|    Jan 21 Sat, 2017 1:28 am
FLASH NEWS

അണ്ടര്‍17 ലോകകപ്പ:് ഫിഫ പ്രതിനിധിസംഘം പരിശോധന നടത്തി; കൊച്ചി വേദിയായി പ്രഖ്യാപിച്ചു

Published : 20th October 2016 | Posted By: SMR

കൊച്ചി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ആദ്യ വേദിയായി കൊച്ചിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യമുദ്ര പ്രകാശനം നവംബര്‍ 14ന് കൊച്ചിയില്‍ നടക്കും. നേരത്തേ സാധ്യതാ ലിസ്റ്റില്‍ ഉള്‍പെട്ടിരുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ അന്തിമമായി വിലയിരുത്തിയ ശേഷമാണ് ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കൊച്ചിയെ ഔദ്യോഗിക വേദിയായി ഇന്നലെ പ്രഖ്യാപിച്ചത്.
ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തില്‍ 23 അംഗ ഫിഫ പ്രതിനിധിസംഘം ഇന്നലെ കലൂര്‍  സ്റ്റേഡിയത്തില്‍ പരിശോധന നടത്തി. പരിശീലനവേദികളായ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളിനഗര്‍ ബോയ്‌സ് സ്‌കൂള്‍ മൈതാനം, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെയായിരുന്നു ഫിഫ സംഘത്തിന്റെ കൊച്ചി സ്‌റ്റേഡിയം സന്ദര്‍ശനം. നവീകരണ പ്രവര്‍ത്തനങ്ങളില്‍ സംഘം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു.
നിലവില്‍ ഐഎസ്എല്‍ മല്‍സരങ്ങള്‍ക്കായി ഒരുക്കിയ താരങ്ങളുടെ ഡ്രസ്സിങ് റൂമിലും മാച്ച് ഒഫിഷ്യല്‍സിനായുള്ള മുറിയിലും ചെറിയ ചില അഴിച്ചുപണികള്‍ക്ക് ഫിഫ സംഘം നിര്‍ദേശം നല്‍കി. മൂന്നുതലങ്ങളിലുള്ള സ്റ്റേഡിയത്തിലെ  ഇരിപ്പിടങ്ങളില്‍ പൂര്‍ണമായും കസേരകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍(കെഎഫ്എ) പരീക്ഷണാടിസ്ഥാനത്തില്‍ സജ്ജീകരിച്ച കസേരകളുടെ ക്രമീകരണത്തിലും സംഘം തൃപ്തി രേഖപ്പെടുത്തി.
ഗാലറിയിലടക്കം കസേരകള്‍ സ്ഥാപിക്കുന്നതോടെ 55,000 പേര്‍ക്ക് മാത്രമായിരിക്കും മല്‍സരം കാണാന്‍ കഴിയുക. പൂര്‍ണമായും കസേരകള്‍ സ്ഥാപിച്ചുകഴിയുമ്പോള്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കും. പ്രധാന സ്റ്റേഡിയത്തിന്റെയും പരിശീലനമൈതാനങ്ങളുടെയും മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2017 ഫെബ്രുവരി 28നു മുമ്പായി ഫിഫയ്ക്ക് കൈമാറാനും സംഘം നിര്‍ദേശം നല്‍കി.
സ്റ്റേഡിയത്തില്‍ അവശേഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം ഫിഫയുടെ നിരീക്ഷണത്തിലായിരിക്കും. കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടിയും പരിശീലനമൈതാനങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടിയുമാണ് ചെലവു വരുന്നത്. കൊച്ചിയിലെ നാലു പരിശീലന മൈതാനങ്ങളില്‍ രണ്ടെണ്ണത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് കെഎഫ്എ പ്രതിനിധികള്‍ ഫിഫ സംഘത്തെ അറിയിച്ചു.മറ്റു രണ്ടെണ്ണത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവരുകയാണ്.
ലോകകപ്പിന്റെ ഭാഗ്യമുദ്രയുടെ പ്രകാശനം നവംബര്‍ 14ന് ശിശുദിനത്തില്‍ കൊച്ചിയില്‍ നടക്കും. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിലായിരിക്കും ചടങ്ങ് നടക്കുക.  കൊച്ചി കൂടാതെ ഗോവ, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവയാണ് ലോകകപ്പ് മല്‍സരങ്ങള്‍ക്കായി ഫിഫ  നിശ്ചയിച്ചിരിക്കുന്ന മറ്റു വേദികള്‍.
ഇന്ന് നവി മുംബൈയിലെ സ്‌റ്റേഡിയം സംഘം പരിശോധിക്കും. ഈ മാസം 25ന് ഈ വേദികളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം മടങ്ങും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക