|    Nov 16 Fri, 2018 12:55 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അണിയറയ്ക്കു പിന്നിലെ ചരടുവലി

Published : 10th November 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അത്യന്തം ഗുരുതരമായ ഭവിഷ്യത്തുണ്ട്. നരേന്ദ്ര മോദി ഗവണ്മെന്റ് അടുത്ത പത്തു വര്‍ഷത്തേക്ക് ഇന്ത്യക്ക് അനിവാര്യമാണെന്നാണ് ഡോവല്‍ പരോക്ഷമായി സ്ഥാപിക്കുന്നത്. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട ഈ കാലയളവില്‍ ദുര്‍ബലചിത്തര്‍ നയിക്കുന്ന മുന്നണി ഗവണ്മെന്റ് രാജ്യത്തിന് അയോഗ്യമാണെന്നും.
പാതിരാത്രിയില്‍ കടന്നാക്രമണത്തിലൂടെ സിബിഐ ആസ്ഥാനത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തനം കൈയിലെടുത്ത നീക്കത്തിനു തൊട്ടുപിന്നാലെയാണ് രാജ്യരക്ഷാ ഉപദേഷ്ടാവിന്റെ രാഷ്ട്രീയ ഇടപെടല്‍. റഫേല്‍ വിമാന ഇടപാട് പ്രധാനമന്ത്രി ഉള്‍പ്പെട്ട അഴിമതിസംഭവമായി വളരുകയും അതുസംബന്ധിച്ച പരാതി സ്വീകരിച്ച് ഫയലുകള്‍ തേടിയ സിബിഐ ഡയറക്ടര്‍ നീക്കം ചെയ്യപ്പെടുകയും, തന്നെ നീക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തതിനു തൊട്ടുപിറകെയാണ് ഡോവലിന്റെ പ്രതികരണം.
ഡോവല്‍ പ്രധാനമന്ത്രി മോദിയെ പരോക്ഷമായി ന്യായീകരിക്കുന്നു. പ്രതിപക്ഷം രാജ്യതാല്‍പര്യത്തിനു പോലും എതിരെന്നു വിമര്‍ശിക്കുന്നു. വിശേഷിച്ചും, റഫേല്‍ വിമാന ഇടപാടു സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളും അനില്‍ അംബാനിയടക്കം ചില കോര്‍പറേറ്റുകള്‍ക്ക് നിയമവും രാജ്യതാല്‍പര്യവും മറികടന്നു ചെയ്ത സാമ്പത്തിക ഒത്താശകളും അദ്ദേഹം ന്യായീകരിക്കുന്നു. രാജ്യരക്ഷാ ആയുധ കൈമാറ്റങ്ങള്‍ നൂറു ശതമാനം സാങ്കേതികവിദ്യ കൈമാറ്റം ചെയ്താകണമെന്നും സാമ്പത്തിക വ്യവസ്ഥയെ ആഗോളതലത്തില്‍ മത്സരശേഷിയുള്ളതാക്കാന്‍ ജനങ്ങളെ വേദനിപ്പിക്കുന്ന നടപടികള്‍ അനിവാര്യമാണെന്നുമുള്ള തുടര്‍വാദങ്ങളും ഉന്നയിക്കുന്നു.
നരേന്ദ്ര മോദിയോ പ്രതിരോധമന്ത്രിയോ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോ നടത്തുന്ന രാഷ്ട്രീയപ്രസംഗമല്ല ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത്. ആദ്യമായി പ്രധാനമന്ത്രി വാജ്‌പേയി ഈ പദവിയില്‍ നിയമിച്ച ബ്രജേഷ് മിശ്ര മുതല്‍ മാറിവന്ന സര്‍ക്കാരുകളില്‍ ചുമതലയേറ്റ നാലു സുരക്ഷാ ഉപദേഷ്ടാക്കളും ലംഘിച്ചിട്ടില്ലാത്ത ഔദ്യോഗികവും നയപരവുമായ ലക്ഷ്മണരേഖയാണ് ഡോവല്‍ ലംഘിച്ചത്.
അമേരിക്കക്കും ചൈനയ്ക്കും തൊട്ടുപിന്നില്‍ സൂപ്പര്‍ ശക്തിയായി രാജ്യം നിലനില്‍ക്കണമെങ്കില്‍ ദേശീയ രാഷ്ട്രീയത്തിലെ ചിതറിക്കിടക്കുന്ന ശക്തികള്‍ക്കു പകരം, ജനപ്രിയമല്ലാത്ത കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കെല്‍പുള്ള സുസ്ഥിരമായ സര്‍ക്കാര്‍ തുടരണമെന്നാണ് ഡോവല്‍ ആവശ്യപ്പെടുന്നത്. തന്റെ മുന്‍ഗാമികളെപ്പോലെ കേവലമൊരു ഉപദേഷ്ടാവോ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥവൃന്ദത്തിന്റെ തലപ്പത്തിരിക്കുന്ന ആളോ അല്ല ഡോവല്‍. കേന്ദ്ര ഗവണ്മെന്റിന്റെ അടിയന്തര സുരക്ഷാ നയ ഗ്രൂപ്പി(എസ്പിജി)ന്റെ അധ്യക്ഷനാണ് അദ്ദേഹം. ത്രിതല ഘടനയുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ആദ്യതലമാണ് ഇപ്പോള്‍ ഡോവല്‍ അധ്യക്ഷനായ എസ്പിജി.
കര-നാവിക-വ്യോമസേനകളുടെ മൂന്ന് അധിപന്മാരും കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, വിദേശ സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര സുരക്ഷാനയ തീരുമാനം എടുക്കാനുള്ള സമിതിയുടെ തലവനാണ് അദ്ദേഹം. നേരത്തേ ഈ ചുമതല ഉണ്ടായിരുന്ന കാബിനറ്റ് സെക്രട്ടറി കൂടി ഇപ്പോള്‍ അജിത് ഡോവലിനു കീഴിലാണ്.
ആയതിനാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതടക്കമുള്ള തന്ത്രപരമായ എല്ലാ സൈനിക സുരക്ഷാവിഭാഗങ്ങള്‍ക്കും ആധികാരികവും ഔദ്യോഗികവുമായ സന്ദേശമാണ് ഡോവല്‍ നല്‍കുന്നത്. പ്രസിഡന്‍ഷ്യല്‍ ഭരണരീതി നിലനില്‍ക്കുന്ന അമേരിക്കയില്‍ ചെയ്യാവുന്നതും ഇന്ത്യയിലേതുപോലുള്ള പാര്‍ലമെന്ററി സംവിധാനത്തില്‍ ഒരു സുരക്ഷാ ഉപദേശകന്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ പാടില്ലാത്തതുമായ രാഷ്ട്രീയ നിലപാടാണ് ഡോവല്‍ മുന്നോട്ടുവച്ചത്.
മോദി മന്ത്രിസഭയ്ക്കു മുമ്പുള്ള മൂന്നു പതിറ്റാണ്ടിനിടയില്‍ മൂന്നു കൂട്ടുകക്ഷി മന്ത്രിസഭകള്‍ വാജ്‌പേയിയുടെ നേതൃത്വത്തിലായിരുന്നു. അതിന്റെ അസ്ഥിരതയുടെയും സ്ഥിരതയുടെയും ചരിത്രം ഡോവലിന് അറിയാത്തതല്ല. മോദിയുടെ ഈ ഗവണ്മെന്റു തന്നെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നത് 29 കക്ഷികളുടെ മുന്നണി ഗര്‍ഭം ധരിച്ചാണെന്നതും ഡോവലിന് അറിയാവുന്നതാണ്.
ഏകകക്ഷി മേധാവിത്വം പോയി തൂക്കുപാര്‍ലമെന്റ് നിലവില്‍ വന്നതും കൂട്ടുകക്ഷി മന്ത്രിസഭകള്‍ വന്നതും ജനാധിപത്യ പ്രക്രിയയുടെ അനിവാര്യതയാണ്. പാര്‍ലമെന്റില്‍ ഏകാധിപത്യ മേധാവിത്വമുണ്ടായ ഘട്ടത്തില്‍ ഭരണഘടന അട്ടിമറിക്കുകയും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രസിഡന്‍ഷ്യല്‍ മാതൃകയിലുള്ള ഗവണ്മെന്റിനു വേണ്ടി ബിജെപിയടക്കം ഉന്നയിച്ചുപോന്ന ആവശ്യത്തിനു നമ്മുടെ ജനാധിപത്യത്തില്‍ മേല്‍ക്കൈ കിട്ടിയിട്ടില്ല. മോദിയുടെ നാലു വര്‍ഷക്കാലത്തെ ഭരണം തന്നെ പാര്‍ലമെന്റിനോടുള്ള പ്രതിബദ്ധതയ്ക്കു പകരം എല്ലാം പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ മാതൃകയാണ് പുലര്‍ത്തിപ്പോന്നത്. ആസൂത്രണ കമ്മീഷനില്‍ നിന്നു തുടങ്ങി സിബിഐയെ കീഴ്‌പെടുത്തിയ പ്രശ്‌നം സുപ്രിംകോടതി ഇടപെടലില്‍ കലാശിച്ചതടക്കം ആ നീക്കത്തിന്റെ മുദ്രകളാണ്.
മോദിയാകട്ടെ, തന്റെ രാഷ്ട്രീയ ജീവിതത്തിലെ അതിനിര്‍ണായകമായ പരീക്ഷണങ്ങള്‍ക്കു മുമ്പിലാണ്. റഫേല്‍ അഴിമതി വിവാദം പ്രധാനമന്ത്രിയെ ഒന്നാം പ്രതിയാക്കി സിബിഐക്കു മുമ്പില്‍ നില്‍ക്കുന്നു. അതിനെ ആശ്രയിച്ചുനില്‍ക്കുന്നു മോദിയുടെ രാഷ്ട്രീയ ഭാവി. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും നിര്‍ണായകമാകുന്നു. അയോധ്യാ കേസ് ജനുവരിയിലേക്കു സുപ്രിംകോടതി മാറ്റിയതോടെ ഓര്‍ഡിനന്‍സ് വഴി രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഹിന്ദുത്വശക്തികളുടെ സമ്മര്‍ദം മുറുകുന്നു.
ഇത്തരമൊരു പരീക്ഷണഘട്ടത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു തന്നെ ഇല്ലാതാക്കുന്ന സാഹചര്യം രൂപപ്പെടുത്തുന്നതിന്റെ സൂചനയാണോ ഡോവലിന്റെ നീക്കത്തിനു പിന്നിലെന്നു സംശയിക്കേണ്ടിവരും. അടുത്ത പത്തു വര്‍ഷത്തേക്കു വേണ്ട ശക്തനായ പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയെ ആസ്പദിച്ച് സുരക്ഷാ ഉപദേഷ്ടാവ് വരയ്ക്കുന്ന രാഷ്ട്രീയ ചിത്രം അതിനു ബലം നല്‍കുന്നു. ആരാണ് അധികാരത്തില്‍ വരേണ്ടത് എന്നത് അടുത്ത വര്‍ഷം ആദ്യം ജനങ്ങള്‍ തീരുമാനിക്കാന്‍ പോകുന്ന കാര്യമാണെന്നിരിക്കെ. രാജ്യസുരക്ഷയുടെ പേരില്‍ ജനപ്രിയമല്ലാത്ത തന്ത്രപരമായൊരു ആക്രമണം ജനാധിപത്യ പ്രക്രിയ തടയപ്പെടുന്ന രീതിയില്‍ ഉണ്ടായേക്കുമോയെന്ന് സുരക്ഷാ ഉപദേശകന്റെ അസാധാരണ ഇടപെടല്‍ ആശങ്കപ്പെടുത്തുന്നു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഡയറക്ടറായി 2005ല്‍ റിട്ടയര്‍ ചെയ്ത അജിത് ഡോവല്‍ 2009 ഡിസംബറില്‍ പൊതുനയരൂപീകരണവുമായി ബന്ധപ്പെട്ടു സ്ഥാപിച്ചതാണ് ഡല്‍ഹിയിലെ വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍. ഈ ഫൗണ്ടേഷനാണ് അന്നാ ഹസാരെയെ മുന്‍നിര്‍ത്തി അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ ബേദി, ബാബാ രാംദേവ് എന്നിവര്‍ ഉള്‍പ്പെട്ട ‘ടീം അന്നാ’ രൂപീകരിച്ചതും യുപിഎ ഗവണ്മെന്റിന്റെ അഴിമതിക്കെതിരേ ബഹുജനപ്രസ്ഥാനം ആസൂത്രണം ചെയ്തതും.
മോദിയെ പ്രധാനമന്ത്രിപദത്തില്‍ എത്തിച്ച പ്രചാരണ നയപ്രസംഗങ്ങളുടെ ആശയസ്രോതസ്സു മുഴുവന്‍ വിവേകാനന്ദ ഫൗണ്ടേഷന്റേതാണ്. അഴിമതിക്കും കള്ളപ്പണത്തിനും യുവാക്കളുടെ തൊഴിലില്ലായ്മയ്ക്കുമെതിരേ നടത്തിയ യുദ്ധപ്രഖ്യാപനമാണ് മോദിയെ അധികാരത്തില്‍ എത്തിച്ചത്. അതിന്റെ നാലാം ദിവസം ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവലിനെ കൊണ്ടുവന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവെന്ന നിലയിലാണ് ത്രിപുരയടക്കം ഉത്തരപൂര്‍വ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ വരാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തിരശ്ശീലയുടെ മറവിലിരുന്ന് ഡോവല്‍ ഇടപെട്ടത്. മോദിയുടെ വാട്ടര്‍ലൂ ആയേക്കാവുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതു തരത്തിലുള്ള നീക്കവും ഡോവല്‍ നടത്തും. ഇന്ത്യയുടെ തന്ത്രപരമായ താല്‍പര്യങ്ങള്‍ സ്വകാര്യ മേഖലാ കമ്പനികള്‍ നിറവേറ്റണമെന്നാണ് ‘തങ്ങള്‍ ആഗ്രഹിക്കുന്നത്’ എന്ന നയപ്രഖ്യാപനവും ഡോവലിന്റെ പ്രസംഗത്തിലുണ്ട്. ഡിസംബര്‍ 11ന് അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുന്നതോടെ മോദിയുടെ നീക്കം എന്തെന്നു കൂടുതല്‍ വ്യക്തമാകും. ി

(വള്ളിക്കുന്ന്ഓണ്‍ലൈന്‍.
വേഡ്പ്രസ്.കോം)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss