|    Oct 21 Sun, 2018 7:03 am
FLASH NEWS

അണ്‍ എയ്ഡഡ് സ്‌കൂള്‍ നിര്‍മാണത്തിന്റെ മറവില്‍ നീര്‍ച്ചാല്‍ അടച്ചതായി പരാതി

Published : 20th January 2017 | Posted By: fsq

 

കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്തിലെ വെള്ളംകൊള്ളിയില്‍ നിര്‍മാണം തുടരുന്ന നിര്‍ദ്ദിഷ്ട അണ്‍ എയ്ഡഡ് ഇന്റര്‍നാഷണല്‍ പബ്ലിക് സ്‌കൂളിന്റെ മറവില്‍ വന്‍ ജല ചൂഷണമെന്ന് ആരോപണം. ജല ചൂഷണവും പൊതുവഴികൈയേറിയതായും നീര്‍ച്ചാലുകള്‍ നികത്തിയതായും ആരോപിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ നിര്‍മാണത്തിനെതിരെ പ്രക്ഷോഭവും ആരംഭിച്ചു. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് വെള്ളംകൊള്ളിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സ്വിമ്മിങ് പൂളുകള്‍, സിന്തറ്റിക് ട്രാക്ക്, കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്‌കൂള്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. നിര്‍മാണത്തിന്റെ ഭാഗമായി മൂന്നരയേക്കറോളം ഭൂമി കരിങ്കെല്ല്ഭിത്തി നിര്‍മിച്ച് മണ്ണിട്ട് നികത്തി.തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ റവന്യൂരേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പുരയിടത്തിന്റേ ഒരുഭാഗം നികത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേ സ്ഥലത്ത് ജലസേചനത്തിനായി വലിയ കിണര്‍ കുഴിക്കുകയും ചെയ്തു. ഏതാണ്ട് 20 മീറ്റര്‍ വീതിയിലും 35 അടിതാഴ്ചയിലും നിര്‍മിച്ച കിണറാണ് ഇന്ന് പ്രദേശവാസികളുടെ കുടിവെള്ളമെന്ന സ്വപ്‌നം തകര്‍ത്തിരിക്കുന്നത്. കോട്ടറക്കോണം ഏലായില്‍ കിണര്‍ നിര്‍മാണം ആരംഭിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ നാട്ടുകാര്‍ തടഞ്ഞെങ്കിലും സമീപത്തെ പഞ്ചായത്ത് കിണറിലേക്ക് സഞ്ചരിക്കാനായി മൂന്ന് മീറ്റര്‍ വീതിയില്‍ നിലവിലെ വഴിയോട് ചേര്‍ന്ന് റോഡും സമീപത്തായി നീര്‍ച്ചാലും പുനര്‍നിര്‍മിക്കാം എന്ന അധികൃതരുടെ വാദം മുഖവിലക്കെടുത്ത നാട്ടുകാര്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്നായിരന്നു ഈ വലിയ കിണര്‍ കുത്തിയത്. ഇത്രയും വലിയ കിണര്‍ ജനവാസമേഖലയില്‍ കുത്തുമ്പോള്‍ സ്വീകരിക്കേണ്ട യാതൊരു അനുമതിയും പഞ്ചായത്തില്‍ നിന്ന് സ്‌കൂളധികൃതര്‍ വാങ്ങിയുരിന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. കൊടും വേനലില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ സംഭരണിയില്‍ 15 അടിയോളം ആഴത്തില്‍ വെള്ളം നിറഞ്ഞതോടെ സമീപത്തെ പഞ്ചായത്ത് കിണറില്‍ ജലനിരപ്പ് നന്നെകുറഞ്ഞെന്ന് മാത്രമല്ല സമീപവാസികളുടെ മിക്ക കിണറുകളും വറ്റിവരളുകയും ചെയ്തു. കടുത്ത വേനലില്‍ കുടിവെളളത്തിനായി നാട്ടുകാര്‍ പരക്കം പായുമ്പോഴാണ് സ്വകാര്യ സ്‌കൂളിന്റെ ഇത്രയും വലിയ ജലചൂഷണം. സ്‌കൂള്‍ നിര്‍മ്മാണത്തിന് ദിനവും ഏതാണ്ട് 20,000 ലിറ്റര്‍ വെളളം വേണ്ടിവരും. സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തിയായാലും സ്വിമ്മിങ് പൂളില്‍ നിറക്കാനും ഹോസ്റ്റല്‍ സൗകര്യത്തിനായും മറ്റും ഇതിലധികം വെളളം ഇനിയും വേണ്ടിവരും. ഇങ്ങനെ ആയാല്‍ നാട്ടുകാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാകുമെന്നതാണ് സ്‌കൂളിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നാട്ടുകാരെ എത്തിച്ചത്. അതേസമയം നാട്ടുകാരില്‍ ചിലരെ മാനേജ്‌മെന്റ് പാട്ടിലാക്കിയതായും സമരക്കാര്‍ ആരോപിക്കുന്നു. കിണര്‍ നികത്തുന്നതിനൊപ്പം, നിലവിലെ പഞ്ചായത്ത് കിണറിലേക്കുള്ള പൊതുവഴി സ്‌കൂള്‍ മാനേജ്‌മെന്റ് തുറന്ന് തരികയും നീര്‍ച്ചാല്‍ പഴയപടി നിലനിര്‍ത്തുകയും ചെയ്യണമെന്നതാണ് സമരക്കാരുടെ ആവശ്യം. ജില്ലാ കലക്ടര്‍, തഹസീല്‍ദാര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ പരാതിയും നല്‍കിയിട്ടുണ്ട്. അനധികൃതമായി കിണര്‍കുത്തിയതിനെതിരെ ജിയോളജിക്കല്‍ വകുപ്പിനും, ഭൂജലവകുപ്പ് അധികൃതര്‍ക്കും പരാതിനല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss