|    Nov 20 Mon, 2017 9:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഡ്മിറ്റ് ചെയ്യാതിരുന്നത് വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ : മെഡിക്കല്‍ കോളജ് അധികൃതര്‍

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശി മുരുകനെ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മറ്റാശുപത്രിയിലേക്ക് കൊണ്ടു പോയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂട്ടിരിപ്പുകാരില്ലാത്തതിനാലാണ് മുരുകന് ചികില്‍സ നിഷേധിച്ചതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.ന്യൂറോ സര്‍ജന്‍ ഇല്ലെന്ന് റഫര്‍ ചെയ്താണ് കൊല്ലം മെഡിട്രീന ആശുപത്രിയില്‍ നിന്നും മുരുകനെ രാത്രി ഒരു മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ അത്യാഹിത വിഭാഗത്തിലെ സര്‍ജറി ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ ആംബുലന്‍സിലെത്തി പരിശോധിച്ചു. മുരുകന്‍ അതീവ ഗുരുതരാവസ്ഥയില്‍ കോമാ സ്‌റ്റേജിലാണെന്ന് ഡോക്ടര്‍ കണ്ടെത്തി. ഈയൊരവസ്ഥയില്‍ രോഗിക്ക് വെന്റിലേറ്റര്‍ സൗകര്യം അത്യാവശ്യമായതിനാല്‍ മെഡിക്കല്‍ കോളജിലെ എല്ലാ ഐസിയുകളിലും വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചു. എന്നാല്‍, ഇവിടെയുള്ള എല്ലാ വെന്റിലേറ്ററുകളിലും ഗുരുതരാവസ്ഥയിലുള്ള രോഗികളായിരുന്നു കിടന്നിരുന്നത്. അവരെ മാറ്റിയാല്‍ അവരുടെ ജീവന് ഭീഷണിയാവും.തുടര്‍ന്ന് മുരുകനെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത് ആംബു ബാഗുപയോഗിച്ച് ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള സാധ്യത ഡോക്ടര്‍മാര്‍ ആരാഞ്ഞു. എങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലുള്ള രോഗിയെ മാറ്റിയാലുള്ള അവസ്ഥ മുരുകനെ കൊണ്ടുവന്നവരോട് ഡോക്ടര്‍ വിവരിച്ചു. ഇക്കാര്യം ബോധ്യമായ അവര്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രി തേടിപ്പോവുകയായിരുന്നു. മെഡിക്കല്‍ കോളജിലെത്തിയ രോഗിയെ പരിശോധിക്കാനും വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാക്കാനുമുള്ള കാലതാമസം മാത്രമേ എടുത്തിരുന്നുള്ളൂ. ഈ രോഗി ഇവിടെ നിന്നും ഒപി ടിക്കറ്റ് പോലും എടുത്തിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക