|    Jan 24 Tue, 2017 6:27 am

അണ്‍ എയ്ഡഡ് കോളജുകളും കോഴ്‌സുകളും ഇനി അനുവദിക്കില്ല

Published : 20th July 2016 | Posted By: mi.ptk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി അണ്‍ എയ്ഡഡ് കോളജുകളും പുതിയ കോഴ്‌സുകളും അനുവദിക്കില്ല. പ്രഫഷനല്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടെ ഇത് ബാധകമാക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. എന്നാല്‍ നിലവിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ സൗകര്യങ്ങള്‍ക്കനുസരിച്ച് പുതിയ കോഴ്‌സുകളും അധിക ബാച്ചുകളും ആരംഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ പുതിയ കോളജുകളുടെ സാധ്യതകള്‍ ആരായാനും തീരുമാനമായി. ഉന്നത വിദ്യാഭ്യാസമേഖലയുടെ സംരക്ഷണത്തിനാണു പുതിയ നടപടി. നിലവാരത്തകര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ കൈയൊഴിയുന്ന സ്വാശ്രയ കോളജുകളുടെ എണ്ണം വര്‍ധിക്കുകയും മെറിറ്റ് സീറ്റ് ഉള്‍പ്പെടെ  ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസം പൊതുമേഖലയില്‍ ചെലവുകുറച്ച് മാത്രം നടത്തണമെന്ന വിദ്യാഭ്യാസമന്ത്രിയുടെ അഭ്യര്‍ഥന വൈസ് ചാന്‍സലര്‍മാര്‍ അംഗീകരിക്കുകയായിരുന്നു. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ഫലപ്രദമായി നടപ്പാക്കാന്‍  മന്ത്രി നിര്‍ദേശിച്ചു. ഡിഗ്രി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയായ ശേഷം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ രണ്ട് അലോട്ട്‌മെന്റുകള്‍ കൂടി നടത്തണം. വിവിധ സര്‍വകലാശാലകളുടെ പരീക്ഷാ നടത്തിപ്പ് ഏകീകരിക്കാനും തീരുമാനമായി. പ്രവേശന ഘട്ടത്തില്‍തന്നെ പരീക്ഷാ ടൈംടേബിളും ഫലപ്രഖ്യാപന തിയ്യതിയും പ്രഖ്യാപിക്കണം. ഇതിനായി അക്കാദമിക് കലണ്ടര്‍ തയ്യാറാക്കണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അച്ചടക്കവും ആസൂത്രണവും വേണം. റാഗിങ് കര്‍ശനമായി തടയുന്നതിനുള്ള സംവിധാനം ഉറപ്പുവരുത്തണം. ഹര്‍ത്താല്‍, അപ്രതീക്ഷിത അവധിദിവസങ്ങള്‍ എന്നിവ ഉണ്ടായാല്‍ തന്നെ ഫലപ്രഖ്യാപനം നിര്‍ദിഷ്ട തിയ്യതിയില്‍ തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് സര്‍വകലാശാലകളുടെ കൂട്ടായ്മയില്‍ ഇന്റര്‍നാഷനല്‍ ജേണല്‍ ആരംഭിക്കും.  ഇതിനായി മലയാളം സര്‍വകലാശാല വിസി കെ ജയകുമാര്‍ കണ്‍വീനറായി വിസിമാരുടെ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ബി ശ്രീനിവാസ് ആണ് കോ-ഓഡിനേറ്റര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക