|    Jan 20 Fri, 2017 5:11 am
FLASH NEWS

അണികളില്‍ ആവേശം വിതറി മുഖ്യമന്ത്രി

Published : 12th April 2016 | Posted By: SMR

കാഞ്ഞങ്ങാട്/ കാസര്‍കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ ജില്ലയില്‍ പര്യടനം നടത്തി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഉജ്വലമായ വരവേല്‍പ്പാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്.
മലയോര മേഖലയായ ചിറ്റാരിക്കാലിലാണ് ആദ്യ പ്രചാരണ യോഗം നടന്നത്. പിന്നീട് കാഞ്ഞങ്ങാട് മണ്ഡലത്തിലെ പൊതുയോഗത്തില്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ഒന്നോടെ ചട്ടഞ്ചാലിലെ കോണ്‍ഗ്രസ് നേതാവ് കെ മൊയ്തീന്‍ കുട്ടി ഹാജിയുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനു ശേഷം ഉദുമ മണ്ഡലത്തില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പിന്നീട് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗത്തില്‍ പ്രസംഗിച്ചു. കുമ്പളയില്‍ വൈകീട്ട് അഞ്ചരക്ക് നടന്ന പൊതുയോഗത്തിലും പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കു പുറമെ ചെണ്ട, ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയെ കാണാനും നിവേദനങ്ങള്‍ നല്‍കാനും സെല്‍ഫിയെടുക്കാനും പ്രവര്‍ത്തകര്‍ തിക്കുംതിരക്കും കൂട്ടി.
കൊല്ലത്തെ വെടിക്കെട്ട് ദുരന്തത്തെ അപലപിച്ച മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തെ പ്രശംസിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് നാട് കൈകോര്‍ക്കുകയായിരുന്നെന്നും പരിക്കേറ്റവരുടെ ചികില്‍സയ്ക്ക് പ്രധാനമന്ത്രി എല്ലാവിധ സഹായം വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു പറഞ്ഞ മുഖ്യമന്ത്രി ബിജെപിക്കെതിരേ ആഞ്ഞടിച്ചു. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കപ്പെടണമെന്നും കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ ഇടവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്ന ബിജെപി ഇന്ത്യയ്ക്ക് അപമാനമാണ്. ബിഹാറില്‍ ബിജെപിയെ മാറ്റി നിര്‍ത്തുന്നതില്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒന്നിച്ചു. എന്നാല്‍, ഇടത്പക്ഷം ഇതിനോട് സഹകരിച്ചിരുന്നില്ല. ഇടതുപക്ഷം ഈ സഖ്യത്തോടൊപ്പം ചേര്‍ന്നിരുന്നെങ്കില്‍ ബിജെപിക്ക് ലഭിച്ച 11 സീറ്റ് ഇല്ലാതാക്കമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചും കരുതല്‍ പദ്ധതികളെക്കുറിച്ചും പരാമര്‍ശിച്ച മുഖ്യമന്ത്രി കേരള ജനത ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. സര്‍ക്കാറിന്റെ കരുതല്‍ പദ്ധതി പതിനായിരങ്ങള്‍ക്കാണ് പ്രയോജനം ചെയ്തത്. വിദ്യാഭ്യാസമുള്ള മുഴുവന്‍ ആളുകള്‍ക്കും തൊഴില്‍ നല്‍കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടികള്‍ ബഹിഷ്‌കരിച്ച സിപിഎം നടപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അക്രമ രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്ന സിപിഎം ജനങ്ങള്‍ക്ക് കിട്ടുന്ന അവകാശങ്ങള്‍ നിഷേധിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 146 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക