|    Apr 19 Thu, 2018 9:32 pm
FLASH NEWS

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: ചാംപ്യന്‍ഷിപ്പ് ഭാഗ്യചിഹ്ന പ്രകാശനം നവംബറില്‍

Published : 7th August 2016 | Posted By: SMR

കൊച്ചി: 2017 ല്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കേരളത്തിലെ വേദിയായി മാറുന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്ന പ്രകാശനം നവംബര്‍ 14 ന് കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി എന്നിവരുടെ നേതൃത്വത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.
ഫിഫയുടെ മാനദണ്ഡമനുസരിച്ചുള്ള സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണെന്ന് യോഗം വിലയിരുത്തി. ഒക്ടോബറില്‍ ഫിഫയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഡിയം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനുശേഷം പ്രഖ്യാപനമുണ്ടാവും. തുടര്‍ന്ന് ചാംപ്യന്‍ഷിപ്പിന്റെ രാജ്യന്തര തലത്തിലുള്ള ലോഞ്ചിംഗും ഭാഗ്യചിഹ്ന പ്രകാശനവും നവംബര്‍ 14 ന് നടത്താനാണ് യോഗത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഇതോടെ ചാംപ്യന്‍ഷിപ്പിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാവുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
ഡല്‍ഹി, മുംബൈ, ഗോവ, ഗൗഹാട്ടി, കല്‍ക്കട്ട എന്നിവയാണ് മറ്റു വേദികള്‍. കൊച്ചിയില്‍ എട്ടു മല്‍സരങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പുതലത്തിലുള്ള ആറു മല്‍സരങ്ങളും ഒരു പ്രീക്വാര്‍ട്ടറും ഒരു ക്വാര്‍ട്ടര്‍ മല്‍സരവും കൊച്ചിക്കു ലഭിക്കുമെന്നാണ് കരുതുന്നത്.
അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കേരളത്തിന് ലഭിച്ച മികച്ച അവസരമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 2017 ഒക്ടോബറിലാണ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നതെങ്കിലും ഈ വര്‍ഷം ഒക്ടോബറില്‍ കൊച്ചി വേദിയാകുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും. ഇക്കാര്യത്തില്‍ ശുഭപ്രതീക്ഷയോടെയാണ് മുന്നോട്ട് നീങ്ങുന്നത്. കലൂര്‍ സ്‌റ്റേഡിയം രാജ്യന്തര തലത്തിലുള്ളതാണെങ്കിലും സ്‌റ്റേഡിയത്തിന് രാജ്യാന്തര നിലവാരം വേണ്ടതായിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാക്കിയതിനുശേഷം ഫിഫയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
മൈതാനം രാജ്യാന്തര നിലവാരത്തില്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ചാംപ്യന്‍ഷിപ്പിന്റെ ലോഞ്ചിങ് നവംബറില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുളള അവസരം കൂടിയാണെന്നും ഇതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന് കൂടുതല്‍ പ്രയോജനകരമാവുമെന്നാണ് ഫിഫയുടെ വിലയിരുത്തലെന്ന് ഹാവിയര്‍ സെപ്പി പറഞ്ഞു. ഫിഫയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍മാണം പൂര്‍ത്തികരിച്ചാല്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചി വേദിയാകും. നിലവില്‍ ഇന്ത്യയില്‍ ആറു വേദികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെയെല്ലാം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
സ്റ്റേഡിയങ്ങളില്‍ സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമെ കാണികള്‍ക്ക് പ്രവേശനം നല്‍കുകയുള്ളു. കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സപ്തംബര്‍ 30 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് ടൂര്‍ണമെന്റിന്റെ കേരളത്തിലെ നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഒക്ടോബറില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ആരംഭിക്കും. ഇതിനു മുമ്പായി സ്‌റ്റേഡിയത്തിന്റെ ആധുനികവല്‍കരിക്കണം അടക്കമുളള ജോലികള്‍ പൂര്‍ത്തീകരിക്കും. ഇതിന്റെ ജോലികള്‍ നടന്നുവരികയാണ്. നിലവിലുള്ള സ്‌റ്റേഡിയത്തിലെ സ്വീവേജ് ട്രീറ്റ്മന്റ് പ്ലാന്റ്, അഗ്നിശമന സുരക്ഷ സംവിധാനം എന്നിവ മാറ്റി പുതിയ രീതിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.
ആധുനിക രീതിയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റും അനിവാര്യമാണ്. ഇത് കൂടാതെ മൈതാനത്തെ ലൈറ്റിങ് സംവിധാനവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഫിഫ നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയിലാണ് മൈതാനം സജ്ജമാക്കേണ്ടത്. ഇതനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയാണ്.
ഒക്ടോബര്‍ ഒന്നിനു തന്നെ സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കും. ഒക്ടോബര്‍ മൂന്നാം വാരം അന്തിമ വിലയിരുത്തലിനായി ഫിഫയുടെ 35 അംഗ ഉന്നതതല സംഘം പരിശോധനയ്ക്കായി എത്തും. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തുന്ന ടീമുകള്‍ക്ക് പരിശീലനം നടത്തുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് മഹാരാജാസ് കോളജ് മൈതാനം, പനമ്പള്ളി നഗറിലെ സ്‌പോര്‍ട്‌സ് അക്കാദമി മൈതാനം, ഫോര്‍ട് കൊച്ചി വെളി മൈതാനം, ഫോര്‍ട്‌കൊച്ചി പരേഡ് മൈതാനം എന്നിവയാണ്. ഇവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോകുന്നതേയുള്ളു. ഇവയുടെ നിര്‍മാണം 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി നല്‍കിയാല്‍ മതി.
മല്‍സര വേദിയായ കലൂര്‍ സ്‌റ്റേഡിയത്തില്‍ 35,000 കസേരകള്‍ കൂടി സ്ഥാപിക്കുമ്പോള്‍ സീറ്റിങ് കപ്പാസിറ്റി 55,000 ആയിരിക്കും. ഗാലറി ഉണ്ടായിരിക്കില്ല. മല്‍സരം നടക്കുമ്പോള്‍ സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമെ കാണികള്‍ക്ക് പ്രവേശനം നല്‍കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഇ പി ജയരാജന്‍, പ്രഫ കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ ജെ മാക്‌സി, ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെഎംഐ മേത്തര്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി സി മാത്യു, കേരള സ്‌പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, കെഎഫ്എ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss