|    Mar 20 Tue, 2018 7:44 am
FLASH NEWS
Home   >  Top Stories   >  

അഡ്വക്കേറ്റ് ജനറിലിനു പുറമേ എന്തിനാണൊരു ഉപദേശി?

Published : 16th July 2016 | Posted By: Imthihan Abdulla

IMTHIHAN-SLUGസംസ്ഥാന സര്‍ക്കാരിന് ആവശ്യമായ ഓരോ വിഷയങ്ങളിലും കൃത്യമായ നിയമോപദേശം നല്‍കുന്നതിന് അഡ്വക്കേറ്റ് ജനറല്‍ എന്ന സ്ഥാനപ്പേരില്‍ ഒരു നിയമവിശാരദനെ കാലാകാലങ്ങളില്‍ നിയമിച്ചുപോരുന്നുണ്ട്. ആ മാന്യദേഹത്തിന് ശബളവും മറ്റു ആനുകൂല്യങ്ങളുമായി മോശമല്ലാത്ത ഒരു തുക സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കിപ്പോരുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. ആ അര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികമായ എല്ലാ കാര്യങ്ങളിലും നിയമോപദേശം നല്‍കാന്‍ അഡ്വക്കേറ്റ് ജനറല്‍ ബാധ്യസ്ഥനാണ്. ആജ്ഞാശക്തി വേണ്ടുവോളമുളള പിണറായിവിജയനാകട്ടെ ഓരോരുത്തരെക്കൊണ്ടും തങ്ങളുടെ ചുമതലകള്‍ നിര്‍വഹിപ്പിക്കാനുളള ശേഷിയുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ മുഖ്യമന്ത്രി നിയമോപദേശം ലഭിക്കാന്‍ എന്തിനാണ് വഴിലൂടെ പോകുന്നവരുടെ സഹായം തേടുന്നത്. ഒരു നിയമജ്ഞന് സര്‍ക്കാര്‍ ചെല്ലും ചെലവും കൊടുത്ത് ഉപദേശം ലഭിക്കാന്‍ സംവിധാനമുണ്ടാക്കിയിരിക്കെ മറ്റുവഴികള്‍ തേടുന്നത് ഔചിത്യമാണോ. എം കെ ദാമോദരന്‍ എന്ന മാന്യദേഹം മുഖ്യമന്ത്രിക്ക് നിയമോപദേശം നല്‍കുന്ന ഏര്‍പ്പാട് തീര്‍ത്തും സൗജന്യമാണ് എന്നതാണ് ഇതിന് പറയുന്ന മറുപടി. Pinarayi-Vijayanമുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്നത് വളരെ ഗ്ലോളിഫൈഡ് ആയ ഒരു സ്ഥാനമാണ്. പ്രസിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ പദവിയാണ് അതെന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ തന്നെ വ്യക്തമാക്കുന്നു. ആ സ്ഥാനത്ത് അവരോധിതനാകുന്ന വ്യക്തി തന്റെ സേവനത്തിന് ഫീസായി പ്രതിഫലം പറ്റുന്നുണ്ടോ ഇല്ലേ എന്നത് തികച്ചും അപ്രധാനമാണ്. കാരണം ആ പദവി അനന്തസാധ്യതകളുളളതാണ്. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ഉന്നത തലത്തില്‍ ബന്ധം പുലര്‍ത്തുന്ന ഒരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഡിജിപി മുതല്‍ സദാ പോലീസുകാരന്‍ വരെയും ചീഫ് സെക്രട്ടറി മുതല്‍ വില്ലേജ് ഓഫീസര്‍ വരെയും ധൈര്യം കാണിക്കില്ലെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണ്.

മാത്രമല്ല നിയപോദേശം നല്‍കുന്ന വ്യക്തിയുടെ നിക്ഷിപത താല്‍പര്യങ്ങള്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളെ സ്വാധീനിക്കാനുളള സാധ്യതയും തളളിക്കളഞ്ഞു കൂടാ. പ്രത്യേകിച്ചും സര്‍ക്കാര്‍ താല്‍പര്യങ്ങളും വക്കീലിന്റെ കക്ഷികളുടെ താല്‍പര്യങ്ങളും നേര്‍ക്കുനേരെ ഏറ്റുമുട്ടുന്ന സന്ദര്‍ഭങ്ങളില്‍. നന്നെ ചുരുങ്ങിയത് സര്‍ക്കാര്‍ വാദങ്ങളുടെ ദൗര്‍ബല്യവും പഴുതുകളും മനസ്സിലാക്കാനും ഈ ഉപദേശബന്ധം ഉപകരിക്കും. adv-mk-damodaranസര്‍ക്കാര്‍ തലവനായ മുഖ്യമന്ത്രിയുടെ നിയമോപദേഷ്്ടാവ് ഒരിക്കലും ഭരണഘടനബാധ്യതകളാലോ സര്‍വ്വീസ് ചട്ടങ്ങളാലോ നിയന്ത്രിക്കപ്പെടാത്ത അവസ്ഥ ഒരിക്കലും ന്യായീകരിക്കപ്പെടാവതല്ല. അതുകൊണ്ട് അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പേ സര്‍ക്കാരിനെ നിഗൂഢതയുടെ ഇരുട്ടില്‍ നിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക അവസരം നല്‍കാതിരിക്കാന്‍ ഒന്നുകില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ സേവനം ഉപയോഗപ്പെടുത്തുക. ഇനി അദ്ദേഹത്തിന്റെ നിയമപരിജ്ഞാനത്തെക്കുറിച്ചോ പ്രതിബദ്ധതയെക്കുറിച്ചോ സര്‍ക്കാരിനു വല്ല ആശങ്കയും ഉണ്ടെങ്കില്‍ ആ സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിക്കുക. അദ്ദേഹത്തിന് തന്റെ സ്ഥാനത്തോടു മാത്രമേ പ്രതിബദ്ധതയുളളൂ എന്നുറപ്പു വരുത്തുകയും ചെയ്യുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss