|    Nov 21 Wed, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അണ്വായുധ നിര്‍മാണത്തിലേക്ക് തിരിച്ചുപോവും: ഉത്തരകൊറിയ

Published : 5th November 2018 | Posted By: kasim kzm

പ്യോങ്യാങ്: സാമ്പത്തിക ഉപരോധങ്ങള്‍ യുഎസ് അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ അണ്വായുധങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള നയങ്ങളിലേക്ക് തിരിച്ചുപോവുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎസ് തീരുമാനിക്കുന്നില്ലെങ്കില്‍ പഴയ നയങ്ങളിലേക്ക് തിരിച്ചുപോവുന്നത് സംബന്ധിച്ചു ഗൗരവമായി ചിന്തിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതടക്കമുള്ള നിരായുധീകരണ നടപടികള്‍ സ്വീകരിക്കുന്നതിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സമ്മതം അറിയിച്ചിരുന്നു. ദക്ഷിണകൊറിയയും യുഎസുമായി നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. രാജ്യത്തെ ആണവ പരീക്ഷണങ്ങള്‍ പൂര്‍ണതയിലെത്തിയതായും ഇനി രാജ്യം സാമൂഹിക, സാമ്പത്തിക പുനര്‍നിര്‍മിതിക്കാണ് പ്രാധാന്യം നല്‍കുകയെന്നുമാണ് ഈ വര്‍ഷം ഏപ്രിലില്‍ കിം പ്രതികരിച്ചത്.
ജൂണില്‍ സിംഗപ്പൂരില്‍ കിമ്മും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയന്‍ ആണവ നിരായുധീകരണം സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും സംയുക്ത പ്രസ്താവനയിലും ഒപ്പുവച്ചിരുന്നു. എന്നാല്‍, നിരായുധീകരണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളില്‍ പുരോഗതിയുണ്ടായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss