|    Aug 17 Thu, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ : അമേരിക്ക, മെക്‌സിക്കോ, ഇറ്റലി ക്വാര്‍ട്ടറില്‍

Published : 2nd June 2017 | Posted By: fsq

 

ഇഞ്ചിയോണ്‍: മിനി ലോകകപ്പ് ആരവങ്ങള്‍ അവസാന എട്ടിലേക്ക് കടക്കുമ്പോള്‍ യുഎസ്എയും ഇറ്റലിയും മെക്‌സിക്കോയും ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഏകപക്ഷീയമായ ആറു ഗോളില്‍ ആധിപത്യം നേടിയാണ് അമേരിക്ക ക്വാര്‍ട്ടര്‍ ബെര്‍ത്തിലെത്തിയത്. ഫ്രാന്‍സിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ഇറ്റലി തോല്‍പിച്ചപ്പോള്‍ സെനഗലിനെതിരേ എതിരില്ലാത്ത ഒറ്റ ഗോളിലാണ് മെക്‌സിക്കോ ജയിച്ചത്. നാല്, അഞ്ച് തിയ്യതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. ഇഞ്ചിയോണില്‍ നടന്ന മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് യുഎസ്എ ആറ് ഗോള്‍ കണ്ടെത്തിയത്. ജോഷ്വാ സര്‍ജന്റ് 32ാം മിനിറ്റില്‍ തുടക്കമിട്ട ഗോള്‍ വേട്ടയില്‍ ജെറെമി എബോബിസ്സെ (64), ലെനൊന്‍ (65), ഗ്ലാഡ് (76), ട്രസ്റ്റി (84), കംഗ (93) എന്നിവരും പങ്കുചേര്‍ന്നു. നാലാം തിയ്യതി നടക്കുന്ന ക്വാര്‍ട്ടറില്‍ വെനസ്വേലയാണ് യുഎസിന്റെ എതിരാളികള്‍. കിക്കോഫിന്റെ 27ാം മിനിറ്റില്‍ തന്നെ ഗോള്‍ പായിച്ച ഇറ്റലിക്കെതിരേ ആദ്യപകുതി സമനില കണ്ടെത്താന്‍ ഫ്രഞ്ച് പടയ്ക്ക് സാധിച്ചു. 37ാം മിനിറ്റില്‍ അഗസ്റ്റിന്റെ പെനല്‍റ്റിയിലൂടെയാണ് ഇറ്റലി സമനില നേടിയത്. എന്നാല്‍, 53ാം മിനിറ്റില്‍ പാനികോയുടെ ഗോളില്‍ ആധിപത്യം നേടിയ ഇറ്റലി പിന്നീട് എതിരാളികളുടെ ഗോള്‍ ശ്രമങ്ങള്‍ തടുത്തിട്ട് വിജയമുറപ്പിക്കുകയായിരുന്നു. അനിശ്ചിതത്വത്തില്‍ അവസാനിക്കുമെന്ന് കരുതിയ മല്‍സരത്തിന്റെ അവസാന മിനിറ്റില്‍ കണ്ടെത്തിയ ഒറ്റ ഗോളിലാണ് മെക്‌സിക്കോ ക്വാര്‍ട്ടര്‍ പ്രതീക്ഷ സാധ്യമാക്കിയത്. 89ാം മിനിറ്റില്‍ അഗ്യൂലറിന്റെ പാസ്സ് വലയിലെത്തിച്ച് സിസ്‌നെറോസാണ് വിജയം ഉറപ്പാക്കിയത്. മല്‍സരത്തില്‍ എല്‍ബോ ചെയ്തതിനെ തുടര്‍ന്ന് 72ാം മിനിറ്റില്‍ അല്യൂനെ ഗിയി സെനഗല്‍ നിരയില്‍ നിന്ന് പുറത്തായി. നാലാം തിയ്യതി നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വേയെ നേരിടും. ഇറ്റലി- സാംബിയ, മെക്‌സിക്കോ- ഇംഗ്ലണ്ട് മല്‍സരങ്ങള്‍ അഞ്ചാം തിയ്യതിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക