|    Dec 19 Wed, 2018 2:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അണക്കെട്ട് തകര്‍ന്നു; മ്യാന്‍മറില്‍ വെള്ളപ്പൊക്കം

Published : 31st August 2018 | Posted By: kasim kzm

നേപിഡോ: അണക്കെട്ടു തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മ്യാന്‍മറില്‍ 85 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 63,000ഓളം പേര്‍ വീടുകള്‍ ഒഴിഞ്ഞു പോയി. ആറു പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചു. രണ്ടു പേരെ കാണാതായി. മധ്യ മ്യാന്‍മറിലെ ബാഗോ പ്രവിശ്യയിലെ സ്വര്‍ ഷൗങിലെ അണക്കെട്ടാണു തകര്‍ന്നത്. സംഭരണശേഷി കവിഞ്ഞതിനെ തുടര്‍ന്ന് അണക്കെട്ടു തിങ്കളാഴ്ച മുതല്‍ നിറഞ്ഞൊഴുകിയിരുന്നു. തുടര്‍ന്നു ബുധനാഴ്ച പുലര്‍ച്ചെ 5.30ഓടെ അണക്കെട്ടിന്റെ സ്പില്‍വേ തകരുകയായിരുന്നു.
യംഗൂണ്‍, മാണ്ഡലേ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതിനാല്‍ ഇരു നഗരങ്ങളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. മ്യാന്‍മറിന്റെ തലസ്ഥാനമായ നേപിഡോ വഴിയാണ് പാത കടന്നുപോവുന്നത്. തലസ്ഥാന നഗരത്തിലേക്കുള്ള ഗതാഗതത്തെയും വെള്ളപ്പൊക്കം ബാധിച്ചു. 2001ല്‍ നിര്‍മാണം പൂര്‍ത്തിയായ അണക്കെട്ട് ജലസേചനത്തിനായാണ് ഉപയോഗിക്കുന്നത്.
അണക്കെട്ടു തിങ്കളാഴ്ച മുതല്‍ നിറഞ്ഞൊഴുകിയിരുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. ഇതിനാല്‍ പ്രദേശവാസികള്‍ വീട്ടില്‍ത്തന്നെ കഴിയുകയായിരുന്നു. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയി.
ബുധനാഴ്ച ആരംഭിച്ച രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗ്രാമങ്ങള്‍ക്കു പുറമെ അണക്കെട്ടിനു സമീപത്തെ സ്വാര്‍, യെദാഷെ പട്ടണങ്ങളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. പ്രളയബാധിത പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതയിടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചതായി യെദാഷെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ മിന്‍ തു അറിയിച്ചു. ജലനിരപ്പു കുറയാന്‍ തുടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ വീടുകളിലേക്ക് തിരിച്ചുപോവാന്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍ യംഗൂണ്‍, മാണ്ഡലേ പാതയിലെ ഒരു പാലം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. റെയില്‍ ഗതാഗതത്തെയും പ്രളയം ബാധിച്ചു. സ്വാര്‍ ടൗണ്‍ഷിപ്പില്‍ നിന്നുള്ള റെയില്‍പ്പാതകളെല്ലാം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്്.
അണക്കെട്ടിന്റെ തകര്‍ച്ച സംബന്ധിച്ച് അന്വേഷണം ആരംഭിക്കുമെന്നു കാര്‍ഷിക, ജലസേചന മന്ത്രാലയം അറിയിച്ചു. അണക്കെട്ട് തകര്‍ച്ചയ്ക്കുള്ള കാരണം വ്യക്തമല്ല. അടുത്തിടെ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും അണക്കെട്ടില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജൂണ്‍ മുതല്‍ തുടരുന്ന കനത്ത മഴ മ്യാന്‍മറിനെയും തെക്കുകിഴക്കന്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്്. മ്യാന്‍മറിന്റെ അയല്‍രാജ്യമായ ലാവോസില്‍ കഴിഞ്ഞ മാസമുണ്ടായ സമാനമായ ദുരന്തത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേര്‍ക്കു വീട് ഉപേക്ഷിക്കേണ്ടി വരികയും ചെയ്തിരുന്നു. ജലവൈദ്യുത പദ്ധതിക്കായി നിര്‍മിച്ച അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നായിരുന്നു ലാവോസിലെ വെള്ളപ്പൊക്കം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss