|    Mar 26 Sun, 2017 1:21 am
FLASH NEWS

അണക്കെട്ടുകള്‍ വറ്റിവരളുന്നു; ജില്ല കടുത്ത വരള്‍ച്ചയിലേക്ക്

Published : 13th October 2016 | Posted By: Abbasali tf

പാലക്കാട്്: ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ ജില്ല വീണ്ടും വരള്‍ച്ചയിലേക്ക്. മലമ്പുഴ അണക്കെട്ടില്‍ 25 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.ഭാരതപ്പുഴയും, തൂതപ്പുഴയും, കുന്തിപ്പുഴയുമെല്ലാം വറ്റിവരണ്ടു തുടങ്ങി. രണ്ടുമാസം മുമ്പ് ഉരുള്‍ പൊട്ടലുണ്ടായ കുന്തിപ്പുഴയില്‍ അങ്ങിങ്ങ് മാത്രമാണ് ജലമുള്ളത്. പുഴകളില്‍ നീരൊഴുക്ക് കുറഞ്ഞതോടെ ജലക്ഷാമവും കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാവുകയാണ്. പതിവിനു വിപരീതമായി കാലവര്‍ഷം ഗണ്യമായി കുറഞ്ഞതാണ് ജില്ലയെ ഇത്തവണയും കടുത്ത വേനലിലേക്ക് തള്ളി വിടുന്നത്. കഴിഞ്ഞദിവസം 300 ഘനയടി ജലം ആളിയാറിന് തമിഴ്‌നാട് നല്‍കിയതിനാല്‍ ചിറ്റൂര്‍ പുഴയില്‍ ഇന്നലെ മുതല്‍ വെള്ളം ഉയര്‍ന്നിരുന്നു. ജില്ലയിലെ വാട്ടര്‍ അതോറിറ്റിയുടേതുള്‍പ്പെടെ കുടിവെള്ള പദ്ധതികളുടെ കിണറുകളിലും വെള്ളം കുറഞ്ഞു തുടങ്ങി. മിനി ശുദ്ധജല വിതരണ പദ്ധതികളുടെ സ്ഥിതിയും മോശമാണ്.  പാലക്കാട്, മലപ്പുറം ജില്ലകളിലെ പുഴയോര പ്രദേശങ്ങളിലെല്ലാം ശുദ്ധജലക്ഷാമം രൂക്ഷമായി തുടങ്ങി. തൂതപ്പുഴയിലെ വെള്ളം പ്രതീക്ഷിച്ച് രണ്ടാം വിളയും പുഞ്ചകൃഷികളും പച്ചക്കറികളും നടത്തിയിരുന്ന പടിഞ്ഞാറന്‍ മേഖലയിലെ പരുതൂര്‍, തിരുവേഗപ്പുറ, വിളയൂര്‍, പുലാമന്തോള്‍, മൂര്‍ക്കനാട് പഞ്ചായത്തുകളിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഒന്നാം വിള കൊയ്ത്ത് പൂര്‍ത്തിയായെങ്കിലും പുഴയില്‍ വെള്ളം കുറഞ്ഞു ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ നഷ്ടം സഹിച്ച് ഇത്തവണ രണ്ടാംവിള കൃഷി നടത്തുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. രണ്ടാം വിളയ്ക്കായി പാകിയ ഞാറുകളും വെള്ളമില്ലാത്തതിനാല്‍ ഉണക്കു ഭീഷണിയിലാണ്. പല കര്‍ഷകരും രണ്ടാം വിള കൃഷി ഉപേക്ഷിച്ച സ്ഥിതിയാണ്. കുളങ്ങളും കിണറുകളും വറ്റി പാടങ്ങളില്‍ കപ്പ, വാഴ, പഴം ജൈവപച്ചക്കറി കൃഷികളും തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. തെങ്ങ്, കവുങ്ങ് തോട്ടം മേഖലയും പ്രതിസന്ധിയിലാണ്. തൃത്താലമേഖലയില്‍ ചില സ്ഥലങ്ങളില്‍ തെങ്ങുകള്‍ക്കു വെള്ളീച്ചയാക്രമണവും കവുങ്ങുകള്‍ക്ക് മഞ്ഞളിപ്പു രോഗവും കാണപ്പെട്ടതോടെ ഇവിടുത്തെ കര്‍ഷകരും ആശങ്കയിലാണ്. ജലക്ഷാമവും കാര്‍ഷിക പ്രതിസന്ധിയും മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാര നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ ജില്ല ഇത്തവണയും കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക