|    Oct 17 Wed, 2018 6:52 am
FLASH NEWS

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ പ്രചാരണം : അഞ്ചുലക്ഷം ഗോള്‍ തീര്‍ക്കാന്‍ കണ്ണൂര്‍ ജില്ലയും

Published : 16th September 2017 | Posted By: fsq

 

കണ്ണൂര്‍: ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ കൊച്ചി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആറ് വേദികളിലായി നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ പ്രചാരണാര്‍ഥം കണ്ണൂര്‍ ജില്ലയില്‍ അഞ്ചുലക്ഷം ഗോളുകളടിക്കാന്‍ തീരുമാനം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക യുവജന കാര്യാലയവും സംയുക്തമായി നടപ്പാക്കുന്ന വണ്‍ മില്യന്‍ ഗോള്‍ കാംപയിന്റെ ഭാഗമായാണ് പരിപാടി. ഫുട്‌ബോളിന്റെ പ്രചാരണത്തിനായുള്ള ഈ കാംപയിന്‍ വഴി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയാണ് ലക്ഷ്യം. ഈമാസം 27ന് വൈകീട്ട് 3 മുതല്‍ രാത്രി 7 മണി വരെയാണ് പ്രായഭേദമില്ലാതെ ജനകീയ പങ്കാളിത്തത്തോടെയുള്ള ഗോളടി കാംപയിന്‍ സംഘടിപ്പിക്കുക.തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലും സ്‌കൂള്‍, കോളജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ച് എല്ലാവരും ഓരോ ഗോളടിക്കുന്നതാണു പരിപാടി. ഗോളിയില്ലാത്ത തുറന്ന പോസ്റ്റിലേക്ക് പെനാല്‍റ്റി കിക്കെടുക്കുന്ന സ്‌പോട്ടില്‍ പന്തുവച്ചാണ് ഗോളടിക്കുക. നിലവിലുള്ള ഗോള്‍ പോസ്റ്റ് ഉപയോഗിക്കുകയോ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുകയോ ചെയ്യാം. ഓരോ രജിസ്റ്റര്‍ ചെയ്ത ഗോളടി കേന്ദ്രത്തിലും ഗോളിന്റെ എണ്ണം തിട്ടപ്പെടുത്താന്‍ വോളന്റിയറെ നിശ്ചയിക്കും. കേന്ദ്രം, വോളന്റിയര്‍ എന്നിവ പ്രത്യേക മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം, മൊബൈല്‍ ആപ്പില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തുക. കൂടുതല്‍ ഗോളുകളടിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് സമ്മാനം ലഭിക്കും. ഓരോ ജില്ലയിലും കാംപയിനില്‍ പങ്കെടുത്ത് ഗോളടിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് കൊച്ചിയില്‍ നടക്കുന്ന ഒരു മല്‍സരം കാണാന്‍ അവസരം ലഭിക്കും. ജില്ലാ തലത്തില്‍ കലക്ടര്‍ ചെയര്‍മാനും സ്‌പോട്‌സ് കൗ ണ്‍സില്‍ പ്രസിഡന്റ് കണ്‍വീനറുമായാണ് സംഘാടക സമിതി. നഗരസഭാ, പഞ്ചായത്ത് തലത്തിലും സംഘാടക സമിതികള്‍ രൂപീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ് കാംപയിന്‍ വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss