|    Nov 20 Tue, 2018 7:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അണക്കെട്ടുകള്‍ തുറന്നതില്‍ അതിഗുരുതര വീഴ്ച

Published : 5th September 2018 | Posted By: kasim kzm

തിരുവനന്തപുരം: അണക്കെട്ടുകള്‍ തുറക്കുന്നതിലുണ്ടായ അതിഗുരുതര വീഴ്ചയാണ് കേരളം മഹാപ്രളയത്തില്‍ മുങ്ങിയതിനു പ്രധാന കാരണമെന്ന് മുന്‍ ജലവിഭവ മന്ത്രിമാര്‍ ആരോപിച്ചു. മുന്‍ മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി ജെ ജോസഫ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ആഗസ്ത് 9നു തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പിന്നെ എന്തിന് ഡാമുകള്‍ തുറക്കാന്‍ ആഗസ്ത് 14 വരെ കാത്തിരുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ചോദിച്ചു. 700 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിട്ടെന്ന് ജലവിഭവമന്ത്രി സമ്മതിച്ചിട്ടുണ്ട്. അതു തന്നെയാണ് പ്രളയത്തിനു കാരണം. അതിതീവ്രമഴ പ്രവചിച്ചു എന്ന സാങ്കേതിക ന്യായത്തില്‍ പിടിച്ചുതൂങ്ങാ ന്‍ കഴിയില്ല. ശക്തമായ മഴയുണ്ടാവുമെന്ന പ്രവചനം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഇതിനു തെളിവാണ്. കെഎസ്ഇബിയുടെയും ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിന്റെയും മാത്രമല്ല, ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും പൂര്‍ണ പരാജയമാണു സംഭവിച്ചത്. ആഗസ്ത് 14ന് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ പമ്പയോ പത്തനംതിട്ട ജില്ലയോ ഉള്‍പ്പെട്ടില്ല. അന്നു രാത്രി കനത്ത മഴ പെയ്തതോടെ പമ്പ, കക്കി, അട്ടത്തോട് ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിടേണ്ടിവന്നു. വെള്ളം തുറന്നുവിടുന്നത് നാലുദശലക്ഷം ഘനമീറ്ററില്‍ നിന്ന് 86 ദശലക്ഷം ഘനമീറ്ററായി വര്‍ധിപ്പിച്ചപ്പോള്‍ ആരെയും അറിയിച്ചില്ല. ഇതോടെ പമ്പാനദിയില്‍ 40 അടി വരെ ജലനിരപ്പ് ഉയര്‍ന്നതാണ് ചെങ്ങന്നൂരിനെയും റാന്നിയെയും പ്രളയത്തില്‍ മുക്കിയത്. മുന്‍കരുതലെടുക്കാതെയാണ് ഡാമുകള്‍ തുറന്നുവിട്ടത്. കേന്ദ്ര ജലകമ്മീഷന്റെ പ്രളയമുന്നറിയിപ്പ് പദ്ധതിയില്‍ കേരളം ഭാഗമായില്ല. 2017ലെ സിഎജി റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടും ജലവിഭവ വകുപ്പ് എമര്‍ജന്‍സി ആക്്ഷന്‍ പ്ലാന്‍ തയ്യാറാക്കിയില്ല. അതേസമയം, ജൂലൈ അവസാനം കനത്ത മഴ പെയ്തതോടെ കൊല്ലം ജില്ലയിലെ തെന്മലയിലുള്ള കല്ലട ഡാമിലെ വെള്ളം തുറന്നുവിട്ട് അധികൃതര്‍ ജലനിരപ്പ് നിയന്ത്രിച്ചു. ഈ രീതി എന്തുകൊണ്ട് മറ്റ് ഡാമുകളില്‍ ചെയ്തില്ലെന്നും എംപി ചോദിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഭയക്കുന്നതെന്തിനാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. മന്ത്രിമാര്‍ക്കെതിരേ പരാമര്‍ശമുണ്ടായാല്‍ രാജിവയ്‌ക്കേണ്ടിവരും. മിനിസ്റ്റീരിയല്‍ എന്‍ക്വയറി പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മുല്ലപ്പെരിയാറിലെ വെള്ളം പ്രളയാഘാതം വര്‍ധിപ്പിച്ചെന്ന നിലപാട് സര്‍ക്കാരിനെ തിരിഞ്ഞുകുത്തും. ഡാമുകളിലെ സ്ലൂയിസ് വാല്‍വ് തുറന്ന് ചളി പുറന്തള്ളിയതിന് ഉത്തരവാദി ആരാണ്? ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് വിളിക്കാതെ വീഴ്ചവരുത്തിയതിനും ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. ദുരഭിമാനം വെടിഞ്ഞ് എവിടെയൊക്കെയാണു വീഴ്ച സംഭവിച്ചതെന്ന് സര്‍ക്കാര്‍ കണ്ടെത്തണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. തോട്ടപ്പള്ളി സ്പില്‍വേ നേരത്തേ തുറന്നില്ല. സ്പില്‍വേയിലെയും തണ്ണീര്‍മുക്കം ബണ്ടിലെയും മണ്ണ് നീക്കിയില്ല. വീയപുരം മുതല്‍ സ്പില്‍വേ വരെയുള്ള കനാലിന്റെ വീതി കൂട്ടി ഇനിയൊരു ദുരന്തം ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss