|    Oct 23 Mon, 2017 11:28 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: അന്തിമ പരിശോധനയ്ക്കായി ഫിഫ ടീം 19ന് എത്തും

Published : 17th October 2016 | Posted By: SMR

കൊച്ചി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനുള്ള സാധ്യതാ വേദികളിലെ മുന്നൊരുക്കങ്ങളുടെ  പരിശോധനയ്ക്കായി ഫിഫ സംഘം  19ന് കൊച്ചിയിലെത്തും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഫിഫയുടെ ഉന്നതതല സംഘം അന്തിമ പരിശോധനയ്ക്കായി എത്തുന്നത്.
ഇന്ത്യയിലെ സാധ്യതാ പട്ടികയിലുള്ള ആറു വേദികളില്‍ 13 അംഗ പ്രതിനിധിസംഘത്തിന്റെ ആദ്യ സന്ദര്‍ശനമായിരിക്കും കൊച്ചിയിലേത്. അണ്ടര്‍ 17 ലോകകപ്പ് ഇവന്റ് മാനേജര്‍ മരിയോണ്‍ മേയര്‍, പ്രോജക്ട് ലീഡര്‍ ട്രേസി ലൂ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തുക. 19ന് രാവിലെ സംഘം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കലൂര്‍ സ്റ്റേഡിയത്തിന് പുറമെ പരിശീലന ഗ്രൗണ്ടുകളായി നിശ്ചയിച്ച ഫോര്‍ട്ട് കൊച്ചിയിലെ വേളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി, മഹാരാജാസ് സ്റ്റേഡിയം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തും. ഇന്ത്യന്‍ സൂപര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി കലൂര്‍ സ്‌റ്റേഡിയത്തില്‍ പുല്ല് വച്ചുപിടിപ്പിക്കുന്നത് അടക്കമുള്ള ജോലികള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ് കലൂര്‍ സ്‌റ്റേഡിയം. ഐഎസ്എല്‍ മല്‍സരം കഴിയുന്നതോടെ സ്‌റ്റേഡിയത്തില്‍ പുതിയ കസേരകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങാനാണ് ശ്രമം. ഒക്‌ടോബറിനകം നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ സന്ദര്‍ശനത്തിനിടെ ഫിഫ സംഘം വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ സന്ദര്‍ശനത്തിനുശേഷം, നവി മുംബൈ, ഗോവ, ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും സന്ദര്‍ശിച്ച് സംഘം നവീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക