|    Oct 18 Thu, 2018 10:17 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 17 ലോകകപ്പ് ടീമിലെ മലയാളി സാന്നിധ്യം : അടങ്ങാത്ത കാല്‍പന്തു പ്രേമവുമായി രാഹുല്‍ എത്തിയത് സ്വപ്‌ന നേട്ടത്തില്‍

Published : 23rd September 2017 | Posted By: fsq

 

തൃശൂര്‍: നാട്ടിന്‍പുറത്തെ പൊടിമൈതാനങ്ങളില്‍ ഫുട്‌ബോള്‍ കളിച്ചും കളിയെ പ്രേമിച്ചും നടന്ന, വീട്ടുകാരോട് വഴക്കിട്ട് കളിക്കാന്‍ പോയിരുന്ന ഒരു മലയാളി കൗമാരക്കാരന്‍. ആദ്യമായി ഇന്ത്യ ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പന്തുതട്ടാനൊരുങ്ങുമ്പോള്‍ രാജ്യത്തിന്റെ പ്രതിനിധികളിലൊരുവനായി ആ കൗമാരക്കാരനും ഉണ്ടാവും. അടങ്ങാത്ത കാല്‍പന്ത് പ്രേമവുമായി ഇന്ത്യന്‍ ടീമില്‍ ഇടംകണ്ടെത്തിയ ആ കൗമാരക്കാരനാണ് തൃശൂര്‍ ഒല്ലൂക്കര സ്വദേശി കണ്ണോളി വീട്ടില്‍ പ്രവീണിന്റെ മകന്‍ രാഹുല്‍. സ്വന്തം പ്രയത്‌നത്താല്‍ ഇന്ത്യന്‍ കാല്‍പന്തിലെ ഇതിഹാസ തുല്യനായി മാറിയ ഐ എം വിജയനെയും സ്‌പെയിനിലെ കുഗ്രാമത്തില്‍ നിന്ന് ലോക ഫുട്‌ബോളിന്റെ നെറുകയിലേറിയ ക്രിസ്്റ്റിയാനോ റൊണാള്‍ഡോയെയും നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്ന കെ പി രാഹുല്‍ ഇന്ന് ഒരു സ്വപ്‌നം സഫലീകരിച്ചതിന്റെ നിര്‍വൃതിയിലാണ്. കാല്‍പന്തിന്റെ ബാലപാഠങ്ങള്‍ പരിശീലിപ്പിക്കാന്‍ ആരുമില്ലാതെ, എണ്ണം പറഞ്ഞ പരിശീലകരുടെ പിന്തുണയോ, ക്ലബ്ബുകളുടെ സ്‌പോണ്‍സര്‍ഷിപ്പോ ഇല്ലാതെ വളര്‍ന്നുവന്ന താരമാണ് രാഹുല്‍. താന്‍ തന്റെ വീട്ടുകാരോട് വഴക്കുണ്ടായിട്ടാണ് ഫുട്‌ബോള്‍ കളിക്കാന്‍ പോയിരുന്നതെന്ന് രാഹുല്‍ പറയുന്നു. ഫുട്‌ബോള്‍ സ്‌നേഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ഫുട്‌ബോളിന് വേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ്. കഠിനാധ്വാനം ചെയ്യാനാണ് എന്നെ പരിശീലിപ്പിച്ചവര്‍ പഠിപ്പിച്ച പ്രധാന പാഠം. എനിക്കുറപ്പുണ്ട്, കഠിനാധ്വാനത്തിലൂടെ സാധ്യമാവാത്തതായി ഒന്നുമില്ല- രാഹുല്‍ പറഞ്ഞു. സ്വന്തം സ്‌കൂളില്‍ ഫുട്‌ബോള്‍ ടീമില്ലായിരുന്നെങ്കിലും അവധിക്കാലത്ത് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിച്ചാണ് രാഹുല്‍ ഈ നേട്ടം സ്വന്തമാക്കിയത്.  മിഡ്ഫീല്‍ഡറായാണ് രാഹുല്‍ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം, മുന്നേറ്റത്തിലും മികവ് പുലര്‍ത്തുന്ന താരമാണ് രാഹുല്‍. അപ്രതീക്ഷിതവും അതിവേഗത്തിലുമുള്ള നീക്കങ്ങളിലൂടെ സ്‌കോര്‍ ചെയ്യാന്‍ സമര്‍ഥനാണെന്ന് പരിശീലകര്‍ സാക്ഷ്യപ്പെടുത്തുന്നു. തൃശൂരിലെ പീതാംബരന്‍ മാഷിന്റെയും പറപ്പൂരിലെ സെഫ്റ്റ് ക്യാംപിലൂടെയുമാണ് രാഹുല്‍ ദേശീയ ടീമിലെത്തിയത്. 2011ല്‍ തൃശൂര്‍ അണ്ടര്‍ 14 ടീമിലെത്തിയ രാഹുല്‍ അവിടെ നിന്ന് സംസ്ഥാന ടീമിലുമെത്തി. 2013ലെ നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ടോപ് സ്‌കോററായതോടെ ഇന്ത്യന്‍ അണ്ടര്‍ 17 ടീമിലേക്കുള്ള വഴി തുറന്നു കിട്ടി. രാഹുല്‍ ടീമില്‍ ഇടം നേടിയതില്‍ സന്തോഷമുണ്ടെന്നും കളി കാണാന്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്നും രാഹുലിന്റെ പിതാവ് പ്രവീണ്‍ പറയുന്നു. ഫുട്‌ബോളിലുള്ള മകന്റെ കഴിവ് കണ്ടെത്തി അവനെ വളര്‍ത്താന്‍ തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിന് ടീമില്‍ ഇടം കിട്ടിയതില്‍ തികഞ്ഞ അഭിമാനമുണ്ടെന്നും ഇന്നുവരെ മകന്റെ ഒരു കളി പോലും കണ്ടിട്ടില്ലെന്നും മാതാവ് ബിന്ദു പറഞ്ഞു. മകന്റെ നേട്ടത്തില്‍ അതിയായി സന്തോഷിക്കുന്ന ഇവര്‍, നാട്ടുകാര്‍ക്കൊപ്പം ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രാര്‍ഥിച്ചും രാഹുലിന് കരുത്ത് നല്‍കുന്നു. സഹോദരി നന്ദന മുക്കാട്ടുകര സെന്റ് ജോര്‍ജസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss