|    Sep 21 Fri, 2018 5:20 pm
FLASH NEWS

‘അതിക്രമങ്ങള്‍ക്കെതിരേ’ വരകളിലൂടെ പ്രതിരോധം : ദില്‍നയ്ക്ക് ലോകാ ഇന്നര്‍വിഷന്‍ പുരസ്‌കാരം

Published : 29th May 2017 | Posted By: fsq

 

മലപ്പുറം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍കെതിരെ കാന്‍വാസില്‍ നിറങ്ങളിലൂടെ കലഹിക്കുന്ന യുവ ചിത്രകാരി ദില്‍ന ഷെറിന് ലോകാ ഇന്നര്‍വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്റെ പുരസ്‌ക്കാരം. തിരൂര്‍ താഴെപ്പാലത്തു നടന്ന ചടങ്ങില്‍ മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ജയകുമാറില്‍ നിന്ന് ദില്‍ന പുരസ്‌ക്കാരം ഏറ്റുവാങ്ങി.പുല്‍പറ്റ പള്ളിയാറപ്പടി പുത്തന്‍പീടിയക്കല്‍ അബ്ദുല്ല സലീന ദമ്പതികളുടെ മകളാണ് ദില്‍ന. പൂക്കൊളത്തൂര്‍ സിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഈ ചിത്രകാരി ഇതിനകം തന്നെ ഏഴ് ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ ബോധമുണര്‍ത്താനാണ് ചിത്രകല ദില്‍ന മാധ്യമമാക്കുന്നത്. ഇതുവരെ നടത്തിയ പ്രദര്‍ശനങ്ങളില്‍ ആറും വിവിധ സംഘടനകള്‍ക്കും മലപ്പുറം ആര്‍ട് ഗ്യാലറിക്കുമായി ബോധവല്‍ക്കരണാര്‍ഥം സംഘടിപ്പിച്ചതാണ്. ചെറുപ്പം മുതല്‍ ചിത്രകലയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മകള്‍ക്ക് മാതാപിതാക്കള്‍ തന്നെയായിരുന്നു പ്രചോദനം. ചുറ്റുപാടുകളില്‍ വയോവൃദ്ധകള്‍ മുതല്‍ കുരുന്നു കുട്ടികള്‍ വരെ പീഢനങ്ങള്‍ക്ക് വിധേയരാകുന്നതില്‍ അസ്വസ്ഥയായാണ് ഈ സാമൂഹ്യ വിപത്തിനെതിരെ ദില്‍ന തന്റെ കാന്‍വാസും നിറക്കൂട്ടുകളും മാറ്റിവച്ചത്. അതിപ്പോള്‍ വിവിധ സംഘടനകളുടെ പുരസ്‌ക്കാരങ്ങള്‍ ഊര്‍ജമാകുന്നു. കലയിലൂടെ ദില്‍ന നടത്തുന്ന പോരാട്ടത്തിന് അംഗീകാരമായാണ് കോലാ ഇന്നര്‍ വിഷന്‍ പുരസ്‌ക്കാരവും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.വാട്ടര്‍ കളര്‍, ഓയില്‍, അക്രിലിക്, പെന്‍സില്‍, പെന്‍, ക്രയോണ്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും ദില്‍നക്ക് ഒരുപോലെ വഴങ്ങുന്നു. ചിത്രകലക്കൊപ്പം സ്‌പോര്‍ട്‌സിനേയും അതേ പ്രാധാന്യത്തോടെ ഇഷ്ടപ്പെടുന്ന അപൂര്‍വ്വം ചിത്രകാരികളിലൊരാളുകൂടിയാണ് ദില്‍ന. സ്‌കൂള്‍ കായികോല്‍സവങ്ങളില്‍ ഓട്ടത്തിലും ലോഗ് ജംപിലും ഈ കലാകാരി മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss