|    Nov 20 Mon, 2017 1:25 pm
Home   >  Todays Paper  >  page 7  >  

അണ്ണാ ഡിഎംകെ(അമ്മ)യില്‍ പൊട്ടിത്തെറി

Published : 11th August 2017 | Posted By: fsq

 

ചെന്നൈ: അണ്ണാ ഡിഎംകെ(അമ്മ)യില്‍ ആഭ്യന്തര കലഹം രൂക്ഷമാക്കി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. ടി ടി വി ദിനകരനെ അണ്ണാ ഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ നടപടി പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിസ്ഥാനം താല്‍ക്കാലികമാണെന്നും മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. ജയിലില്‍ കഴിയുന്ന ശശികലയുടെയും മരുമകന്‍ ദിനകരന്റെയും പാര്‍ട്ടിസ്ഥാനങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. പുതിയ നേതൃത്വം ചുമതല ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സ്ഥാനം മാത്രമാണ് ദിനകരന്റേത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായുള്ള ശശികലയുടെ നിയമനം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാത്തിരിക്കുകയാണ്- പളനിസ്വാമി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. നിരവധി മന്ത്രിമാരും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും പളനിസ്വാമിയോടൊപ്പം യോഗത്തില്‍ പങ്കെടുത്തു. അതേസമയം,  പളനിസ്വാമിയുടെ പ്രസ്താവനക്കെതിരേ ദിനകരന്‍പക്ഷവും രംഗത്തെത്തി. തന്നെ പുറത്താക്കിയ പളനിസ്വാമി ഒറ്റുകാരനാണെന്ന് ദിനകരന്‍ പറഞ്ഞു. ഇതാദ്യമായാണ് ദിനകരന്റെ പാര്‍ട്ടിസ്ഥാനത്തിനെതിരേ പളനിസ്വാമി ശബ്ദിക്കുന്നത്. പളനിസ്വാമി പക്ഷവും പന്നീര്‍ശെല്‍വം പക്ഷവും ഒരുമിക്കുന്നതിന്റെ സൂചനയാണ് പുതിയ പ്രസ്താവനയെന്നാണ് വിലയിരുത്തല്‍.എന്നാല്‍, ദിനകരന്‍ പക്ഷത്തിനു പിന്തുണയുമായി പാര്‍ട്ടി കര്‍ണാടക യൂനിറ്റ് സെക്രട്ടറി വി പുകഴേന്തി രംഗത്തെത്തി. പളനിസ്വാമിയുടെ പ്രസ്താവന നാടകമാണ്.  പളനിസ്വാമിയുടെ ഇപ്പോഴത്തെ നടപടി ഒറ്റുകാരന്റേതാണെന്നും ഒറ്റുകാരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പളനിസ്വാമിയുടെ നടപടി ഏകപക്ഷീയമായ തീരുമാനമാണെന്ന് മറ്റൊരു ദിനകരന്‍ അനുകൂലിയായ നഞ്ജില്‍ സമ്പത്തും അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക