|    Oct 23 Tue, 2018 6:15 am
FLASH NEWS

അതിജീവനത്തിന്റെ പുതുവഴികള്‍ തേടി ഉറുമ്പിക്കരയില്‍ ഇന്ന് ഗ്രാമോല്‍സവം

Published : 7th September 2017 | Posted By: fsq

 

അജീഷ് വേലനിലം

മുണ്ടക്കയം: അതിജീവനത്തിന്റെ പുതുവഴികള്‍ തേടി ഉറുമ്പിക്കരയില്‍ ഇന്നും നാളെയും ഗ്രാമോല്‍സവം നടക്കും. യാത്രാ സൗകര്യമില്ലാതായതിനെ തുടര്‍ന്ന് കുട്ടികളുടെ പഠനം മുടങ്ങിയ സംഭവത്തോടെ സമൂഹ മനസ്സാക്ഷിയുടെ മുന്നില്‍ ചോദ്യചിഹ്നമായി മാറിയ ഉറുമ്പിക്കര ഗ്രാമം അതിജീവനത്തിനുള്ള മാര്‍ഗങ്ങളുടെ തയാറെടുപ്പാണ് ഗ്രാമോല്‍സവത്തിലൂടെ നടത്തുന്നത്. ജില്ലാ എഫക്ടീവ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ ഉറുമ്പിക്കര കമ്മ്യൂനിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ഓറിയന്റേഷന്‍ പ്രവര്‍ത്തനങ്ങളും മാതാപിതാക്കള്‍ക്ക് കുട്ടികളുടെ വിദ്യാഭാസത്തിന്റെ പ്രാധാന്യം വിവരിക്കുന്ന മോട്ടിവേഷന്‍ ക്ലാസുകളും നടത്തും. ഇതിലൂടെ കുട്ടികള്‍ക്ക് ആത്മവിശ്വാസവും മാതാപിതാക്കള്‍ക്ക് വിദ്യാഭാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം എത്തിക്കുകയും അതുവഴി പ്രതികൂലാവസ്ഥയെ തരണം ചെയ്യാന്‍ മാനസികമായി തയാറെടുപ്പിക്കുകയുമാണ് എഫക്ടീവ് ടീച്ചേഴ്‌സ് ലക്ഷ്യം വെയ്ക്കുന്നത്. ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കരയില്‍ ഇപ്പോള്‍ ശേഷിക്കുന്നത് 60 ഓളം കുടുംബങ്ങളാണ്. ടൂറിസം രംഗത്ത് കുതിച്ചുചാട്ടം നടത്തുന്ന അവസ്ഥയിലും ഉറുമ്പിക്കരയിലേക്ക് യാത്രാമാര്‍ഗങ്ങള്‍ ദുരിതം നിറഞ്ഞവയാണ്. സമീപഗ്രാമമായ ഏന്തയാറ്റിലുള്ള ചുരുക്കം ചില ജീപ്പുകള്‍ മാത്രമാണ് ഉറുമ്പിക്കരയിലെത്തുന്നത്. മേഖലയിലെ 30ഓളം കുട്ടികള്‍ക്ക് വിദ്യാഭാസം നേടുന്നതിനായി സ്‌കൂളിലെത്താന്‍ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. റോഡിന്റെ ശോചനീയാവസ്ഥ മൂലവും ഭാരിച്ച ജീപ്പുകൂലിയെ തുടര്‍ന്നും ഒരുമാസം മുമ്പ് കുട്ടികളുടെ പഠനം നിലച്ചിരുന്നു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് പേരിനെങ്കിലും വിദ്യാഭാസ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടെങ്കിലും നടപടി ക്രമങ്ങളില്‍ തട്ടി ഇവ പ്രശ്‌ന പരിഹാരത്തിന് ഉതകിയില്ല. കുട്ടികളുടെ പഠനം മുടങ്ങിയത് വാര്‍ത്തയായിട്ടും എല്‍എയും എംപിയും അടക്കമുള്ള ജനപ്രതിനിധികള്‍ ഇങ്ങോട്ടു തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം എഫക്ടീവ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ വെംബ്ലി പോസ്റ്റ് ഓഫിസില്‍ നിന്ന് കുട്ടികളും ഗ്രാമവാസികളും അടങ്ങുന്നവര്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നൂറുകണക്കിനു കത്തുകള്‍ അയയ്ക്കുകയും ജൈവമതിലില്‍ ഓപ്പുകള്‍ ചാര്‍ത്തി പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന ഗ്രാമോല്‍സവത്തിന് ഇഫക്ടീവ് ടീച്ചേഴ്‌സിന്റെ വിദ്യാഭാസ പ്രവര്‍ത്തകരായ പ്രഫ. എം ജി ചന്ദ്രശേഖര്‍, ഇ ടി ജ്യോതി, എന്‍ ഡി ശിവന്‍, ഗോപന്‍, റാണി, സതി ഇ സി, റെജിമോന്‍ ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നെച്ചൂര്‍ തങ്കപ്പന്‍ ഗ്രാമോല്‍സവം ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം എം ആര്‍ ബിജോയ്, ഗ്രാമ പ്രതിനിധി രാഹുല്‍ പ്രഭാകര്‍ പങ്കെടുക്കും

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss