|    Oct 19 Fri, 2018 12:08 pm
FLASH NEWS

അണക്കെട്ടുകളുടെ നവീകരണവും മണല്‍വാരലിന്റെ കണക്കെടുപ്പും

Published : 3rd February 2018 | Posted By: kasim kzm

പത്തനംതിട്ട: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ ജില്ലയ്ക്ക് ആശ്വാസിക്കാന്‍ നാല് അണക്കെട്ടുകളുള്ള ജില്ലയില്‍ അവയുടെ നവീകരണം.  ഡാമില്‍ നിന്നും  മണല്‍ വാരുന്നതിന് കണക്ക് എടുക്കുന്നുണ്ടെന്ന് പറഞ്ഞതോടെ നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയും ബജറ്റ് നല്‍കുന്നു. 50 വര്‍ഷം പിന്നിട്ട ശബരിഗിരി പദ്ധതിയുടെ കക്കി, ആനത്തോട്, പമ്പ, ഗവി അണക്കെട്ടിലും മറ്റും വന്‍തോതില്‍ മണല്‍ ശേഖരം ഉണ്ടാവും. പമ്പ ചെറുകിട ജലസേചന പദ്ധതിയുടെ മണിയാര്‍ ഡാമില്‍ നിന്നും മുമ്പ് സമാനമായ രീതിയില്‍ മണല്‍ വാരിയിരുന്നു. 28 കോടി രൂപ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നാണ് ജില്ലയെ പരാമര്‍ശിക്കുന്ന മറ്റൊരു പ്രഖ്യാപനം.  തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കി വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്. ശബരിമലയിലും മെഡിക്കല്‍ കോളജുകളിലും വെള്ളം എത്തിക്കുന്നതിന് 80 കോടി രൂപ ബജറ്റ് നീക്കിവെക്കുന്നു. നിലച്ച് പോയ പമ്പാ ആക്ഷന്‍ പ്ലാന്‍ പുനരുജ്ജീവിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു.പത്തനംതിട്ട കേന്ദ്രീകരിച്ചാണ് പമ്പാ ആക്്ഷന്‍ പ്ലാനിന്റെ പ്രവര്‍ത്തനം.സമഗ്രപരിപാടി ആവിഷ്‌കരിക്കുന്നതിന് ടാസ്‌ക് ഫോഴ്‌സിനെ ഇതിനായി നിയോഗിക്കും.കുട്ടനാട് കായല്‍ പരിസ്ഥിതി പുനസ്ഥാപന പദ്ധതി അപ്പര്‍ കുട്ടനാടിനും ഗുണം ചെയ്യും.വള്ളംകളിക്ക് 16 കോടി അനുവദിച്ചത് ആറന്‍മുളക്ക് ഗുണമാവും. റബര്‍ ഉല്‍പ്പന്ന നിര്‍മ്മാണത്തിന് നെടുമ്പാശേരി വിമാനത്താവളം ‘സിയാല്‍’ മാതൃകയില്‍ ഒരു കമ്പനി വരും. ഇത് റബര്‍ കര്‍ഷകരെ സംബന്ധിച്ച് ആശ്വാസത്തിന് ഇടനല്‍കുന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ പലപ്രാവശ്യം പ്രഖ്യാപിച്ചതാണ് റാന്നിയില്‍ റബര്‍ പാര്‍ക്ക്. മൂലധനം സ്വകാര്യവ്യക്തികളില്‍ നിന്നും സമാഹരിച്ചാണ് ലക്ഷ്യം സാധിക്കുക. പത്തനംതിട്ടയില്‍ റബര്‍ പാര്‍ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. വരട്ടാറില്‍ വഞ്ചിപ്പോട്ടില്‍ കടവില്‍ പുതിയ പാലം പണിയുന്നതിന് സംസ്ഥാന ബജറ്റ് അംഗീകാരം നല്‍കി. അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എആയിരുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ മുന്‍കൈ എടുത്ത് പഴയ ചപ്പാത്ത് പൊളിച്ചതോടെയാണ് ആദിപമ്പ വീണ്ടും നന്നായി ഒഴുകിത്തുടങ്ങിയതെന്ന് ബജറ്റില്‍ ഡോ.തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിനിടയില്‍ ഓര്‍മ്മിക്കുന്നു. പുതിയ പാലത്തിന് രാമചന്ദ്രന്‍ നായരുടെ പേര് നല്‍കും. വരട്ടാറിന് കുറുകെ  തൃക്കയില്‍ കടവ്, ആനയാര്‍,പുതുക്കുളങ്ങര എന്നിവിടങ്ങളില്‍ പുതിയ പാലം പണിയും. ഇതിനായി 20 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചത്. വരട്ടാര്‍ നവീകരണത്തിന് തുടക്കമിട്ടപ്പോള്‍ മന്ത്രി തോമസ് ഐസക്ക് നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റുന്നത്.വരട്ടാര്‍ തീരത്ത് നടപ്പാത ഒരുക്കും. വിശദ നീര്‍ത്തട പദ്ധതി തയ്യാറാക്കി നബാര്‍ഡിന് നല്‍കിയതായി മന്ത്രി ബജറ്റില്‍ പറയുന്നു. പള്ളിക്കലാര്‍,കോലറയാര്‍,കുട്ടംപേരൂരാര്‍ തുടങ്ങിയ ആറുകളുടെ നവീകരണത്തിന് മൈനര്‍ ഇറിഗേഷന് 20 കോടി രൂപ അനുവദിച്ചു. നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറായാല്‍ മുന്‍ഗണന നല്‍കാം എന്ന് നബാര്‍ഡ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ബജറ്റില്‍ വ്യക്തമാക്കി. ഇപ്പോഴും തര്‍ക്കത്തില്‍ നില്‍ക്കുന്ന കൊച്ചി-ഇടമണ്‍ വൈദ്യുതി ലൈന്‍ 2019ല്‍ പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റ് പറയുന്നത്. ഭൂമിയുടെ വില നിശ്ചയിച്ച് വിജ്ഞാപനം വന്നിട്ടും ഇനിയും തര്‍ക്കം തീര്‍ന്നിട്ടില്ല. പത്തനംതിട്ട,കോട്ടയം ജില്ലകളിലെ റബര്‍ കൃഷിക്കാരും വീട്ടുകാരും ഇനിയും സമ്മതം പറഞ്ഞിട്ടില്ല. സര്‍വ്വേ നടപടികള്‍ പലയിടത്തും തടസപ്പെടുത്തി. കൂടംകുളം വൈദ്യുതി കൊച്ചിയില്‍ എത്തിക്കാനുള്ള ലൈനാണിത്. ഏരുമേലി വിമാനത്താവളംഎരുമേലി എന്ന് പേര് പറഞ്ഞില്ലങ്കിലും വിമാനത്താവളങ്ങള്‍ക്കുള്ള സ്ഥലമെടുപ്പ് 2019 ല്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പറയുന്നു. എംജി സര്‍വ്വകലാശാലയുടെ കീഴിലുള്ള സ്വാശ്രയകോഴ്‌സുകള്‍ നടത്തുന്നതിനുള്ള സംഘത്തിന് ഒരു കോടി രൂപ അനുവദിച്ചു. ഇലന്തൂര്‍ കോളജ്, ചുട്ടിപ്പാറ ടെക്‌നോളജി കോളജ് എന്നിവ ഇതിന് കീഴിലാണ്. ഈ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാണ് പ്രഖ്യാപനം. ജില്ലയിലെ പോളികള്‍ക്കും മെറ്റീരിയല്‍ ടെസ്റ്റിങ് സര്‍ട്ടിഫിക്കേഷന്‍ കേന്ദ്രം തുടങ്ങും. റാന്നിയില്‍ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി  സര്‍ക്കാര്‍ ആശുപത്രിയോട് ചേര്‍ന്ന് ഡി അഡിക്ഷന്‍ കേന്ദ്രം തുറക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ഗുണം കിട്ടുന്നതാണ് നവീകരണ പദ്ധതി. ഇവിടെ ഹൃദയചികില്‍സാ കേന്ദ്രം തുറക്കും. കാത്ത് ലാബ്, ശസ്ത്രക്രിയാ വിഭാഗം എന്നിവ ഉണ്ടാകും. അത്യാഹിത മെഡിക്കല്‍ വിഭാഗം ശാക്തീകരിക്കുമെന്നും പറയുന്നു.കുടുംബശ്രീയുടെ ഓട്ടിസം പാര്‍ക്ക്, ബഡ്‌സ് സ്‌കൂള്‍ എന്നിവ എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചു.  ഇതിന് സര്‍ക്കാര്‍ സഹായവും ഉണ്ടാകും. കുടുംബശ്രീയുടെ സംരംഭങ്ങള്‍ക്കുംകോഴിയിറച്ചി യൂനിറ്റിനും ഫാമിനും സഹായം പ്രഖ്യാപിച്ചു. ഇത് ജില്ലയ്ക്ക് നേട്ടമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss