|    Dec 13 Thu, 2018 2:21 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 20 ലോകകപ്പ് : ഏഴ് ഗോളില്‍ വെനസ്വേല; അര്‍ജന്റീനയ്ക്കു വീണ്ടും തോല്‍വി

Published : 24th May 2017 | Posted By: fsq

 

കൊറിയ റിപബ്ലിക്: അണ്ടര്‍ 20 ലോകകപ്പ് ഗ്രൂപ്പ് മല്‍സരങ്ങള്‍ ആവേശകരമായി പുരോഗമിക്കുന്നു. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ വെനസ്വേല ആധികാരിക ജയം നേടിയപ്പോള്‍ ആതിഥേയരായ ദക്ഷിണ കൊറിയ ജയത്തുടര്‍ച്ച നിലനിര്‍ത്തി. വന്വോറ്റയ്‌ക്കെതിരേ എതിരില്ലാത്ത ഏഴ് ഗോളിലാണ് വെനസ്വേല സൂപ്പര്‍ ജയം നേടിയത്. കിരീടപ്രതീക്ഷകളുമായി ബൂട്ടണിഞ്ഞ അര്‍ജന്റീന ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആതിഥേയരോട് അടിയറവ് പറയുകയായിരുന്നു. അതേസമയം, ഇംഗ്ലണ്ട്- ഗിനിയ മല്‍സരം 1-1നും മെക്‌സിക്കോ- ജര്‍മനി മല്‍സരം ഗോള്‍രഹിതമായും സമനിലയില്‍ പിരിഞ്ഞു. ആവേശകരമായ മല്‍സരത്തിന്റെ 30ാം മിനിറ്റ് മുതല്‍ വെനസ്വേലന്‍ കാറ്റ് വന്വോറ്റയെ വീഴ്ത്തി. 30ാം മിനിറ്റില്‍ വെലാസ്‌ക്വസ് നേടിയ ആധിപത്യം ആദ്യപകുതി പിരിയുന്നതിന് രണ്ട് മിനിറ്റ് മുമ്പ് കൊര്‍ദോവ ഇരട്ടിയാക്കി. ഗോള്‍ വഴങ്ങിയപ്പോള്‍ പതറിയ വന്വോറ്റ രണ്ടാംപകുതിയില്‍ മൈതാനത്ത് നിലയുറപ്പിക്കും മുമ്പ് വെനസ്വേല വലകുലുക്കി. ആദ്യ ഗോളിന് അസിസ്റ്റ് നല്‍കിയ പെനറന്‍ഡയുടെ കണ്ടെത്തലായിരുന്നു മൂന്നാം ഗോള്‍. പെനല്‍റ്റിയിലൂടെ ഫാരിനെസ് നാലാം ഗോള്‍ നേടിയപ്പോള്‍ 73ാം മിനിറ്റില്‍ കൊര്‍ദോവ തന്റെ ഗോള്‍പട്ടിക ഇരട്ടിയാക്കി. അതോടെ 5-0ന് മുന്നിലായിട്ടും വെനസ്വേല ഗോള്‍വേട്ട അവസാനിപ്പിച്ചില്ല. 82, 89 മിനിറ്റുകളില്‍ യഥാക്രമം ഹുര്‍ത്താഡോ, സോസ സാമുവല്‍ എന്നിവരും ഗോള്‍ പായിച്ചതോടെ അതിദയനീയമായി വന്വോറ്റ തകര്‍ന്നു. അപരാജിതരായി രണ്ട് മല്‍സരങ്ങള്‍ പിന്നിട്ട വെനസ്വേല ബി ഗ്രൂപ്പില്‍ ഒന്നാമനായി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. അതേസമയം, രണ്ട് മല്‍സരങ്ങളിലും തോല്‍വി നേരിട്ട വന്വോറ്റയ്ക്ക് ഇതുവരെ പോയിന്റ് ലഭിച്ചിട്ടില്ല. കൂടുതല്‍ തവണ കിരീടം ചൂടിയവരാണെന്ന ആത്മവിശ്വാസത്തില്‍ ഇത്തവണയും കപ്പടിക്കാനെത്തിയ അര്‍ജന്റീനയെ ആദ്യപകുതി ആതിഥേയര്‍ മറികടന്നു. 18ാം മിനിറ്റില്‍ സോങ് വൂ ലീ ലീഡ് നേടിയപ്പോള്‍ 42ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സ്യൂങ് ഹോ പായ്ക് ആധിപത്യം ഇരട്ടിയാക്കി. ഏതുവിധേയനയും തിരിച്ചടിക്കാനുള്ള അര്‍ജന്റീനയുടെ ശ്രമം 50ാം മിനിറ്റില്‍ ജയം കണ്ടപ്പോള്‍ സ്‌കോര്‍ 1-2 എന്ന നിലയിലെത്തി. ടോറസിലൂടെയായിരുന്നു അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍. തുടര്‍ന്ന് പ്രതിരോധത്തിലേക്ക് കൂടുതല്‍ താരങ്ങളെ വിന്യസിച്ച് ലാറ്റിനമേരിക്കന്‍ കരുത്തിനെ തടഞ്ഞുനിര്‍ത്തിയ ആതിഥേയര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. എ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനം ആതിഥേയര്‍ നിലനിര്‍ത്തിയപ്പോള്‍ അര്‍ജന്റീന ഏറ്റവും പിന്നിലേക്ക് തള്ളപ്പെട്ടു. ജയത്തോടെ ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാംമല്‍സരത്തിലും കരുത്ത് തെളിയിക്കാനെത്തിയെങ്കിലും ഗിനിയയില്‍ നിന്ന് ഇത്രപ്രതീക്ഷിച്ചിരുന്നില്ല. ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞെങ്കിലും മല്‍സരത്തില്‍ രണ്ട് ഗോളുകളും ഇംഗ്ലണ്ട് താരങ്ങള്‍ക്കായിരുന്നു. ലൂയിസ് കുക്ക് 53ാം മിനിറ്റില്‍ ഗിനിയയുടെ വലകുലുക്കി ലീഡ് കണ്ടെത്തിയപ്പോള്‍ 59ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയായി സെല്‍ഫ് ഗോള്‍ വീണു. ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ഫികായോ ടൊമോറിയെ തട്ടി പന്ത് സ്വന്തം വലയില്‍ വീണപ്പോള്‍ തോല്‍ക്കുമെന്ന് കരുതിയ മല്‍സരത്തില്‍ ഗിനിയ സമനില സ്വന്തമാക്കി. ആദ്യമല്‍സരത്തില്‍ പരാജയപ്പെട്ട ശക്തരായ ജര്‍മനിക്ക് ഇന്നലത്തെ മല്‍സരത്തില്‍ ഏറെ പൊരുതിയിട്ടും വലകുലുക്കാനായില്ല. പ്രതിരോധത്തിലേക്ക് വലിഞ്ഞതിനാല്‍ മെക്‌സിക്കോയും ഗോള്‍ വീഴ്ത്താതെ വന്നപ്പോള്‍ മല്‍സരം ഗോള്‍രഹിതമായി കലാശിക്കുകയായിരുന്നു. ബി ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്താണ് ജര്‍മനി. മെക്‌സിക്കോയ്ക്ക് രണ്ടാംസ്ഥാനമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss