുതിയാലും അവര്‍ക്കു പങ്കുവയ്ക്കാനുള്ളത് സംഭവബഹുലവും രക്തരൂഷിതവുമായ സമരസംസ്‌കാരത്തെ കുറിച്ചായിരിക്കും.
2018 ജൂലൈ 1 അര്‍ധരാത്രി മഹാരാജാസ് കോളജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മാധ്യമ വിചാരണകളും രാഷ്ട്രീയ പ്രചാരണങ്ങളും സാമൂഹിക ജീവിതത്തില്‍ വലിയ മുറിവ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഗുണപ്രദമായ പല ചര്‍ച്ചകളിലേക്കും പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നതിന് ഉപകരിക്കേണ്ട ഒരു വിഷയത്തെ കുത്സിത രാഷ്ട്രീയലാഭത്തിനായി എങ്ങനെ മാറ്റിയെടുക്കാമെന്ന ഗവേഷണത്തിലാണ് സിപിഎം.
കലാലയങ്ങളുടെ ചുറ്റുമതിലിനുള്ളില്‍ നിന്നു കുറേ കാലമായി കേട്ടുകൊണ്ടിരിക്കുന്ന ശുഭകരമല്ലാത്ത വാര്‍ത്തകള്‍ക്കു പിന്നില്‍ അവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിനു വലിയ പങ്കുണ്ട്. എസ്എഫ്‌ഐ ഭരണം നടത്തുന്ന കാംപസുകളില്‍ നിന്നു കേട്ടുകൊണ്ടിരിക്കുന്ന മറ്റു വിദ്യാര്‍ഥികളുടെ നിലവിളി സംഗീതം പോലെ ആസ്വദിച്ച മാധ്യമങ്ങളും ചാനല്‍ ജഡ്ജിമാരുമാണ് അഭിമന്യു വധത്തിന്റെ പേരില്‍ മുസ്‌ലിം വിരുദ്ധത പുറംതോട് നീക്കി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കാംപസില്‍ നടന്ന ദാരുണമായ രാഷ്ട്രീയ സംഘര്‍ഷത്തിനു മതതീവ്രവാദമെന്ന മാനം നല്‍കി പ്രചാരണം നടത്തുന്നതില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം ബോധ്യപ്പെടാത്തവരല്ല പലരും. ഏതു സംഭവങ്ങളുടെയും എതിര്‍പക്ഷത്ത് മുസ്‌ലിം സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളോ വിഭാഗങ്ങളോ ആവുമ്പോള്‍ കിട്ടിയ വടി ഉപയോഗപ്പെടുത്തുകയെന്ന യുക്തി മാത്രമാണ് പ്രാവര്‍ത്തികമാകുന്നത്. ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന നാളുകളിലാണ് ഈ പ്രചാരണങ്ങള്‍ക്കു തീവ്രതയേറുക.
ഓരോ പുതിയ സംഭവങ്ങള്‍ അരങ്ങേറുമ്പോഴും ചില മുസ്‌ലിംപക്ഷ സംസാരങ്ങള്‍ പോലും ആ അര്‍ഥത്തില്‍ മുസ്‌ലിം വിരുദ്ധതയുടെ ന്യായങ്ങളായി മാറുന്നതു കാണാം. അധികാരവും സാമൂഹിക പദവിയുമുള്ള ആളുകള്‍ നടത്തുന്ന സംസാരങ്ങള്‍ പലപ്പോഴും മുസ്‌ലിംകളെ കുറിച്ചുള്ള സ്ഥാപനവല്‍കൃത ധാരണകളുടെ ഉള്ളില്‍ നിന്നു വരുന്നതാണ്. മുസ്‌ലിംകളോടുള്ള ഗുണകാംക്ഷ, രാഷ്ട്രീയ നിയന്ത്രണമാണ്  ലക്ഷ്യംവയ്ക്കുന്നത്.
അഭിമന്യു വധത്തെ തുടര്‍ന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച പരമ്പര ശ്രദ്ധിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളോട് സര്‍ക്കുലറിലൂടെ കാംപസ് ഫ്രണ്ടും പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആവശ്യപ്പെടുന്ന ഇസ്‌ലാമിക് പുഞ്ചിരി, മടക്കിയ ജീന്‍സും കൂളിങ് ഗ്ലാസും, കലാപങ്ങള്‍ക്കുള്ള മുന്നൊരുക്കമായി വാഴ വെട്ടിയും തെരുവു നായ്ക്കളെ വെട്ടിയും പോപുലര്‍ ഫ്രണ്ടുകാര്‍ നടത്തുന്ന പരിശീലനങ്ങള്‍! ആര്‍എസ്എസിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച നുണകള്‍ ദേശാഭിമാനി കോപ്പി എഡിറ്റിങ് പോലും കൂടാതെ പ്രസിദ്ധീകരിക്കുകയായിരുന്നു. സാമാന്യ യുക്തിചിന്തയുടെയോ മറുചോദ്യങ്ങളുടെ പോലുമോ ആനുകൂല്യം നല്‍കാതെയാണ് ഈ വിഡ്ഢിത്തങ്ങള്‍ പൊതുഇടങ്ങളില്‍ ആവര്‍ത്തിക്കുന്നതും.
1971ല്‍ തലശ്ശേരി കലാപത്തിനു തൊട്ടുമുമ്പ്, അമ്പലത്തില്‍ നിന്നു വരുന്ന ഹൈന്ദവ സ്ത്രീകളെ മുസ്‌ലിംകള്‍ ബലാല്‍സംഗം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസുകാര്‍ പ്രചരിപ്പിച്ചപ്പോള്‍, പട്ടാപ്പകല്‍ അങ്ങനെ ചെയ്യാന്‍ മുസ്‌ലിംകള്‍ തയ്യാറാവുമോ എന്നു ചിന്തിക്കാനുള്ള യുക്തി ഒരാള്‍ക്കു പോലുമില്ലായിരുന്നു. അതാണ് ഫാഷിസമെന്ന് എം എന്‍ വിജയന്‍ മാഷ് പറഞ്ഞിട്ടുണ്ട്.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വേട്ടകള്‍ക്കു പുതുമയില്ല. സ്വതന്ത്ര ഇന്ത്യ ഹിന്ദുത്വ കലാപകാരികളുടെ മുസ്‌ലിംവേട്ടയുടെ പരീക്ഷണഭൂമിയായിരുന്നു. നെല്ലി, ബാബരി, മുംബൈ, ഗുജറാത്ത്… കലാപമെന്ന ഓമനപ്പേരില്‍ മുസ്‌ലിം ശ്മശാനങ്ങള്‍ തീര്‍ത്ത വംശഹത്യകള്‍. വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക മേഖലകളില്‍ നിന്ന് ഏറെ പിന്തള്ളപ്പെട്ടുപോയ ഒരു  വിഭാഗം സ്വപ്രയത്‌നത്താല്‍ കരയ്ക്കടുക്കുമ്പോള്‍ തീപ്പിടിക്കുന്ന നുണകള്‍ പ്രചരിപ്പിച്ചും ഭയം സൃഷ്ടിച്ചും പൊതുസമൂഹത്തില്‍ നിന്ന് അകറ്റാനായിരുന്നു എന്നും ശ്രമം നടന്നത്.
എത്ര തവണയാണ് ഒരേ ചോദ്യത്തിനു  മുസ്‌ലിം സമൂഹത്തിനു മറുപടി പറയേണ്ടിവന്നിട്ടുള്ളത്? ഏക സിവില്‍ കോഡ്, ലൗ ജിഹാദ്, തീരത്തണയുന്ന ആയുധക്കപ്പലുകള്‍, ലശ്കറെ ത്വയ്യിബ, അല്‍ഖാഇദ, ഇസ്‌ലാമിക് സ്റ്റേറ്റ്, സിറിയ, ആടു മേക്കല്‍, മതകോടതികളെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന വിശദീകരണങ്ങള്‍, ബഹുഭാര്യാത്വവും മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രസവക്കണക്കും സംബന്ധിച്ച പര്‍വതീകരിച്ച കണക്കുകള്‍ തുടങ്ങി ലോകത്തെവിടെയും മുസ്‌ലിംകള്‍ പ്രതിപ്പട്ടികയിലെത്തിയ ഹിംസകളെ പോലും കേരളീയ ‘പൊതുമണ്ഡലം’ തിരഞ്ഞെടുത്ത് അവതരിപ്പിച്ച് വിലപിക്കുമ്പോള്‍ അതിന്റെയൊക്കെ ലക്ഷ്യം മുസ്‌ലിംകളുടെ സാമൂഹിക സംഘാടനത്തിന്റെ ന്യായങ്ങളില്‍ നിന്നും ആവിഷ്‌കാരങ്ങളില്‍ നിന്നും അവരെ തടഞ്ഞുനിര്‍ത്തുകയെന്നതു മാത്രമാണ്.
ടാഡയും പോട്ടയും നടപ്പാക്കാത്ത സംസ്ഥാനമായിരുന്ന കേരളത്തില്‍ യുഎപിഎ നിയമം നടപ്പാക്കി. യുഎപിഎ പ്രകാരം ആദ്യഘട്ടത്തില്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നല്ലൊരു ശതമാനവും മുസ്‌ലിംകളാണ്. ഖിലാഫത്ത് പ്രക്ഷോഭത്തിനു ശേഷം ഇത്രയധികം മലയാളി മുസ്‌ലിംകള്‍ രാഷ്ട്രീയക്കുറ്റങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്നത് 90 വര്‍ഷത്തിനു ശേഷം ആദ്യമായിട്ടായിരുന്നു. എന്നിട്ടും ആ ഭീകര നിയമത്തിന്റെ അപകടം ചൂണ്ടിക്കാട്ടാന്‍ നമ്മുടെ സെക്കുലര്‍ ബുദ്ധിജീവികള്‍ വായ തുറക്കാതിരുന്നു.
മാപ്പിളച്ചെറുക്കന്‍മാര്‍ അക്ഷരം പഠിക്കുകയും അധികാരത്തിന്റെ ഇടനാഴികളുടെ മേല്‍വിലാസങ്ങള്‍ വായിച്ചുതുടങ്ങുകയും ചെയ്തപ്പോള്‍  അസ്വസ്ഥത പ്രകടമായി പുറത്തേക്കു വന്നത് എകെജി സെന്ററില്‍ നിന്നായിരുന്നു. മുസ്‌ലിം പശ്ചാത്തലമുള്ള സംഘടനകള്‍ ഏതെങ്കിലും വികസനസംബന്ധമായ സമരത്തിലോ പരിസ്ഥിതി സമരത്തിലോ പങ്കാളികളായാല്‍ അതിനെ തീവ്രവാദ സമരമാക്കുന്ന വിദ്യ സിപിഎം നേതാക്കള്‍ ആവിഷ്‌കരിച്ചു തുടങ്ങിയിട്ട് കാലമേറെയായി. അഭിമന്യു വധത്തില്‍ പ്രതിസ്ഥാനത്തുള്ള 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച കാംപസ് ഫ്രണ്ടിന്റെ മാതൃസംഘടനയായി 2009ല്‍ രൂപീകരിച്ച എസ്ഡിപിഐയുടെ പേര് വലിച്ചിഴയ്ക്കുന്നതില്‍ സിപിഎമ്മിന്റെ ഈ ഒതുക്കല്‍ രാഷ്ട്രീയത്തിനുള്ള പങ്ക് കൃത്യമാണ്.
മുസ്‌ലിംകള്‍ പൊതുപ്രവര്‍ത്തനത്തിലോ പരിസ്ഥിതി വിഷയങ്ങളിലോ ഇടപെടരുത്. അവര്‍ പള്ളിയില്‍ ബാങ്ക് വിളിച്ചും ബിരിയാണി തിന്നും കഴിഞ്ഞാല്‍ മതി. ഇടപെട്ടാല്‍ അതു തീവ്രവാദം, ഇസ്‌ലാമിക രാഷ്ട്രം, മതനിരപേക്ഷതയ്ക്ക് അപകടം, വിദേശ സഹായം- ഇതാണ് ലൈന്‍.  ഗെയില്‍ സമരങ്ങള്‍ക്കു നേതൃത്വം കൊടുത്ത എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ ഇടപെടലുകളെ ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃതത്വത്തോട് ഉപമിച്ചാണ് സിപിഎം ജില്ലാ കമ്മിറ്റി ലഘുലേഖ തയ്യാറാക്കിയത്.
ചെങ്ങറയിലെ ദലിത് സമരക്കാരെ റബര്‍ മോഷ്ടാക്കളാക്കുന്ന അതേ ആഢ്യബോധമാണ്, മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പരീക്ഷകളില്‍ ജയിക്കുന്നത് എന്ന പ്രസ്താവനയ്ക്കു പിന്നില്‍. ‘നരകസാകേത’ത്തിലെ സുധീഷ് മിന്നിമാര്‍ മുഖേന കണ്ണൂര്‍ സിപിഎമ്മിലേക്ക് ഒഴുകിയെത്തുന്ന ആര്‍എസ്എസുകാരും ബാലഗോകുലത്തിന്റെ ആഘോഷങ്ങള്‍ മുതല്‍ ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് മാത്രം കേരളത്തിലെ ആര്‍എസ്എസ് ആചരിച്ചുവന്ന രാമായണ മാസാചരണം വരെ പാര്‍ട്ടി ഏറ്റെടുക്കുന്നതും സിപിഎം ഇന്ന് എത്തിനില്‍ക്കുന്ന അപഭ്രംശത്തിന്റെ ഉദാഹരണങ്ങള്‍ മാത്രം.                     ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss